കഴിഞ്ഞ ദിവസം തൊടുപുഴയിലെ മുതിര്‍ന്ന സ്വയംസേവകന് ശങ്കര്‍ജി അന്തരിച്ച വിവരം അറിഞ്ഞയുടന്‍ ഭാവനാ സമ്പന്നനും വ്യവസായാത്മിക ബുദ്ധിയും ഉദ്യമശീലനുമായിരുന്ന ആ വ്യക്തിയെക്കുറിച്ച് വളരെനേരം ഓര്‍ത്തിരുന്നുപോയി. അരനൂറ്റാണ്ടോളം നീണ്ട പരിചയമുണ്ടായിരുന്നു. ഏതാനും വര്‍ഷങ്ങളായി കരള്‍വീക്കവും അവിടത്തെ അര്‍ബുദബാധയും മൂലം ബുദ്ധിമുട്ടിലായിരുന്നു അദ്ദേഹം. രണ്ടാഴ്ചയോളം എളമക്കരയിലെ അമൃതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
ഏതാണ്ട് അതേസമയം തന്നെ പത്നിയുടെ ശസ്ത്രക്രിയക്കും റേഡിയേഷനും മറ്റുമായി ഞാനും അവിടെയുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ വെവ്വേറെ വിഭാഗങ്ങളിലായിരുന്നതിനാല് അതറിയാതെ പോയി. ശങ്കര്‍ജി അവിടെനിന്നും നാട്ടിലെത്തി അവിടെ സ്വകാര്യ ആശുപത്രിയില്‍ കഴിയവേയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അന്തരിച്ചത്. ബുധനാഴ്ച അമൃതയിലെ ചികിത്സകഴിഞ്ഞ് ഞങ്ങള്‍ കുടുംബസഹിതം മടങ്ങിയെത്തുന്ന വഴിക്ക് അദ്ദേഹത്തിന്റെ വസതിയില്‍ കയറി ബന്ധുമിത്രാദികളെക്കണ്ട് സംവേദന അറിയിച്ചുപോന്നു. അപ്പോള്‍ അദ്ദേഹവുമായുള്ള അടുപ്പത്തിന്റെ സ്മരണകള്‍ ഒന്നൊന്നായി വന്നുകൊണ്ടിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ കോഴിക്കോട് ബിജെപി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെട്ട സ്മൃതിസന്ധ്യയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിടെ ഞങ്ങള്‍ താമസിച്ച സഹോദരിയുടെ വീടിനടുത്തുതന്നെ ശങ്കര്‍ജിയുടെ ഭാര്യാസഹോദരി താമസിച്ച വീട്ടില്‍ അദ്ദേഹമുണ്ടായിരുന്നു. ഇടുക്കി ജില്ലാ കാര്യദര്‍ശി കെ.എസ്. അജിയും ഒരുമിച്ചു നേരത്തെ തന്നെ അവിടെയെത്തി, സന്ധ്യയ്ക്കും സമ്മേളനത്തിനുമെത്തിയവര്ക്കുള്ള സൗകര്യങ്ങളുടെ മുന്‍കൂര്‍ തയ്യാറെടുപ്പു നടത്തുകയായിരുന്നു. അവശനെങ്കിലും ശങ്കര്‍ജി ഉത്സാഹഭരിതനായിരുന്നു.
1960 കളുടെ അവസാനഘട്ടത്തില്‍ തൊടുപുഴയില്‍ ശാഖാപ്രവര്‍ത്തനം വളരെ ഉജ്ജ്വലമായി വന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ വീട് എറണാകുളം ജില്ലയിലാണെങ്കിലും തൊട്ടുവിളിപ്പാടകലെ ഇടുക്കി ജില്ല തുടങ്ങുന്നു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കൊഴികെ ആ കാപ്പ് ഗ്രാമക്കാര്‍ക്ക് മിക്ക കാര്യങ്ങള്‍ക്കും തൊടുപുഴയുമായി ബന്ധപ്പെടണം. മുന്‍പ് തൊടുപുഴ താലൂക്കിലായിരുന്നതിനാലും പട്ടണ സാമീപ്യംമൂലവും അവിടത്തെ സംഘശാഖകള്‍ക്ക് തൊടുപുഴയുമായായിരുന്നു ബന്ധം.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമായിരുന്നു അതിനെ മൂവാറ്റുപുഴയുമായി ബന്ധിപ്പിച്ചത്. ജനസംഘത്തിന്റെ സംഘടനാ കാര്യദര്ശിയായിരുന്നതിനാല് വല്ലപ്പോഴും നാട്ടില്‍ വരാറുണ്ടായിരുന്ന എനിക്ക് തയ്യല്‍ കടയില്‍ പോകാന്‍ അവസരമുണ്ടായി. അദ്ദേഹവും മറ്റു തയ്യല്‍ക്കാരും തങ്ങളുടെ പ്രവര്‍ത്തിയോടൊപ്പം ശാഖാ കാര്യങ്ങളും അവിടം കേന്ദ്രീകരിച്ചു ചര്‍ച്ച ചെയ്തുവന്നു. വല്ലപ്പോഴും ആ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയപ്പോള്‍, കണ്ണൂരില്‍ പ്രചാരകനായിരുന്ന 1955-65 കാലത്തെ ബീഡിത്തൊഴിലാളി സ്വയംസേവകരുടെയിടയില്‍ പങ്കെടുത്ത ഓര്‍മ്മകള്‍ ഉണര്‍ന്നുവന്നു. അവിടെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ അത്തരം ചര്‍ച്ചകളാണ് പ്രധാന പങ്കുവഹിച്ചത്. സംഘത്തിന്റെ കാര്യത്തിലും അത് വാസ്തവമാണ്.
പിന്നീട് ശങ്കര്‍ജി ഗള്‍ഫില്‍ ജോലി ലഭിച്ചു വിമാനം കയറിയെന്ന വിവരം ലഭിച്ചു. അടിയന്തരാവസ്ഥ കഴിഞ്ഞു മാറിയ അന്തരീക്ഷത്തില്‍ അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെ ഏതാണ്ട് മറന്നപോലെയായി. ജന്മഭൂമിയുമായി കെട്ടിപ്പിണഞ്ഞു മറ്റൊരു പ്രവര്‍ത്തനത്തിനും അവസരം കിട്ടാതെ കഴിയുമ്പോള്‍ വല്ലപ്പോഴും അദ്ദേഹം നാട്ടിലെത്തിയ വിവരം ലഭിക്കാറുണ്ടായിരുന്നു. അദ്ദേഹത്തെ ഒരിക്കല്‍ കണ്ടത് ഗള്‍ഫില്‍നിന്ന് മടങ്ങി നാട്ടില്‍തന്നെ എന്തെങ്കിലും ബിസിനസ്സുമായി കഴിയാന്‍ ശ്രമിക്കുന്ന ആളായിട്ടായിരുന്നു. കുറേ തയ്യല്‍ മെഷീനുകളും തൊഴിലാളികളുമായി അദ്ദേഹം തൊടുപുഴയില്‍ കട ആരംഭിച്ചു. പക്ഷേ അത് അധികകാലം കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. അതിനുശേഷം തൊടുപുഴ ക്ഷേത്രത്തിനടുത്ത് ഹോട്ടല്‍ ആരംഭിച്ചു. ഇണങ്ങിപ്പോകാന്‍ കഴിയാത്ത പാചകക്കാരും സപ്ലയര്‍മാരും മറ്റുമായി അത് അധികം മുന്നോട്ടുപോയില്ല.
ആദ്ധ്യാത്മിക പുസ്തകങ്ങളുടെ വില്‍പ്പനയുമായി പിന്നത്തെ ഇന്നിംഗ്സ് കുറേ വര്‍ഷങ്ങള്‍ നീണ്ടു. അധ്യാത്മ ബുക്സ് എന്ന പേരില്‍ തൊടുപുഴയില്‍ ആരംഭിച്ച ആ സംരംഭം വര്‍ഷങ്ങളോളം നീണ്ടു. അത്തരം പുസ്തകങ്ങളുടെ പ്രസിദ്ധീകരണം നടക്കുന്ന എല്ലാ സ്ഥാപനങ്ങളുമായി അദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തി. ദേവസ്വം ബോര്‍ഡുകള്‍, ശ്രീരാമകൃഷ്ണ മഠം, ചിന്മയ മിഷന് തുടങ്ങിയ സ്ഥാപനങ്ങള്‍ക്കു പുറമെ കുരുക്ഷേത്ര, വിശ്വഹിന്ദു പരിഷത്ത്, വന്‍ പുസ്തക പ്രസിദ്ധീകരണ ശാലകള്‍, ഗീതാപ്രസ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളൊക്കെ അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ക്ക് സോഴ്സുകളാക്കപ്പെട്ടു. പ്രധാനപ്പെട്ട ഉത്സവകേന്ദ്രങ്ങള്, ആദ്ധ്യാത്മിക സമ്മേളനങ്ങള്‍, ചെറുകോല്‍പ്പുഴ, ആറന്മുല, ആറ്റുകാല്‍, തൃപ്പൂണിത്തുറ, കൊട്ടിയൂര്‍ തുടങ്ങിയ അനവധി സ്ഥലങ്ങളില്‍ തന്റെ സന്ദേശവുമായി അദ്ദേഹം പോയിരുന്നു.
അനുഭവത്തില്‍ നിന്നും അദ്ദേഹം കണ്ടെത്തിയ ഒരു കാര്യം ഹിന്ദു ആത്മീയ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിലും വില്‍പ്പനയിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ ഹിന്ദുസ്ഥാപനങ്ങളെക്കാള് എത്രയോ മികച്ചവയും വാണിജ്യ സൗഹൃദം പുലര്ത്തുന്നവയുമാണത്രെ. പുരാണിക് എന്സൈക്ലോപീഡിയപോലെ സമഗ്രമായ ഒരു പുസ്തകം മിനക്കെട്ട് തയ്യാറാക്കിയതും വിജയകരമായി വില്‍പ്പന നടത്തുന്നതും ക്രിസ്ത്യാനികളാണ് എന്നദ്ദേഹം കണ്ടെത്തി. കുന്നംകുളത്തും തിരുവല്ലയിലും മറ്റുമുള്ള പ്രസിദ്ധീകരണശാലകളില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും അദ്ദേഹത്തെ അമ്പരപ്പിച്ചുവത്രെ.
വര്‍ഷങ്ങളോളം കുരുക്ഷേത്രയുമായി അദ്ദേഹം സഹകരിച്ച് അവരുടെ പുസ്തകങ്ങള്‍ വില്‍പ്പന നടത്തി വന്നു. ലോക്കറ്റുകള്‍, മോതിരങ്ങള്‍, ചെയിനുകള്‍ മുതലായവ നൂതനമായി രൂപഭംഗിയോടെ തയ്യാറാക്കിവച്ച് ഉത്സവസ്ഥലങ്ങളില്‍ വില്‍പ്പന നടത്തിവന്നു. ആരോഗ്യം ക്ഷയിച്ചുവന്നപ്പോള് ഊര്‍ജ്ജസ്വലമായ പുസ്തകവില്പ്പന കുറച്ചുകൊണ്ടുവന്നു. ഏതാണ്ട് അവസാനിപ്പിച്ചതായി മനസ്സിലാക്കുന്നു. നാട്ടില്‍ തന്നെ അദ്വൈത് എന്ന കട നടത്തിവന്നു.
ബിജെപിയുടെയും സംഘത്തിന്റേയും പ്രവര്‍ത്തനത്തില്‍ ശങ്കര്‍ജി മുന്‍നിരക്കാരനായിരുന്നു. തൊടുപുഴയുമായി ബന്ധപ്പെട്ടാണ് ആദ്യം പ്രവര്‍ത്തിച്ചതെങ്കിലും മൂവാറ്റുപുഴ മണ്ഡലത്തില്‍ അതു തീരെ ദുര്‍ബലമായ അവസരത്തില്‍ താന്‍ തന്നെ മുന്‍കൈയെടുത്ത് മണ്ഡലസമിതി പുനസ്സംഘടിപ്പിച്ച അവസരമുണ്ടായി. സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഏതു കാര്യത്തിലും മടി കൂടാതെ ഉത്സാഹപൂര്‍വം മുന്നിട്ടിറങ്ങി വന്ന ശങ്കര്‍ജി അവിസ്മരണീയ വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവ് നികത്തപ്പെടാന്‍ പ്രയാസം തന്നെയാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: