മഹാകവികള്‍, പണ്ഡിതന്മാര്, അഭിനേതാക്കള്‍, ഭാഗവതന്മാര്‍ തുടങ്ങി പ്രശസ്തര്‍ പിറന്ന വെണ്മണി മനയിലെ അത്ഭുതപ്രതിഭയാണ് വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാട് എന്ന ഭാഗവതപണ്ഡിതന്. വേദവ്യാസന് രചിച്ച ശ്രീമദ് ഭാഗവതത്തെ കോടിക്കണക്കിന് മനുഷ്യജീവനുകളെ കേള്‍പ്പിച്ച അപൂര്‍വ്വ ജന്മം. സര്‍വര്‍ക്കും മനസ്സിലാകുന്ന വിധത്തില്‍ ലളിതമായി പറഞ്ഞ് സജ്ജനങ്ങളെ ഭാഗവതത്തിലേക്കടുപ്പിച്ച മഹായോഗി. മഹാമുനി രചിച്ച ഈ മഹാകാവ്യത്തെ സംഗീതരസത്തിലൂടെ പകര്‍ന്നു നല്കിയ പുണ്യം മാത്രം മതി ഈ ഭാഗവതോത്തമന്റെ കീര്‍ത്തി കവിഞ്ഞൊഴുകാന്‍.
കോടി സൂര്യചന്ദ്രന്മാര് ഉദിച്ച പ്രതീതിയാണ് വെണ്മണിയുടെ പ്രഭാഷണമണ്ഡലം തെളിയിക്കുന്നത്. രാധ എന്ന പത്നിയുമായി ഒട്ടേറെ ഭാഗവത സപ്താഹവേദികളിലും ഇരുവരും നിറഞ്ഞുനില്‍ക്കുകയാണ്. ആയൂര്‍വേദ ഡോക്ടറായ ശാരിക എന്ന മകളും നന്നായി ഭാഗവതം വായിക്കും. ലോകമെങ്ങും നിറഞ്ഞുനില്ക്കുന്ന ഈ പുണ്യാത്മാവിന്റെ 70-ാം പിറന്നാളാണിന്ന്.
ശ്രീമദ് ഭാഗവതം സാധാരണക്കാരന്റെ മനസ്സിലേക്ക് ആഴത്തില്‍ ഇറങ്ങുംവിധമാണ് വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ അവതരണം. ബാല്യകാലത്ത് അച്ഛന് വെണ്മണി പരമേശ്വരന് എന്ന കുട്ടന് നമ്പൂതിരിക്കൊപ്പം ചേര്‍ന്നിരുന്ന് വായിച്ചുവളര്‍ന്ന പാരമ്പര്യമാണ് വെണ്മണിക്കുള്ളത്.
വെണ്മണി മന എറണാകുളം ജില്ലയിലെ ശ്രീമൂലനഗരത്താണ്. തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ ഊരാണ്മഗൃഹമാണ് വെണ്മണി. തിരുവൈരാണിക്കുളം ക്ഷേത്രത്തില്‍ നടതുറപ്പുകാലത്ത് കുട്ടന് നമ്പൂതിരിപ്പാട് ഭാഗവതം വായിച്ചിരുന്നു. ഏഴു പതിറ്റാണ്ട് മുമ്പ് നടന്നിരുന്ന സപ്താഹം ഇന്നുമുണ്ട്. നടതുറപ്പുകാലത്ത് തിരക്കേറി വന്നതിനാല്‍ കുംഭമാസത്തിലെ ഉത്സവകാലത്തേക്ക് സപ്താഹം മാറ്റി എന്നുമാത്രം.
അക്ഷരം തിരിച്ചറിയും മുമ്പേതന്നെ അച്ഛനൊപ്പം ചേര്‍ന്നിരുന്ന് സംസ്കൃത ലിപിയിലെ ഭാഗവതത്തിലെ വരിയില്‍ വിരല്‍ ചേര്‍ത്ത് വായിച്ചുതുടങ്ങി. ക്രമേണ വായനയിലേക്ക് മനസ്സ് തിരിഞ്ഞു. 14-ാം വയസ്സിലാണ് സ്കൂളില്‍ ചേരുന്നത്. അക്കാലംവരെ വായനയുടെ ലോകത്തായിരുന്നു. പഠനരംഗത്ത് ശ്രദ്ധവച്ചതോടെ വായനയില്‍ ചേരുന്നതിന് പരിധി വന്നു. വെക്കേഷനിലും മറ്റുമായി വായന.
കൃഷ്ണന് നമ്പൂതിരിപ്പാടിന്റെ അമ്മ വഴിക്കുള്ള ബന്ധുവായിരുന്നു ആര്യമ്പിളളി മനയിലെ അന്തര്‍ജനം. 16-ാമത്തെ വയസ്സില്‍ പടിഞ്ഞാറേടത്ത് മനയില്‍നിന്നും വിവാഹം ചെയ്തുവന്നതായിരുന്നു അവര്‍. അധികം വൈകാതെ വിധവയുമായി. ആ അന്തര്‍ജനം വഴിയാണ് ഭാഗവത സംസ്കാരം ആര്യമ്പിള്ളി മനയിലും വെണ്മണി മനയിലും വളര്‍ന്നത്. അവരുടെ താല്പര്യപ്രകാരമാണ് 1952 ല്‍ കിടങ്ങൂര്‍ ക്ഷേത്രത്തില്‍ സപ്താഹം നടന്നത്. ആഞ്ഞം മാധവന് നമ്പൂതിരിയായിരുന്നു ആചാര്യന്. ആര്‍ഭാടമായി നടന്ന ആ വായന വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാടിന്റെയും മനസ്സ് കുലുക്കി.
കാലടിയില്‍ ആഗമാനന്ദസ്വാമി നിറഞ്ഞുനിന്ന കാലഘട്ടത്തില്‍ ശൃംഗേരി ശങ്കരാചാര്യസ്വാമികള്‍ കാലടിയിലെത്തി. വെണ്മണി നമ്പൂതിരിയേയും ആറു വയസുള്ള മകനെയും ആചാര്യര്‍ക്കു പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ മടിയിലിരുന്ന് ഭാഗവതം വായിച്ച കൃഷ്ണന് എന്ന ഉണ്ണിയെ അനുഗ്രഹിച്ചു. ആ കാലത്തുതന്നെ ഗുരുവായൂരില്‍ അച്ഛനൊപ്പം വായിക്കുന്ന കാലത്ത്, അവിടെയുണ്ടായിരുന്ന തമ്പുരാന് ‘അച്ഛന് വ്യാസന്, മകന് ശുകന്’ എന്ന് അഭിനന്ദിച്ചു. ഇരുവര്‍ക്കും ഭാഗവതം സമ്മാനിച്ചു. ജീവിതത്തിലെ ആദ്യ സമ്മാനം. ചെറിയ പുസ്തകമായാണ് കൃഷ്ണന് കിട്ടിയത്. ചെറിയ ലിപിയിലുള്ള ആ പുസ്തകമാണ് കണ്ണട വയ്ക്കുംവരെ ഉപയോഗിച്ചിരുന്നത്. ഉറുമ്പിന്റെ വലുപ്പമുള്ള അക്ഷരം നോക്കിവായിക്കുന്നതുകണ്ട് പലരും പറയാന്‍ തുടങ്ങി കൃഷ്ണന് വായിക്കാന്‍ പുസ്തകം വേണ്ട എന്ന്.
അമ്മയ്ക്ക് സംസ്കൃതവും മലയാളവും വായിക്കാന്‍ കഷ്ടിയാണ്. അവരും കേട്ട് പരിചയിച്ച് ഭാഗവതത്തെ സ്നേഹിച്ചു; വായിച്ചിരുന്നു. തോട്ടം കൃഷ്ണന് നമ്പൂതിരി, തട്ടയൂര്‍ ഉണ്ണിനമ്പൂതിരിപ്പാട് എന്നിവര്‍ക്കൊപ്പമാണ് ഭാഗവതസപ്താഹരംഗത്ത് എത്തിച്ചേര്‍ന്നത്. ഇന്നിതാ ആയിരത്തഞ്ഞൂറില്‍പ്പരം സപ്താഹവേദികളെ വെണ്മണി ധന്യമാക്കി. ഭാരതത്തിനകത്ത് മാത്രം വിവിധ പ്രദേശങ്ങളിലായി വായനക്ക് ധാരാളം വേദികള്‍ ലഭിച്ചിട്ടുണ്ട്. ആലുവ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മുടക്കമില്ലാതെ 40 വായന പിന്നിട്ടുകഴിഞ്ഞു. അഷ്ടമിരോഹിണിക്ക് സമാപിക്കുംവിധമാണ് അവിടുത്തെ വായന. പിന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലാവും കൂടുതല്‍ തവണ വായിച്ചത്.
ഭാഗവതത്തെ സംഗീതവല്ക്കരിക്കാന് കഥകളിക്കമ്പക്കാരനായ വെണ്മണിക്ക് കഴിഞ്ഞു. യൂണിവേഴ്സിറ്റി കോളേജില്‍ തിരുവനന്തപുരത്ത് താമസിച്ചു പഠിക്കുന്ന കാലത്ത് അഭേദാനന്ദാശ്രമത്തില്‍ വായന പതിവായിരുന്നു. സംഗീതം വശമായിരുന്ന ഒരു തമിഴ് ബ്രാഹ്മണനായിരുന്നു അന്നു വായിച്ചിരുന്നത്. അദ്ദേഹത്തിന്റെ സംഗീതവഴികള്‍ നമ്പൂതിരിപ്പാടിനെ ഏറെ ആകര്‍ഷിച്ചു. കഥകളിയിലെ സാവേരി, തോടി, ശങ്കരാഭരണം, മോഹനം, അഠാണ, സുരുട്ടി, ഷണ്മുഖപ്രിയ എന്നിവയില്‍ ഭാഗവതപാരായണത്തിന് ശ്രമിച്ചു. അത് വലിയ വിജയവും കണ്ടു. കഥകളി ആചാര്യനായ പത്മനാഭന് നായരും മറ്റും അഭിനന്ദിച്ചു.
വെണ്മണി ഹരിദാസ് എന്ന പിതൃസഹോദരപുത്രന് കഥകളിഗായക നിരയില്‍ അറിയപ്പെട്ടിരുന്ന ആളായിരുന്നു. സമപ്രായക്കാരായ ഇരുവരും അതിപ്രശസ്തരായി. ഐതിഹ്യ പ്രസിദ്ധമായ വെണ്മണി യക്ഷിയുടെ അനുഗ്രഹത്താല്‍ ഒരു തലമുറയില്‍ രണ്ടുപേര്‍ കേമന്മാരാവും എന്ന് പറഞ്ഞുകേട്ടിരുന്നു. വെണ്മണി കവികളും മറ്റും ഈ അനുഗ്രഹത്താലാണ് കീര്‍ത്തി പരത്തിയത്.
അടുത്ത ബന്ധുവായ സഹോദരിയും ഒപ്പം പഠിച്ച ഒരു നമ്പൂതിരി യുവതിയും അകാലവിധവകളായി. ഇത് കൃഷ്ണനെ വേദനിപ്പിച്ചു. അക്കാലത്ത് വിധവകളായവര്‍ക്ക് രണ്ടാം വേളി നിഷിദ്ധമായിരുന്നു. വിധവാവിവാഹംകൊണ്ട് നമ്പൂതിരി സമുദായത്തെ പരിഷ്കരിച്ച യോഗക്ഷേമസഭ വിപ്ലവ പ്രസ്ഥാനമായിരുന്നു. എംആര്‍ബി, വിടി, പ്രേംജി എന്നിവര്‍ വിധവകളെ വിവാഹംചെയ്ത് ചരിത്രംകുറിച്ചവരായിരുന്നു. എങ്കിലും അതിന് വലിയ പ്രോത്സാഹനം ആരും നല്‍കിയിരുന്നില്ല. തന്റെ ചുറ്റും നിന്നിരുന്ന വിധവകളുടെ അനുഭവം കണ്ട് പഠിച്ച നമ്പൂതിരി തന്റെ ഗുരുനാഥന്റെ മകളായ രാധ എന്ന രണ്ട് കുട്ടികളുള്ള വിധവയെ വരിക്കുകയായിരുന്നു. ഹോമാചാരം കൂടാതെ മോതിരം മാറലും മാലയണിയിക്കലും നടത്തിയായിരുന്നു വിവാഹം. പ്രേംജി എന്ന കവിയും നടനുമായ സമുദായ പരിഷ്കര്‍ത്താവ് വിവാഹത്തില്‍ വന്ന് കൃഷ്ണനെ വേൡ ഓത്ത് ചൊല്ലി അനുഗ്രഹിച്ചു. കുടുംബക്കാര് തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച കാലത്ത് നിന്നും നമ്പൂതിരിപ്പാട് ഭാഗവതരംഗത്തെ അവതാരമായി മാറി.
ഓം ശാന്തി ശാന്തി ശാന്തി എന്ന ശാന്തിമന്ത്രം മുഴങ്ങിയിരുന്ന ഈ ഭാരതഭൂമി എന്നും സജ്ജനങ്ങളാല്‍ നിറഞ്ഞുനിന്നു. ലോകം നിറയെ സമാധാനഭംഗം ഉടലെടുക്കുമ്പോള്‍ ഇവിടെ യാതൊരു കുഴപ്പവുമില്ല. ആഭ്യന്തരമായി എന്നും സമാധാനമാണ്. ഈ കൊച്ചു കേരളത്തില്‍ ഓരോ ദിവസവും ആയിരത്തോളം വേദികളില്ഭാഗവതം തുടങ്ങിയ പുണ്യഗ്രന്ഥങ്ങള്‍ പാരായണം ചെയ്യുന്നുണ്ട്. കൊച്ചുകേരളത്തിലെ സ്ഥിതിയാണിത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നത് നമ്മുടെ ഹൃദയത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. മനുഷ്യമനസ്സിലേക്ക് ഭഗവല്‍ കഥകള്‍ ആഴ്ന്നിറങ്ങുന്ന വിധത്തില്‍ ്രപഭാഷണത്തിലൂടെ നമ്പൂതിരിപ്പാട് ജനങ്ങളെ പ്രബുദ്ധരാക്കുന്നു.
ക്ഷേത്രങ്ങളില്‍ ഒരാഴ്ച നീളുന്ന സപ്താഹത്തിനു പുറമെ പ്രഭാഷണങ്ങളുമായി നമ്മെ ഈശ്വരനിലേക്ക് അടുപ്പിക്കുവാന്‍ വെണ്മണിക്ക് കഴിയുന്നു. ഭൂമിയിലെ സര്‍വചരാചരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന നമ്മുടെ നിരവധി ആചാരങ്ങള്‍ മനുഷ്യമനസ്സിനെ ഉല്ബുദ്ധമാക്കുന്നു.
തൃക്കാരിയൂര്‍ ക്ഷേത്രം പുരാണപ്രസിദ്ധമാണ്. എറണാകുളം ജില്ലയുടെ കിഴക്ക് നിലകൊള്ളുന്ന ഈ പ്രദേശത്തെ മഹാക്ഷേത്രത്തില്‍ 1970-കളില്‍ നമ്പൂതിരിപ്പാടിന്റെ വായന. ആ സമയത്ത് അസുഖബാധിതനായി ആറുമാസമായി ഒരേയൊരു നില്പ്പു നിന്നിരുന്ന ക്ഷേത്രം വക ആന. രാവിലെ ഗജേന്ദ്രമോക്ഷം വായിക്കുന്നത് കേട്ടിരുന്നിട്ടുണ്ടാവാം.
വൈകിട്ട് അഞ്ചിന് കൃഷ്ണാവതാരം വായിക്കുന്നതിനിടെ ക്ഷേത്രത്തിനു പുറത്തെ ഇടവഴിയില്‍വച്ച് ചെരിയുകയായിരുന്നു. ക്ഷേത്രത്തിനു പുറത്ത് മാറ്റിത്തളയ്ക്കാന് കൊണ്ടുപോകുംവഴിയായിരുന്നു ആ ഗജേന്ദ്രന്റെ മോക്ഷം. ഈ ഒരു സംഭവം മാത്രമല്ല തൃശൂര്‍ നഗരത്തിലെ ഒരു ക്ഷേത്രത്തിലേയും, ഗുരുവായൂരിലെ കണ്ണന് എന്ന ആനയും വെണ്മണിയുടെ വായനയോടെ സ്വര്ലോകത്തെത്തിയ കഥയും ഭക്തര്‍ക്കറിയാം.
ഭഗവാന് വിവിധ ലീലകളുമായി കുട്ടിക്കാലം മുതല്‍ ഇദ്ദേഹത്തെ സ്വപ്നത്തില്‍ ഉണര്‍ത്തും. ഈശ്വരസാക്ഷാല്‍ക്കാരം സര്‍വചരാചരങ്ങളേയും ഉദ്ബോധിപ്പിക്കുന്ന മഹാജന്മമാണ്. ഒട്ടേറെ ശിഷ്യരെ ഈ രംഗത്തേക്ക് ആകര്‍ഷിച്ച ഭാഗവതപണ്ഡിതനാണ് വെണ്മണി കൃഷ്ണന് നമ്പൂതിരിപ്പാട്. കഥകളും ഉപകഥകളും കീര്‍ത്തനങ്ങളും കൊണ്ട് മനുഷ്യമനസ്സിനെ മഥിക്കുന്ന ശ്രീശുകന്റെ അവതാരംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: