നടന് ദിലീപിന്റെ അറസ്റ്റാണ് കേരളത്തിന്റെ നട്ടെല്ലായ വിഷയം എന്നപോലെയാണ് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. നിത്യേനെ ഇതുമായി ബന്ധപ്പെട്ടുവരുന്ന വാര്‍ത്തകളില്‍ പത്തുശതമാനം മാത്രമേ പുതിയതായിട്ടുള്ളൂ. ബാക്കി കഴിഞ്ഞ ദിനങ്ങളിലെ ആവര്‍ത്തനവുമാണ്. പതിനായിരങ്ങളുടെ ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നഴ്സുമാരുടെ സമരം മാധ്യമങ്ങള്‍ അത്രയ്ക്കൊന്നും കണ്ട ഭാവമേയില്ല. ചാനലുകളിലാണ് ദിലീപ് കൂടുതല്‍ ഉത്സവമാകുന്നത്.
ഇത്തരം പ്രമാദമായ കേസുകള്‍ ഉണ്ടാകുമ്പോള്‍ ജനം ചാനലുകളെയാണ് സ്വാഭാവികമായും ആശ്രയിക്കുന്നത്. അതനുസരിച്ച് ചാനലുകള്‍ സമൃദ്ധമായ വാര്‍ത്തകള്‍ തല്‍സമയമായും മറ്റും നല്‍കാറുണ്ട്. ഇക്കാര്യത്തില്‍ നമ്മുടെ ചാനലുകള്‍ പരിമിതികളുടെ ഉള്ളിലും ജാഗ്രതപുലര്‍ത്തുന്നുണ്ട്. എന്നാല്‍ സിനിമാവിഷയം സെന്സേഷനായതുകൊണ്ട് കുറച്ചു ദിവസത്തേക്കു ലൈവാക്കി പ്രേക്ഷകരെ കൂടുതല്‍ ചൂടാക്കി നിര്ത്താമെന്നായിരിക്കും ചാനലുകള്‍ വിചാരിക്കുക. അനുബന്ധമായി ഇനിയും വീണുകിട്ടാനിടയുള്ള കൗതുക വാര്‍ത്തകളുടെ സോപ്പുമണമുള്ള ചെപ്പേടുകള്ക്കായി അവര്‍ കാത്തിരിക്കുകകൂടിയാണ്. ചില ചാനല്‍ റിപ്പോര്‍ട്ടര്‍മാരുടേയും വാര്ത്താവായനക്കാരുടേയും ഭാവം കണ്ടാല്‍ അവര്‍ ദിലീപിന്റെ കാര്യത്തില്‍ മഹാത്ഭുതംപോലെ പുതിയതെന്തോ കണ്ടെത്തിയെന്നു തോന്നും. പ്രേക്ഷകരുടെ പക്ഷത്തു നിന്നുകൂടി നോക്കാതെ അവരുടെ നാലിലൊന്നു നിലവാരമില്ലാതെയാണ് ചാനലുകളുടെ ഇത്തരം വലിയ കണ്ടുപിടിത്തങ്ങള്‍! ഈ കണ്ടുപിടിത്തങ്ങളാകട്ടെ കൂടുതലും ആവര്‍ത്തന വിരസങ്ങളും. നന്മയുടെ മികവിനെക്കാള്‍ ക്രിമിനല്‍ ആരോപണങ്ങളുടെ പേരില്‍ ദിലീപിനെ ആവര്‍ത്തിച്ചു കാണിച്ച് സഹതാപതരംഗമുണ്ടാക്കി അയാളെ ഇതിഹാസമാക്കുകയാണോ ചാനലുകള്‍.
പോയി പോയി ദിലീപ് ഇനി വിശുദ്ധപാപിയാകുമോ എന്നാണു സംശയം. ചെറുപ്പത്തിന്റെ പക്വതയില്ലായ്മയില്‍ സിനിമാപോലുള്ള അതികൗതുകങ്ങളുടെ പിന്നാലെ പോകുന്നതിന്റെ മനോദൗര്‍ബല്യമാണ് ഈ ദിലീപ്ഫോബിയ. ചാനലുകാര് ആവര്‍ത്തിച്ചു വിസര്ജിക്കുന്നതുമാത്രം ഭുജിക്കാനുള്ളതാണ് പ്രേക്ഷകരെന്നുള്ള അബദ്ധധാരണയാണ് ഇതിനുപിന്നില്‍. ചാനലുകാരെക്കാള്‍ സിനിമാരംഗത്തെക്കുറിച്ചു ഇന്നു പൊതുജനത്തിനറിയാം.
ക്രിമിനലെന്നു ഇപ്പോള്‍ ആരോപണമുള്ള ദിലീപ് ഉള്‍പ്പെടുന്ന സിനിമാക്കാരെ വളര്‍ത്തുന്നത് ചാനലുകാര് കൂടിയുള്ള മാധ്യമങ്ങളാണ്. അവരില്ലെങ്കില്‍ ഇന്നു സിനിമാക്കാരില്ല. സ്വന്തം കഴിവുകൊണ്ടുമാത്രമാണ് താന്‍ വളര്‍ന്നുവന്നതെന്നു ഏതെങ്കിലുമൊരു സൂപ്പര്‍സ്റ്റാറിനു ഞെളിഞ്ഞുനിന്നു പറയാന്‍ കഴിയുമോ. അതാണു യാഥാര്ഥ്യമെന്നിരിക്കലും സിനിമാതാരങ്ങള്‍ തുപ്പുന്നതും ചീറ്റുന്നതുംവരെ പടമെടുത്തു വാര്‍ത്തയാക്കുന്ന ചാനലുകാരുടെ മനോനിലവാരം വളരെ ശുഷ്ക്കമാണെന്നു പറയാതിരിക്കാനാവില്ല.
വലുതായ ഉത്തരവാദിത്വങ്ങളാല്‍ സമര്‍പ്പിതമായ ഒരു മാധ്യമ അന്തസു നിറഞ്ഞ പ്രവര്‍ത്തനവും ജീവിതവും ചാനലുകാര്ക്കുണ്ടെന്നു വിശ്വസിക്കുന്നവര്‍ തന്നെയാണ് പൗരസമൂഹം. മാസങ്ങള്‍ക്കു മുന്‍പ് ഒരു മന്ത്രിയുടെ രാജിയിലേക്കു നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് മാധ്യമ ധര്‍മത്തിനു വലിയ ഇടിവുണ്ടായ സന്ദര്‍ഭം സൃഷ്ടിച്ച മനോവ്യഥ ഇപ്പഴും മറക്കാറായിട്ടില്ല. അതുകൊണ്ട് പൗരസമൂഹത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട് വേദനകളും നഷ്ടങ്ങളും അവകാശ ലംഘനവുമൊക്കെയായി നീറുന്ന പ്രശ്നങ്ങളെ തമസ്ക്കരിച്ച് ദിലീപ് പ്രശ്നങ്ങളുടെ വിസര്ജ്യംമാത്രം പ്രേക്ഷകനുമേല്‍ വാരി എറിയുന്നത് ഏതു മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് പൊതുജനമല്ല മാധ്യമപ്രവര്‍ത്തകര്‍ തന്നെ സ്വയം ചോദിക്കണം.അല്ലെങ്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഇടപെടലിലൂടെ നേടിയതും പൊതുസമൂഹം നല്കിയതുമായ ഇടങ്ങളുടെ വിസ്തൃതി കുറയും എന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: