കണ്ണൂര്‍: തലശ്ശേരി മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഭിത്തി അലങ്കരിക്കാന്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ പടം അച്ചടിച്ച ബഹുവര്‍ണ്ണ വിദ്യാഭ്യാസ കലണ്ടറുകള്‍. പൊതു വിദ്യാഭ്യാസ യജ്ഞത്തില്‍ അണിചേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തുളളതാണ് കലണ്ടര്‍. എംഎല്‍എയുടെ മകന് സ്വകാര്യ സ്കൂളിലാണ് പഠിക്കുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് നാടൊന്നാകെ കൈകോര്‍ക്കുമ്പോള്‍ മകനെ സ്വകാര്യ സ്കൂളില്‍ അയച്ച് പൊതു വിദ്യാഭ്യാസ യജ്ഞ കര്‍മ്മ പദ്ധതിയോട് മുഖം തിരിഞ്ഞു നിന്ന എംഎല്‍എയുടെ നടപടി ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് വിദ്യാഭ്യാസ കലണ്ടറില്‍ എം.എല്‍എയുടെ മുഖം പ്രത്യക്ഷപ്പെട്ട സംഭവം ഉണ്ടായിരിക്കുന്നത്.
‘എല്ലാരും സ്കൂളിനോടൊപ്പം’ പദ്ധതിയുടെ ഭാഗമായാണ് തലശ്ശേരി എംഎല്‍എ എ.എന്‍.ഷംസീര്‍ വിദ്യാലയങ്ങള്‍ക്കായി 2017-18ലെ അക്കാദമിക് കലണ്ടര്‍ തയാറാക്കി നല്‍കിയിരിക്കുന്നത്. ബിആര്‍സിയില്‍ നിന്ന് ഡിവിഷനുകളുടെ എണ്ണമനുസരിച്ച് കലണ്ടര്‍ ഏറ്റുവാങ്ങാനെത്തിയ വിദ്യാലയ പ്രതിനിധികള്‍ കലണ്ടര്‍ കണ്ട് അമ്പരക്കുകയുണ്ടായി.
ഓരോ ക്ലാസിലും നിര്‍ബന്ധമായി തൂക്കണമെന്ന നിര്‍ദേശത്തോടു കൂടിയാണ് അധികൃതര്‍ കലണ്ടര്‍ നല്‍കിയത്. ഷംസീറിന്റെ മകന് ഇഷാന് കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലാണ് പഠിക്കുന്നത്. കലണ്ടറില്‍ നമ്മുടെ കുട്ടികള്‍ പൊതുവിദ്യാലയത്തിലേക്ക് എന്ന് എംഎല്‍എ ആഹ്വാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: