കൊച്ചി: കേരള ലളിതകലാ അക്കാദമിയുടെ ദശദിന കലാ-സാസ്കാരിക പരിപാടി സമന്വയയ്ക്ക് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രത്തില്‍ തുടക്കമായി. ഭിന്നലിംഗക്കാര്‍, വനവാസി,ദളിത് തുടങ്ങി സമൂഹത്തിലെ പാര്ശ്വവത്കരിക്കപ്പെടുന്നവരിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചാണ് പരിപാടി.
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഭിന്നലിംഗക്കാരോട് സമൂഹം കാണിച്ച വിവേചനത്തിനുള്ള പ്രായശ്ചിത്തമാണ് സമന്വയയെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇത്തരക്കാരെ കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കലാ,സാഹിത്യ, സാംസ്കാരിക മേഖലകളില്‍ ഇവരുടെ പങ്കാളിത്തമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യകാരനും നടനുമായ വി.കെ ശ്രീരാമന്, ഭിന്നലിംഗക്കാരുടെ കൂട്ടായ്മയായ സെക്ഷ്വല്‍ മൈനോറിറ്റി ഫോറം കേരള പ്രസിഡന്റ് ശ്രീക്കുട്ടി, കേരള ലളിതകലാ അക്കാദമി ചെയര്മാന് ടി.എ. സത്യപാല്‍, സെക്രട്ടറി പൊന്ന്യം ചന്ദ്രന്, ചിത്രകാരന് ജി. രാജേന്ദ്രന്, ബസ്തറില്‍ നിന്നുള്ള ഗോത്രകലാകാരന്‍ പണ്ഡിറാം മണ്ടാവി, രവികിഷന്‍ ഭട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 44 ഭിന്നലിംഗ ചിത്രകലാ പ്രതിഭകളും പണ്ഡിറാം മണ്ടാവി, വെങ്കട്ട് ശ്യാം, ബസന്ത് ഉയിക്കെ തുടങ്ങി 18 ദളിത്, ഗോത്ര കലാകാരന്മാരും ബി.ഡി. ദത്തന്, ജി. രാജേന്ദ്രന് തുടങ്ങിയ കേരളത്തിലെ സമകാലിക ചിത്രകാരന്മാരുമടക്കം 250ഓളം കലാകാരന്മാര് സമന്വയയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: