ഇരിട്ടി: പഴശ്ശി പദ്ധതിയുടെ ഭാഗമായ കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്രങ്ങളുടെ പുഴക്കടവും ക്ഷേത്രഭൂമിയും സംരക്ഷിക്കാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉടനടി ഉണ്ടാവണമെന്ന് രണ്ടു ക്ഷേത്രങ്ങളുടെയും സംയുക്തസമിതിയോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. വേനല്‍ക്കാലങ്ങളില്‍ പഴശ്ശി ജലനിരപ്പുഉയരുന്നതും മഴക്കാലത്ത് ശക്തമായ മലവെള്ളം കുത്തിയൊഴുകുന്നതും കാരണം പുഴയോട് ചേര്‍ന്ന ക്ഷേത്രഭൂമി ഇടിഞ്ഞു തീരുകയാണ്.
ഇതിനെതിരെ പഴശ്ശിപദ്ധതി നിലവില്‍ വന്നത് മുതല്‍ നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് നിവേദനങ്ങളും മറ്റും സമര്‍പ്പിച്ചിരുന്നെങ്കിലും പലതവണ സ്ഥലം സന്ദര്‍ശിച്ചും മറ്റും റിപ്പോര്‍ട്ടുകള്‍ നല്കിയതല്ലാതെ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. എംഎല്‍എമാര്‍, എംപിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കും നിരവധി നിവേദനങ്ങള്‍ ഇതിന്റെ പേരില്‍ നല്‍കിയിട്ടുണ്ട്. കര്‍ക്കിടകവാവ് ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പുണ്യനദികൂടിയായി കണക്കാക്കുന്ന ബാവലയില്‍ ബലിതര്‍പ്പണത്തിനായി എത്തിച്ചേരുന്നത്.
ജില്ലയിലെ അറിയപ്പെടുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രം എന്നതുകൂടി കണക്കിലെടുത്ത് അധികൃതര്‍ കരയിടിച്ചില്‍ തടയുന്നതിനാവശ്യമായ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അതേസമയം വരുന്ന 23ന് കര്‍ക്കിടക വാവ് ദിവസം ബലിതര്പ്പനത്തിനായി എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികള്‍ രണ്ടു ക്ഷേത്രസമിതികളും ചേര്‍ന്ന് ഒരുക്കിവരുന്നതായും യോഗം അറിയിച്ചു.
യോഗത്തില്‍ കീഴൂര്‍ മഹാദേവ ക്ഷേത്ര സമിതി പ്രസിഡന്റ് കെ.ഭുവനദാസന്‍ വാഴുന്നവര്‍ അദ്ധ്യക്ഷത വഹിച്ചു. ഇരു സമിതികളുടെയും ഭാരവാഹികളായ കെ.കുഞ്ഞിനാരായണന്, എം.ഹരീന്ദ്രന്‍, എം.പ്രതാപന്, എം.സുരേഷ് ബാബു, പി.കൃഷ്ണന്, കെ.വി.കരുണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: