ഡര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് കിവി വനിതകളെ നേരിടും. ഇന്നത്തെ കളിയില്‍ ന്യൂസിലാന്‍ഡിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്ക്ക് സെമിയില്‍ കളിക്കാം. മറിച്ച് തോറ്റാല്‍ ഇന്ത്യയെ മറികടന്ന് ന്യൂസിലാന്‍ഡ് അവസാന നാലില്‍ ഇടംപിടിക്കും.
സൂപ്പര്‍ എട്ടിലെ അവസാന പോരാട്ടങ്ങളാണ് ഇന്ന് നടക്കുന്നത്. മറ്റ് മത്സരങ്ങളില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ട് വിന്‍ഡീസിനെയും നേരിടും. മറ്റൊരു അപ്രധാന മത്സരത്തില്‍ പാക്കിസ്ഥാന് എതിരാളികള്‍ ശ്രീലങ്കന്‍ വനിതകള്‍. ഉജ്ജ്വലമായ തുടക്കത്തിനുശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രലിയയോടും ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഇന്നത്തെ കളി ഏറെ നിര്‍ണ്ണായകമായത്. തുടര്‍ച്ചയായ നാല് ജയങ്ങള്‍ക്കുശേഷമായിരുന്നു ഈ തുടര്‍ തോല്‍വികള്‍. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെയും തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിന്‍ഡീസിനെയും പാക്കിസ്ഥാനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി. ഇൗ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ ബാറ്റിങ്, ബൗളിങ് നിരകള്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ആ മികവ് പ്രകടിപ്പിക്കാതിരുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
ഓപ്പണര്‍ പൂനം റാവത്ത്, നായിക മിതാലി രാജ്, സ്മൃതി മന്ഥാന, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരടങ്ങിയ ബാറ്റിങ്ങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍. കഴിഞ്ഞ ആറ് കളികൡ നിന്ന് ഒരു സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയുമടക്കം 277 റണ്‍സെടുത്ത പൂനം റാവത്ത്, മൂന്ന് അര്‍ദ്ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 247 റണ്‍സെടുത്ത നായിക മിതാലി, ഒരു സെഞ്ചുറിയും അര്‍ദ്ധസെഞ്ചുറിയുമടക്കം 213 റണ്‍സെടുത്ത സ്മൃത മന്ഥാന, 177 റണ്‍സ് നേടിയ ദീപ്തി ശര്‍മ്മ എന്നിവരാണ് ടീമിലെ മുഖ്യ റണ്‍വേട്ടക്കാര്‍. ജൂലന്‍ ഗോസ്വാമി, ഏക്ത ബിഷ്ത്, ശിഖ പാണ്ഡെ, ദീപ്തി ശര്‍മ്മ എന്നിവരാണ് ടീമിലെ ബൗളിങ് കരുത്തര്‍. ഇവരെല്ലാം കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പരാജയത്തില്‍ നിന്ന് പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കളത്തിലിറങ്ങിയാല്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യക്ക് സെമിയില്‍ കൡക്കാം.
ന്യൂസിലാന്‍ഡ് വനിതകളാകട്ടെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയവും രണ്ട് പരാജയവുമടക്കം 7 പോയിന്റുമായി അഞ്ചാമത്. അവരുടെ ഒരു കളി മഴയത്ത് ഒലിച്ചുപോവുകയും ചെയ്തു. ന്യൂസിലാന്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കെതിരായ കളിയാണ് മഴയത്ത് ഉപേക്ഷിച്ചത്. ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും അവര്‍ പരാജയപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: