ലണ്ടന്‍: എക്കാലത്തെയും മികച്ച ദീര്‍ഘദൂര ഓട്ടക്കാരന് ബ്രിട്ടന്റെ മോ ഫറ ട്രാക്കില്‍ നിന്ന് വിരമിക്കുന്നു. അടുത്തമാസം നടക്കുന്ന ബര്‍മിങ്ഹാം ഗ്രാന്ഡ്പ്രിയായിരിക്കും തന്റെ അവസാന മത്സരവേദിയെന്ന് നാല് തവണ ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയ ഫറ പറഞ്ഞു. ആഗസ്റ്റ് 20നാണ് ബര്‍മിങ്ഹാം ഗ്രാന്‍ഡ് പ്രി. അതിന് മുന്‍പായി അടുത്ത മാസം ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ഫറ പങ്കെടുക്കും.
ലണ്ടന്‍ ഒളിമ്പിക്—സില് 5,000, 10,000 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയ ഫറ റിയോ ഒളിമ്പിക്സിലും നേട്ടം ആവര്‍ത്തിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മോ ഫറ. മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്ന് അഞ്ച് സ്വര്‍ണ്ണവും ഒരു വെങ്കലവും ഫറ സ്വന്തമാക്കിയിട്ടുണ്ട്. 2011-ലെ ദേഗു ലോക ചാമ്പ്യന്‍ഷിപ്പില്‍ 5000 മീറ്ററില്‍ സ്വര്‍ണ്ണവും 10000 മീറ്ററില്‍ വെള്ളിയും നേടിയ ഫറ 2013-ല്‍ മോസ്കോയിലും 2015-ല്‍ ബീജിങിലും 5000, 10000 മീറ്ററുകളില്‍ ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കി. ഇത്തവണ ലണ്ടനിലും ഇരട്ട സ്വര്‍ണ്ണം സ്വന്തമാക്കുക എന്നതാണ് 34കാരനായ ഫറയുടെ ലക്ഷ്യം.
കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ 10000 മീറ്ററില്‍ ട്രാക്കില്‍ അടിതെറ്റി വീണ ശേഷം എഴുന്നേറ്റോടിയാണ് ഫറ സ്വര്‍ണ്ണം നേടിയത്. അമേരിക്കന്‍ താരം ഗാലെന്‍ റപ്പുമായി കൂട്ടിയിടിച്ചാണ് 34കാരന് ട്രാക്കില്‍ വീണത്. ബ്രിട്ടനില്‍ കുടിയേറിയ സൊമാലിയക്കാരന് മോ ഫറ പരിശീലനം നടത്തുന്നത് അമേരിക്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: