ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പും തമ്മിലുള്ള കൂടിക്കാഴ്ച ഹൃദ്യവും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. പ്രസിഡന്റും പത്നിയും മോദിയെ സ്വീകരിക്കാന്‍ രണ്ടു മിനിറ്റോളം പുറത്തേക്കിറങ്ങി വന്നു കാത്തുനില്ക്കുകയുണ്ടായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് ഒരു വിദേശ രാജ്യത്തലവന് നല്കുന്ന ആദ്യ ഔദേ്യാഗിക അത്താഴ വിരുന്ന് (വര്‍ക്കിങ് ഡിന്നര്‍) മോദിക്ക് നല്കി ഭാരതത്തെ ആദരിച്ചു. കാറില്‍ നിന്നിറങ്ങിയ മോദിക്ക് ഹസ്തദാനം നല്കി തമാശ പങ്കുവച്ചും കുശലം പറഞ്ഞും തോളോട് തോള് ചേര്‍ന്നാണ് മൂവരും വെളുത്ത കൊട്ടാരത്തിലേക്ക് നടന്നകന്നത്.
പ്രവചിക്കാന്‍ കഴിയാത്ത തീരുമാനങ്ങളെടുക്കുന്നതില്‍ മടിയില്ലാത്ത ട്രമ്പ്, മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ എന്തു നിലപാടെടുക്കും എന്നത് പരക്കെ ചര്‍ച്ചാവിഷയമായിരുന്നതാണ്. പക്ഷെ പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള ഹൃദയവിശാലതയും ഊഷ്മളതയും അദ്ദേഹം സമ്മാനിച്ചു.
അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നിരാശാജനകമെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് മനീഷ് തിവാരി പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി നെതര്‍ലാന്‍ഡ്സിലേക്ക് തിരിച്ചതിന് തൊട്ടുപിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് രംഗത്തെത്തിയത്.
ഒരു കോണ്ഗ്രസ്സുകാരന് എന്ന നിലയില്‍ അദേഹം പ്രതീക്ഷിച്ചത് മറ്റെന്തെങ്കിലുമായിരിക്കാം. ഒ1ആ വിസയെക്കുറിച്ചോ, ഗാര്ഡിയന് ഡ്രോണുകളെക്കുറിച്ചോ ഒന്നും ഔദേ്യാകിക ചര്‍ച്ചാ വിഷയമാകുമെന്ന മുന്നറിയിപ്പുകളൊന്നുമുണ്ടായിരുന്നില്ല. പരസ്പരമുള്ള ആദ്യ കൂടിക്കാഴ്ച എന്ന നിലയില്‍ ഒരു സൗഹൃദാന്തരീക്ഷം കെട്ടിപ്പടുക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. ‘എന്റെ സത്യസന്ധനായ കൂട്ടുകാരന്’ എന്ന ട്രമ്പിന്റെ വിശേഷണത്തോടെ ലക്ഷ്യം പൂര്‍ണമായും നിറവേറ്റപ്പെടുകതന്നെ ചെയ്തു. ഈ വിശേഷണം തന്നെയാണ് തുടര്‍ന്നുള്ള ഉഭയകക്ഷി ബന്ധത്തിന്റെ നാഴികക്കല്ല്.
ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കു രണ്ടു മണിക്കൂര്‍ മുന്‍പേ 26/11 മുംബൈ, പത്താന്‍കോട്ട് തുടങ്ങിയ ആക്രമണങ്ങളുടെ സൂത്രധാരനായ സലാവുദീനെ അന്തര്‍ ദേശീയ കുറ്റവാളിയായി പ്രഖ്യാപിച്ചത് പാക്കിസ്ഥാനോടുള്ള എതിര്‍പ്പിന്റെയും, കശ്മീര്‍ വിഷയം ശരിയായി ഉള്‍ക്കൊണ്ടതിന്റെയും സൂചകങ്ങളായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, അവിടെ നടക്കുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെ അമേരിക്ക എതിര്‍ക്കുന്നു എന്നുമുള്ള പ്രഖ്യാപനമായിരുന്നു അത്. ഭീകരവാദത്തിനെ എതിര്‍ക്കുന്നതില്‍ പഴംപുരാണ ബന്ധങ്ങള്‍ തടസ്സമാകില്ല എന്ന താക്കീതായിരുന്നു അത്.
അമേരിക്കയില്‍ ട്രമ്പിനെ കാണുന്നതിനു മുമ്പുതന്നെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഋജുവായ പ്രവര്‍ത്തനങ്ങള്‍ മോദി ചങ്കുറപ്പോടെ അമേരിക്കന്‍ മണ്ണില്‍ വച്ചുതന്നെ വിവിധ പരിപാടികളില്‍ വരച്ചുകാട്ടി. കഴിഞ്ഞ മൂന്നു വര്‍ഷമായി അഴിമതിയുടെ കറപുരളാതെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. രാജ്യാന്തര വിഷയമായ സര്‍ജിക്കല്‍ സ്ട്രൈക്കിനെ തള്ളിപ്പറയാന്‍ ഒരു രാജ്യവും മുന്നോട്ട് വന്നില്ല എന്നത് ലോക മനസ്സ് തങ്ങളോടൊപ്പമാന്നെന്നു കാണിക്കുകയായിരുന്നു. കറന്‍സി നിരോധനം, നികുതി പരിഷ്കരണം തുടങ്ങിയ അതിസങ്കീര്‍ണമായ ആഭ്യന്തര വിഷയങ്ങളെ നേരിടാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് ശക്തിയും ധൈര്യവുമുണ്ടെന്ന് വിളിച്ചറിയിച്ചു. സ്ഥിരവും ദൃഢവും മുന്‍ വിധികളില്ലാത്തതുമായ രാജ്യമാണ് തന്റേതെന്ന് മോദി ഉദ്ഘോഷിച്ചു. ഗ്രാമ-നഗരങ്ങളെ സാങ്കേതിക വിദ്യയില്‍ കോര്‍ത്തിണക്കിയ ‘വണ്‍ ഇന്ത്യ’ യാണ് ലോകത്തിനു മുന്നില്‍ തങ്ങള്‍ തുറന്നിടുന്നതെന്നു പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനങ്ങള്‍ പുതിയ ഇന്ത്യയെ ട്രമ്പിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.
വൈറ്റ് ഹൗസില്‍ മോദി ചെലവിട്ടത് അഞ്ച് മണിക്കൂറിനടുത്താണ്. ആദ്യ ഇരുപത് മിനിറ്റ് അനേ്യാന്യം സംസാരിച്ചു. തുടര്‍ന്ന് പ്രതിനിധി തലത്തില്‍ കൂടികാഴ്ച. പിന്നീട് റോസ് ഗാര്‍ഡനില്‍ പ്രസ്താവന. വൈസ് പ്രസിഡന്റ് മൈക് പെന്‍സ് നല്കിയ അര മണിക്കൂര്‍ നീണ്ട സല്ക്കാരത്തിനു ശേഷമാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന പ്രസിഡന്റിന്റെ ഔദേ്യാഗിക അത്താഴ വിരുന്നിന് മോദി ഇരുന്നത്. ഒരു വിദേശ രാജ്യത്തലവന് അമേരിക്കയ്ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല അതിഥേയത്വം.
കൂടിക്കാഴ്ച മുഴുവനും കേന്ദ്രീകരിച്ചിരുന്നത് മുന്ന് മേഖലകളിലായിരുന്നു. വാണിജ്യം, ഊര്‍ജ്ജം, ഭീകരവാദം. ഇന്ത്യയുമായുള്ള അമേരിക്കയുടെ വാണിജ്യ കമ്മി ഏകദേശം 31 ബില്യണ്‍ ഡോളറിന്റേതാണ്. ഇത് കുറച്ചുകൊണ്ടുവരുവാന്‍ ഇന്ത്യയിലെ ഭരണ സുതാര്യത അമേരിക്കയെ തുണയ്ക്കുമെന്ന് ട്രമ്പ് വിലയിരുത്തി. അത് അമേരിയ്ക്കന്‍ ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിയെ സഹായിക്കുകയും, വ്യാപരക്കമ്മി കുറയ്ക്കുകയും ചെയ്യും. സ്പൈസ് ജെറ്റിന്റെ 22 ബില്യണ്‍ ഡോളറിന്റെ വിമാന ഓര്‍ഡര്‍ 1, 32, 000 തൊഴിലവസരങ്ങളാണ് അമേരിക്കയില്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു. ഇരുരാജ്യങ്ങളും നടപ്പിലാക്കുന്ന നികുതി പരിഷ്കാരങ്ങള്‍ വ്യാപാര മേഖലയില്‍ പരസ്പരം വലിയ തുണയാകും. ഭീകരവാദം എന്ന പിശാചിനാല്‍ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും അമേരിക്കയും.
തങ്ങളുടെ മണ്ണില്‍ ഭീകരവാദികളെ സൃഷ്ടിക്കുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്നവരെ നിര്‍ദ്ദാക്ഷിണ്യം നേരിടുമെന്നുതന്നെ ഇരുരാജ്യങ്ങളും നിലപാടെടുത്തു. റാഡിക്കല്‍ ഇസ്ലാം ഭീകരവാദം അവസാനിപ്പിക്കുക തന്നെ ചെയ്യുമെന്ന ട്രമ്പിന്റെ പ്രസ്താവന ഐഎസിനും പാക്കിസ്ഥാനും ഒരുപോലെ ബാധകമാണ്. ന്യൂക്ലിയര്‍ പവര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യയും, വെസ്റ്റിങ് ഹൗസ് ഇലക്ട്രിക് കമ്പനിയും തമ്മിലുള്ള കരാറിനെ കൂടിക്കാഴ്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. കരാര്‍ അനുസരിച്ച് പണി പൂര്‍ത്തിയാക്കേണ്ട ആറ് ന്യൂക്ലിയര്‍ റിയാക്ടറുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഊര്‍ജ്ജ ഉല്പാദന മേഖലയില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കും.
പ്രധാനമന്ത്രിയുടെ അഞ്ചു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ എല്ലാ വിഷയങ്ങളും പരിഹരിക്കപ്പെട്ടു എന്നല്ല. ഒബാമയ്ക്കുശേഷം അല്പം പിന്നിലേക്കമര്ന്നിരുന്ന ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തി പ്രാപിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടത്. അത് ഇരു നേതാക്കളുടെയും ശരീരഭാഷയില്‍ നിന്നുതന്നെ വായിച്ചെടുക്കാം. 125 കോടി ഉപഭോക്താക്കളും, ഏറ്റവും വലിയ ജനാധിപത്യ ഭരണ സംവിധാനവുമുള്ള ഒരു രാജ്യത്തെ അമേരിക്കയ്ക്കോ, ലോകത്തെ ഏറ്റവും വലിയ സമ്പത്തും, സൈനിക ശേഷിയുമുള്ള അമേരിക്കയെ ഇന്ത്യയ്ക്കോ തള്ളിക്കളയാനാവില്ല. ഉത്തര കൊറിയയും ചൈനയും പാക്കിസ്ഥാനുമൊക്കെ ഉള്‍പ്പെടുന്ന അസുരലോകത്തെ നിലയ്ക്കുനിര്‍ത്താന്‍ അമേരിക്കയും ഇന്ത്യയും ജപ്പാനുമൊക്കെ അടങ്ങുന്ന മനുഷ്യ ലോകം ഒന്നിച്ചേ മതിയാകൂ.
അതാണ് മോദി-ട്രമ്പ് കൂടിക്കാഴ്ചയുടെ രത്നച്ചുരുക്കം. ഈ കൂടിക്കാഴ്ച ഒരു പുതു ലോകക്രമത്തിന് വഴിമരുന്നിടും. അതിനായി നരേന്ദ്ര മോദി നെതര്‍ലാന്‍ഡ്സിലേക്കും അവിടെനിന്ന് ഇസ്രായേലിലേക്കും യാത്ര തുടര്‍ന്നു, രണ്ടിടങ്ങളിലും വിജയക്കൊടി നാട്ടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: