ആലത്തൂര്‍ : പൂട്ടിയിട്ട വീടുകളില്‍ മോഷണംതൊഴിലാക്കിയ യുവാവ് പിടിയില്‍. കോയമ്പത്തൂര്‍ കുനിയംപുത്തൂര്‍ ചുണ്ണാമ്പ്കളായില് കാജാഹുസൈന്‍ എന്ന തുരപ്പന്‍ കാജയെ (37)യാണ് കൊല്ലങ്കോട് നിന്നും ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ പോലീസ് പിടികൂടിയത്.
കൊല്ലങ്കോട് പോത്തമ്പാടം നാലു സെന്റ് കോളനിയിലെ ഉമ്മയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടയിലാണ് കാജാഹുസൈന്‍ പോലീസ് പിടിയിലായത്. തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 60 ഓളം കേസുകളില്‍ പ്രതിയാണിയാള്്. കോഴിക്കോട്, കൊയിലാണ്ടി, കുറ്റിപ്പുറം, പാലക്കാട്, ഒറ്റപ്പാലം സ്റ്റേഷന് പരിധികളിലായി 12 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
പൂട്ട് തകര്‍ക്കുന്നതില്‍ വിദഗ്ദനാണ് കാജാഹുസൈന്‍. കോയമ്പത്തൂര്‍ സബ് ജയിലില്‍ നിന്ന് ഏപ്രില്‍ നാലിനാണ് ജാമ്യത്തിലിറങ്ങിയത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, പൊള്ളാച്ചി എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. കോയമ്പത്തൂര്‍ ഉക്കടം റോയല്‍ നഗറില്‍ അബ്ബാസ്(39), കോയമ്പത്തൂര്‍ സ്വദേശിയും കഴിഞ്ഞ പത്ത് വര്‍ഷമായി മുടപ്പല്ലൂരില്‍ താമസക്കാരനായ റഫീക്ക് (40) എന്നിവരെ ജൂണ്‍ 27 ന് ആലത്തൂരില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വെച്ച സ്വര്‍ണം തിരിച്ചെടുത്ത് വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. നിരോധിത സംഘടനയായ അല്‍ ഉമയുടെ പ്രധാന പ്രവര്‍ത്തകനും കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിലെ പ്രതിയുമാണ് അബ്ബാസ്. ബോംബ് കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ദനാണ്. കോയമ്പത്തൂര്‍, ചെന്നൈ കോടതികളില്‍ എട്ടോളം കൊലപാതക കേസിലും പ്രതിയാണ്.
റഫീക്കിന്റെ ഒമ്നിയില്‍ രാത്രി ഒരു മണിക്കു ശേഷം കറങ്ങിയാണ് മോഷണം്. നാല് വിവാഹം കഴിച്ച കാജാഹുസൈന്‍ മൂന്നെണ്ണം ഒഴിവാക്കി ഇപ്പോള്‍ കോഴിക്കോട് പുതിയങ്ങാടി കല്ക്കണ്ടി പറമ്പിലെ ഭാര്യയുമൊത്താണ് താമസം. ഇതില്‍ നാല് മക്കളുണ്ട്. മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം കൊണ്ട് ആഡംബര ജീവിതമാണ് കാജാ ഹുസൈന് നയിക്കുന്നത്. മേലാര്‍കോട്, പുതിയങ്കം, വെമ്പല്ലൂര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയ കേസിലാണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്.
ആലത്തൂര്‍ സി.ഐ.കെ.എ. എലിസബത്ത്, എസ്.ഐ.എസ്.അനീഷ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, സുനില്‍കുമാര്‍, സൂരജ് ബാബു, ഷബീബ് ,രാജീവ്, രാമസ്വാമി എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: