തൃക്കരിപ്പൂര്‍: കോഴിയിറച്ചിക്ക് തോന്നിയ പോലെ വിലവാങ്ങുന്നുവെന്ന പരാതി വ്യാപകമാകുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലപ്രകാരം ഇറച്ചിക്കോഴി വില്‍പ്പന നടത്താന്‍ വ്യാപാരികള്‍ തയ്യാറായില്ല. പലയിടത്തും പലവില ഈടാക്കി. കോഴിയുണ്ടായിട്ടും വില്‍പ്പന നടത്താന്‍ ചില കടയുടമകള്‍ തയ്യാറായില്ലെന്ന പരാതിയും ജനങ്ങളില്‍ നിന്നും ഉയര്‍ന്നു. തൃക്കരിപ്പൂരില്‍ കഴിഞ്ഞ ദിവസം ഒരു കിലോഗ്രാം കോഴിക്ക് 115 രൂപയ്ക്കാണ് വില്‍പ്പന നടത്തിയത്. കഷ്ണങ്ങളാക്കിയ കോഴിയിറച്ചിക്ക് കിലോഗ്രാമിന് 158 രൂപയാണ് വില ഈടാക്കിയത്. എന്നാല്‍ ചില കടകളില്‍ കഷ്ണങ്ങളാക്കിയ ഇറച്ചി വില്‍പ്പനയില്ല. ഇത് ഗുണഭോക്താക്കള്‍ക്ക് ദോഷകരമായിട്ടാണ് ഭവിക്കുകയെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.
ചെറുവത്തൂരിലും ഇതേ വില ഈടാക്കിയാണ് കോഴി വില്‍പ്പന നടത്തിയത്. എന്നാല്‍ മടക്കരയില്‍ വിലകൂട്ടിയാണ് വില്‍പ്പന നടത്തിയത്. ഒരു കടയില്‍ മറ്റു കടകളെ അപേക്ഷിച്ച് 10 രൂപ കൂട്ടി 125 രൂപക്കാണ് ഒരുകിലോഗ്രാം കോഴി വിറ്റത്. അതോടൊപ്പം ഒന്നോരണ്ടോ കോഴികള്‍ വീട്ടാവശ്യത്തിനായി വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കോഴി നല്കാന് കച്ചവടക്കാര്‍ തയ്യാറായില്ലായെന്ന പരാതിയും ഉയര്‍ന്നു. ലാര്‍ജ് സ്കൈല് ആവശ്യമുള്ളവര്‍ക്ക് മാത്രമേ കോഴി നല്കുന്നുള്ളൂവെന്ന നിലപാട് സ്വീകരിച്ച കച്ചവടക്കാര്‍ക്കെതിരെ പ്രതിഷേധവും ഉയര്‍ന്നു. കിലോവിന് 140 രൂപവരെ ഉയര്‍ന്നിരുന്ന കോഴിവില 87 രൂപയായി വില്‍ക്കുമെന്ന് മന്ത്രിയുടെ പ്രസ്താവന വന്നതോടെ ഏറെ പ്രതീക്ഷയോടെയാണ് ഇന്നലെ നിരവധി പേര് കോഴി വാങ്ങാനെത്തിയത്.
എന്നാല്‍ കടയുടെ മുന്നില്‍ തൂക്കിയിട്ട വിലവിവര പട്ടിക കണ്ട് അന്വേഷിച്ചപ്പോഴാണ് യഥാര്‍ത്ഥ ചിത്രം പിടികിട്ടിയത്. നേരത്തെ കിലോവിന് 16.05 രൂപ ടാക്സ് അടച്ചിട്ടാണ് കച്ചവടം നടന്നിരുന്നത്. എന്നാല്‍ ജിഎസ്ടി നിലവില്‍ വന്നതോടെ ഈ നികുതി പാടെ ഇല്ലാതായി. ഇതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണമെന്ന ന്യായമായ ആവശ്യമാണ് കച്ചവടക്കാര്‍ ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: