കാസര്‍കോട്: സ്കൂള്‍ പ്രവേശന സമയത്ത് വാങ്ങിയ കോഴ പണം തിരികെ നല് കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ ഉത്തരവിനെതിരെ കുണ്ടംകുഴി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് പ്രമേയം പാസ്സാക്കി. ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് വിദ്യാര്‍ത്ഥി പ്രവേശനത്തിനായി വാങ്ങിയ കോഴ രക്ഷിതാക്കള്‍ക്ക് തിരിച്ച് നല്‍കില്ലെന്ന് യോഗംത്തില്‍ തീരുമാനമായി. പണം തിരിച്ച് നല്‍കുന്നതിനായി ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിദ്യാലയാധികൃതര്‍ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ക്കുകയായിരുന്നു. യോഗത്തില്‍ സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സാന്നിധ്യവും സ്കൂളിനുവേണ്ടി അദ്ദേഹം നടത്തിയ പ്രസംഗവും പുതിയ വിവാദത്തിന് തിരികൊളുത്തി.
പിടിഎ യോഗത്തില്‍ അറിയപ്പെടുന്ന സിപിഎം നേതാവ് പ്രസംഗിച്ചതും വിവാദമായിട്ടുണ്ട്. പിടിഎ, എസ്എംസി എന്നിങ്ങനെ വിദ്യാലയവുമായി ബന്ധപ്പെട്ട ഒരു സമിതിയിലും അംഗമല്ലാത്ത സിപിഎം നേതാവിനെ യോഗത്തില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചതും അദ്ദേഹം പ്രസംഗിച്ചതും ഗുരുതരമായ ചട്ടലംഘനമാണെന്ന് ആക്ഷേപമുയര്‍ന്ന് കഴിഞ്ഞു. സിപിഎം നേതാവിന് മാത്രം പിടിഎ യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്കിയ വിദ്യാലയാധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇരുന്നുറോളം രക്ഷിതാക്കള്‍ പണം തിരിച്ച് വാങ്ങാനായി വിദ്യാലയത്തിലെത്തിച്ചേര്ന്നിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ യോഗത്തില്‍ പ്രസംഗിച്ച പ്രധാനാധ്യാപികയും, കുറ്റിക്കോല്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം എം.അനന്തനും, പിടിഎ പ്രസിഡണ്ട് വരദരാജ്, എസ്എംസി ചെയര്മാന് മുരളീധരന് എന്നിവര്‍ പിടിഎ വിദ്യാലയത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാചാലരായി. വിദ്യാലയത്തിലേക്ക് പണം സംഭാവന ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും രക്ഷിതാക്കള്‍ക്ക് പണം തിരികെ നല്കാന് സന്നദ്ധമാണെന്നും എന്നാല്‍ വിദ്യാലയ വികസനത്തിന് സഹായകമായ നിലപാട് കൈക്കൊള്ളണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംസാരിച്ച മൂന്ന് സിപിഎം അനുഭാവികളായ രക്ഷിതാക്കള്‍ തങ്ങള്‍ വിദ്യാലയത്തിന് നല്കിയ പണം വിദ്യാലയ വികസനത്തിനാണെന്നും എത്ര പണം വേണമെങ്കിലും ഇനിയും നല്‍കാമെന്നും അറിയിച്ചു. തുടര്‍ന്ന് പ്രസംഗിച്ച രക്ഷിതാവും തനിക്ക് പണം തിരികെ നല്‍കേണ്ടെന്ന് പറഞ്ഞു. ഇതേ തുടര്‍ന്ന് സ്കൂള്‍ വികസനത്തിനായി തങ്ങളുടെ പണം ഉപയോഗിക്കാമെന്നും അത് തിരികെ നല്‍കേണ്ടതില്ലെന്നുമാണ് രക്ഷിതാക്കളുടെ ആഗ്രഹമെന്നും അത് കൈയ്യടിച്ച് പാസാക്കണമെന്നും അധ്യക്ഷ വേദിയിലുണ്ടായിരുന്നവര്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ യോഗം അവസാനിച്ചു.
യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. അവരാകട്ടെയെതിര്ത്തൊന്നും പറയാന്‍ തയ്യാറായില്ല. പണപ്പിരിവിനെതിരെ പരാതി നല്കിയ രക്ഷിതാവിനെ കായികമായി ആക്രമിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ മറ്റ് രക്ഷിതാക്കളിലും ഭയമുളവാക്കിയിരുന്നു. അതിനാല്‍ നിശബ്ദത പാലിക്കാനായിരുന്നു രക്ഷിതാക്കള്‍ തയ്യാറായത്. സംസാരിച്ച് നോട്ടപ്പുള്ളിയാവാന്‍ അവര്‍ ആഗ്രഹിച്ചില്ല. വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് വാങ്ങിയ പണം തിരികെ നല്‍കേണ്ടെന്ന് രക്ഷിതാക്കളെക്കൊണ്ട് പ്രമേയം പാസാക്കിച്ചതായി രേഖയുണ്ടാക്കിയ യോഗം തന്നെ വിവാദത്തിലായിരിക്കുകയാണ്. ആറര ലക്ഷത്തോളം രൂപ വിദ്യാര്‍ത്ഥി പ്രവേശനവുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം ലഭിച്ചതായി യോഗത്തില്‍ അധികൃതര്‍ക്ക് സമ്മതിക്കേണ്ടി വന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി വന്‍ തുക സ്കൂള്‍ പ്രവേശനത്തിന് വാങ്ങിയെന്ന രക്ഷിതാക്കളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആക്ഷേപം ശരിവക്കുന്നതാണ് ഈ പ്രസ്താവന.
യോഗത്തില്‍ പ്രസംഗിച്ച ഖദര്‍ ഷര്‍ട്ട് ധാരിയുടെ സാന്നിധ്യവും വിവാദമാവുകയാണ്. ഇയാള്‍ സിപിഎമ്മിന്റെ ഒരു പ്രാദേശിക നേതാവായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി പണം തിരികെ വേണ്ടെന്ന അഭിപ്രായം പറഞ്ഞതായി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനായാണ് ഇദ്ദേഹത്തെക്കൊണ്ട് സംസാരിപ്പിച്ചതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
സ്ക്കൂള് പ്രവേശത്തിന് വാങ്ങിയ പണം തിരികെ വേണ്ടെന്ന പ്രമേയം പാസാക്കിയാലും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ മറികടക്കാന്‍ കഴിയില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി സ്കൂള്‍ പ്രവേശന സമയത്ത് വാങ്ങിയ വന്‍തുക തിരികെ നല്‍കണമെന്ന ഉത്തരവ് പാലിക്കാന്‍ വിദ്യാലയാധികൃതര്‍ ബാധ്യസ്ഥരാണെന്നും അല്ലാത്തപക്ഷം പ്രധാനാധ്യാപികക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടി വരുമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: