ന്യൂദല്‍ഹി: മലയാള മാധ്യമങ്ങള്‍ കത്തോലിക്കാ സഭയുടെ സ്വാധീനത്തിലാണെന്ന് യുക്തിവാദി സനല്‍ ഇടമറുക്. കത്തോലിക്കാ സഭയുടെ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യ വിടേണ്ടി വന്ന തന്റെ സാഹചര്യം കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മടിക്കുന്നതിന് കാരണം ഇതാണെന്നും അദ്ദേഹം പറഞ്ഞു. നാല് വര്‍ഷത്തോളമായി ഫിന്‍ലന്റില്‍ അഭയാര്‍ത്ഥിയായി ജീവിക്കുന്ന സനല്‍ ‘ഓര്‍ഗനൈസര്‍’ വാരികക്ക് നല്കിയ അഭിമുഖത്തിലാണ് മലയാള മാധ്യമങ്ങളെ തുറന്നുകാട്ടിയത്.
കേരളത്തിലെ മാധ്യമങ്ങളില്‍ കത്തോലിക്കാ സഭക്ക് ആഴത്തിലുള്ള സ്വാധീനമുണ്ട്. അറിഞ്ഞോ അറിയാതെയോ അവര്‍ സഭയുടെ താല്പര്യം സംരക്ഷിക്കുന്നതിന് നിശബ്ദമായി പ്രവര്‍ത്തിക്കുകയാണ്. ബിബിസി, സിഎന്‍എന്‍, എഎഫ്പി, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ഗാര്ഡിയന്, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്രമാധ്യമങ്ങള്‍ തന്റെ വിഷയം ചര്‍ച്ച ചെയ്തു. ദേശീയ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകള്‍ വന്നു. എന്നാല്‍ മലയാളിയായിരുന്നിട്ടും മലയാള മാധ്യമങ്ങള്‍ അവഗണിച്ചു.
സമൂഹം ചിന്തിക്കുന്നതിലും അപ്പുറമാണ് സഭയുടെ കേരളത്തിലെ സ്വാധീനം. ലോകം മുഴുവന്‍ പുരോഹിതരുടെ എണ്ണം കുറയുമ്പോള്‍ കേരളത്തില്‍ മാത്രമാണ് വര്‍ദ്ധിക്കുന്നത്. ലോകത്ത് കന്യാസ്ത്രീകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുമ്പള് കേരളത്തിലെ സാഹചര്യം വ്യത്യസ്തമാണ്.
ലോകത്തിലെ 50 ശതമാനം കന്യാസ്ത്രീകളും കേരളത്തില്‍ നിന്നാണ്. കത്തോലിക്കാ സഭയുടെ പ്രധാന വിഭവകേന്ദ്രമാണ് കേരളം. അധിനിവേശ കാലത്ത് തങ്ങളുടെ യശസ്സിനായി പോര്‍ച്ചുഗല്‍ കേരളത്തെ ഉപയോഗിച്ചതിന് സമാനമായി കത്തോലിക്കാ സഭ പ്രധാന റിക്രൂട്ടിംഗ് കേന്ദ്രമായി കേരളത്തെ കാണുന്നു.
ഇന്ത്യയിലെ സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും പണം സമ്പാദിക്കാനുള്ള കച്ചവടമാണ്. ഓര്‍ഫനേജുകള്‍ക്ക് ലഭിക്കുന്ന പണം പള്ളികളും മറ്റ് സ്ഥാപനങ്ങളും നിര്‍മ്മിക്കാന്‍ വകമാറ്റുന്നു. മതപരിവര്‍ത്തനത്തിന് മറയിടാനുള്ള ഏറ്റവും നല്ല ഉപാധിയാണ് ജീവകാരുണ്യ പ്രവര്‍ത്തനം.
ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറുന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പാവപ്പെട്ടവരെ പ്രലോഭനത്തിലൂടെ മതംമാറ്റുകയാണ് സഭകള്‍ ചെയ്യുന്നത്. ദരിദ്രര്‍ ചൂഷണത്തിന് ഇരയാകുന്നില്ലന്ന് ഉറപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതേതരതമായി മാത്രം നടത്തുന്നതിനും നടപടികള്‍ ഉണ്ടാകണം. അദ്ദേഹം വ്യക്തമാക്കി.
മുംബൈയിലെ കത്തോലിക്കാ പള്ളിയിലെ ദിവ്യാത്ഭുത തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിനാണ് സനല്‍ ഇടമറുകിനെതിരെ സഭ ഭീഷണിയുമായി രംഗത്തെത്തിയത്. മതനിന്ദയാരോപിച്ച് രാജ്യത്തെ വിവിധ കോടതികളിലായി സനലിനെതിരെ ഇരുപതോളം കേസുകള്‍ നല്കി. സഭയുടെ ഗുണ്ടകള്‍ ശാരീരികമായി ഇല്ലാതാക്കാന്‍ ശ്രമിച്ചതോടെയാണ് സനല്‍ 2012ല്‍ ഫിന്‍ലന്റില്‍ ആഭയം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: