കൊച്ചി: നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച സംഭവം സിപിഎമ്മിന് പിന്നാലെ കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കി. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിനെതിരെ പുതിയതായി വെളിപ്പെടുന്ന വിവരങ്ങളാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിയത്. കേസിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഇടത് ജനപ്രതിനിധികള്‍ നടത്തിയ പ്രസ്താവനകള്‍ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
സ്ഥലം എംഎല്‍എ എന്ന നിലയിലുള്ള അടുപ്പം മാത്രമായിരുന്നില്ല അന്‍വര്‍ സാദത്തിന് ദിലീപുമായി ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ്, സാമ്പത്തിക ഇടപാടുകളില്‍ കോണ്‍ഗ്രസ് എംഎല്‍എക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം പള്‍സര്‍ സുനിയെ എംഎല്‍എ നിരന്തരം ഫോണില്‍ വിളിച്ചതായും ദിലീപ് എംഎല്‍എയെ വിളിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്വന്തം ഫോണില്‍ നിന്ന് അല്ലാതെ മറ്റ് ഫോണുകളില്‍ നിന്നും സുനിയെ ബന്ധപ്പെട്ടതായും പറയുന്നു. ഇത് പോലീസിന് കൂടുതല്‍ സംശയത്തിന് ഇടനല്കി. പോലീസ് എംഎല്‍എയുടെ മൊഴിയെടുത്തേക്കും.
നടിയെ ആക്രമിച്ച സംഭവത്തിന്റെ തുടക്കം മുതല്‍ പി. ടി തോമസ് എംഎല്‍എ രംഗത്ത് ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് പി. ടി തോമസിന് പിന്തുണ ലഭിച്ചിരുന്നില്ല. അദ്ദേഹത്തിനെതിരെ ഭരണ കക്ഷിയില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിട്ടും പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.
ഇടത് എംഎല്‍എ മുകേഷിനെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേസിന്റെ ഗുഢാലോചന നടക്കുമ്പോള്‍ പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. കേസിന്റെ തുടക്കം മുതല്‍ മുകേഷ് സ്വീകരിച്ച നിലപാട് സംശയത്തിന് ഇടനല്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ തെളിവുകള്‍ വന്നതോടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: