കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത ദിവസം മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ താരമായത് പൃഥ്വിരാജ്.
ദിലീപിനെ അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ താര സംഘടന പിളരുമെന്ന സൂചനയാണ് നടന് നല്‍കിയത്. ചര്‍ച്ച തുടങ്ങിയപ്പോള്‍ ദിലീപിനെ പുറത്താക്കാനാവില്ലെന്ന് തന്നെയായിരുന്നു ജനറല്‍ സെക്രട്ടറിയായ മമ്മൂട്ടിയുടെ നിലപാട്.
സംഘടനയുടെ ബൈലോ ഉയര്‍ത്തിപ്പിടിച്ചാണ് മമ്മൂട്ടി ന്യായീകരിച്ചത്. ഇതോടെ തനിക്കു പറയാനുള്ള കാര്യങ്ങള്‍ പുറത്തു മാധ്യമങ്ങളോട് പറയുമെന്ന നിലപാട് പൃഥ്വി സ്വീകരിച്ചു. ആസിഫ് അലിയും രമ്യാ നമ്പീശനും പൃഥ്വിക്കൊപ്പം നിന്നു.
എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് മമ്മൂട്ടിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ പുറത്താക്കണമെന്ന് ആസിഫ് അലി തുറന്നടിച്ചു. ഭരണഘടന പ്രകാരം അതിന് കഴിയില്ലെന്ന് മമ്മൂട്ടി പറഞ്ഞു.
അങ്ങനെയാണെങ്കില്‍ ഭരണഘടനയനുസിരിച്ച് പല പരാതികള്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തന്റെ സിനിമകള്‍ കൂവി തോല്‍പ്പിച്ചതും ഡിസ്ട്രിബ്യൂട്ടര്‍മാരെ സ്വാധീനിച്ച വിഷയങ്ങളും പൃഥ്വി ഉയര്‍ത്തി. നിങ്ങള്‍ ഭരണഘടന പ്രകാരം തീരുമാനമെടുത്തോളൂവെന്നും ഞാന്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാമെന്നും പൃഥ്വി തുറന്നടിച്ചു.
ഇതോടെ തര്‍ക്കത്തില്‍ ഇടപ്പെട്ട മോഹന്‍ലാല്‍, പൃഥ്വിയുടെ കൈപിടിച്ച് ഇരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് വേഗത്തില്‍ പ്രസ്താവന ഇറക്കാനും തീരുമാനിച്ചു. നടിക്കുള്ള പിന്തുണ മാധ്യമങ്ങളോട് നേരിട്ട് അറിയിക്കണമെന്ന ആവശ്യവും മമ്മൂട്ടി അംഗീകരിച്ചു. അമ്മയിലെ പിളര്‍പ്പ് ഒഴിവാക്കാനായിരുന്നു ഈ ഒത്തുതീര്‍പ്പുകളുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: