ന്യൂജേഴ്സി: മുന്‍ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ അഴിമതിക്കഥകള്‍ പുറത്തുകൊണ്ടുവരികയും രാജിയിലേക്ക് നയിക്കുകുയും ചെയ്ത ചക് ബ്ലേസര്‍ (72) അന്തരിച്ചു. ചെറുകുടലിലെ കാന്‍സറിന് ചികിത്സയിലിരിക്കെ ന്യൂജേഴ്സിയിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു ബ്ലേസറുടെ അന്ത്യം. കടുത്ത പ്രമേഹരോഗിയുമായിരുന്നു ബ്ലേസര്‍.
1997 മുതല്‍ 2013 വരെ ഫിഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്ന ബ്ലേസര്‍ ബ്ലാറ്ററുടെ അടുത്ത അനുയായികളില്‍ ഒരാളായിരുന്നു. 1998, 2010 ലോകകപ്പ് വേദികള്‍ അനുവദിച്ചതിന് പകരമായി കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന കുറ്റസമ്മതം നടത്തിയതോടെയാണ് ബ്ലേസര്‍ നോട്ടപ്പുള്ളിയായത്.
2010 ലോകകപ്പ് വേദി കിട്ടുന്നതിനായി ദക്ഷിണാഫ്രിക്ക 100 ലക്ഷം ഡോളര്‍ കൈക്കൂലി തന്നിട്ടുണ്ടെന്നാണ് ബ്ലേസര്‍ മൊഴി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ബ്ലേസറെ ഫിഫയില്‍ നിന്നും പുറത്താക്കുകയും ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫിഫ പ്രസിഡന്റായിരുന്ന സെപ്പ് ബ്ലാറ്ററും അഴിമതിയുടെ കുരുക്കില്‍പ്പെട്ടത്. പിന്നീട് ബ്ലാറ്റര്‍ക്ക് സ്ഥാനം രാജിവെച്ചൊഴിയേണ്ടിവരികയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: