വടകര : തിരുവള്ളൂര്‍ കോട്ടപ്പള്ളി കണ്ണമ്പത്ത് കരയില്‍ സിപിഎം – ലീഗ് സംഘര്‍ഷം. ബോംബേറും വാഹനങ്ങള്‍ കത്തിക്കലും വ്യാപകം. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ അക്രമികള്‍ അഴിഞ്ഞാടി. കഴിഞ്ഞ ദിവസങ്ങളിലായി പ്രദേശത്ത് വ്യാപക സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് വീണ്ടും അക്രമം അരങ്ങേറിയത്.
ബുധനാഴ്ച രാത്രി പത്തരമണിയോടെയാണ് അക്രമങ്ങള്‍ക്ക് തുടക്കം. കണ്ണമ്പത്തുകര ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന മുസ്ലിം ലീഗുകാര്‍ക്ക് നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. റെമീസ് പുതിയോട്ടിലിന്റെ ഇനോവ കാര്‍ തകര്‍ത്തു. അഞ്ച് ലീഗ് പ്രവര്‍ത്തകരുടെ ബൈക്കുകള്‍ അടിച്ചു തകര്‍ത്തു. തുടര്‍ന്ന് മുസ്ലീം ലീഗുകാര്‍ പന്ത്രണ്ടോളം വാഹനങ്ങള്‍ കത്തിച്ചു. ഇതില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ബൈക്കും ഉള്‍പ്പെടുന്നു.
തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പള്ളിക്കോപ്പത്ത് അശോകന്, പള്ളിക്കോപ്പത്ത് രജീഷ്, കൊയ്യോള്ളതില് കുഞ്ഞിരാമന്, റീജ കെട്ടില്‍, മുണ്ടേരി കുമാരന്, എന്നിവരുടെ ബൈക്കുകള്‍ അടിച്ചു തകര്‍ത്ത് വടകര-മാഹി കനാലില്‍ വലിച്ചെറിഞ്ഞു. രാജീവന് കുനിയല്‍, ദിനേശന് ചാത്തോത്ത്, മഠത്തില്‍ വിജീഷ്, മഠത്തില്‍ ഷാജി എന്നിവരുടെ ബൈക്കുകള്‍ പൂര്‍ണ്ണമായും അഗ്നിക്കിരയാക്കി. കുറ്റിക്കണ്ടി റിജിനിന്റെ ഇന്നോവ കാറും അടിച്ചു തകര്‍ത്തിട്ടുണ്ട്. മഠത്തില്‍ താഴെകുനി സുരേന്ദ്രന്, രാഗേഷ്, എന്നിവരുടെ ഓട്ടോറിക്ഷകളും കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മഠത്തില്‍ കുഞ്ഞിരാമന്റെ ആക്ടീവ സ്കൂട്ടറും അക്രമികള്‍ കത്തിച്ചു. ബോംബേറിന്റെ ശബ്ദം കേട്ട് റോഡിലേക്കിറങ്ങിയ മുസ്ലിം ലീഗ് പ്രവര്ത്തകന് തെക്കയില്‍ മൂസയെ മാരാകായുധങ്ങള്‍ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഈ സമയം അടച്ചിരുന്ന കട തുറക്കാനെത്തിയ ലീഗ് പ്രവര്ക്കനായ മുപ്പറക്കുനി റിയാസിനെ അടിച്ചു പരുക്കേല്‍പ്പിക്കുകയും സ്ഥാപനമായ ഡ്രീംസ് അലൂമിനിയം ഫാബ്രിക്കേഷന്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. ബോംബിന്റെ ചീളുതെറിച്ച് ലീഗ് പ്രവര്‍ത്തകനായ ഉണ്ണീരാങ്കണ്ടി സെയ്ദിന് പരുക്കേറ്റു. സെയ്ദും മൂസയും വടകരയിലെ സ്വകാര്യ ആശുപത്രിയിലും റിയാസ് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവര്‍ത്തകരെ വടകര എസ്ഐ എം സനല്‍രാജ് അറസ്റ്റ് ചെയ്തു. കോട്ടപ്പള്ളി സ്വദേശികളായ തെക്കേടത്ത് താഴെക്കുനിയില്‍ സബിത്ത്(20), എടത്തുംപൊയില് താഴെകുനിയില്‍ അഖില്‍രാജ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവങ്ങളില്‍ ഇതുവരെ അഞ്ചു കേസുകളിലായി 30 ഓളം പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ലീഗ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തിരുവള്ളൂര്‍ പഞ്ചായത്തിലുടനീളം സംഘര്‍ഷം കണക്കിലെടുത്ത് വടകര സിഐ ടി മധുസൂദനന് നായരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് തിരുവള്ളൂര്‍ പഞ്ചായത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: