കൊച്ചിയില്‍ സിനിമാ നടിയെ തട്ടികൊണ്ടുപോയി ശാരീരികമായി ആക്രമിച്ച കേസില്‍ പ്രമുഖ നടന് ദിലീപിന്റെ അറസ്റ്റടക്കം ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ മലയാള സിനിമ ലോകത്തിന് എക്കാലത്തും മറക്കാന്‍ കഴിയാത്ത നാണക്കേടിന്റെ അപൂര്‍വ്വ പര്‍വ്വമാണ് സമ്മാനിച്ചിരിക്കുന്നത്.
ഒരുപക്ഷേ ക്വാട്ടേഷന് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായൊരു പുതുപ്രയോഗത്തിനുകൂടി ഈ സംഭവം ഇടയായി- ക്വാട്ടേഷന് റേപ്പ്. കൂടെ വര്‍ക്കുചെയ്യുന്ന സഹാപ്രവര്ത്തകയുടെ കാവലാകേണ്ട ആണ്‍പ്രജകള്‍ക്ക് ഇത്തരമൊരു ക്വാട്ടേഷന് നടപ്പാക്കാന്‍ എങ്ങനെ മനസ്സുവന്നു എന്നുള്ളത് ആശ്ചര്യപ്പെടുത്തുമ്പോള്‍ തന്നെ, ഏറ്റവും നീചവും നിന്ദ്യവുമായ പ്രവൃത്തിയായേ അതിനെ കാണാന്‍ കഴിയൂ.
സിനിമ മേഖലയിലുള്ളവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് സമഗ്രമായ ആന്വേഷണം ആവശ്യമാണെന്നുതന്നെയാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്. കുടുംബം കലക്കുന്നവര്‍ക്ക് കാലം കാത്തുവെയ്ക്കുന്ന സമ്മാനങ്ങള്‍ എത്ര അത്ഭുതകരമാണ്. തെളിവ് അവശേഷിപ്പിക്കുന്ന ദൈവത്തിന്റെ കാവ്യനീതിയും മഹത്തരമാണ്.
മനോജ് കൃഷ്ണന്
പെരുമ്പാവൂര്‍
ഇതിഹാസങ്ങളും നമ്മുടെ ഇഷ്ടവും
ഇതിഹാസങ്ങളായ രാമായണത്തെക്കുറിച്ചും മഹാഭാരതത്തെക്കുറിച്ചും വ്യാഖ്യാനങ്ങള്‍ തട്ടിക്കൂട്ടുമ്പോള്‍ മൂലകൃതിയോട് പൊരുത്തമുള്ളതാകാന് വളരെ ശ്രദ്ധിക്കണം. നമുക്കിഷ്ടമായ വിധം എഴുതാനാണെങ്കില്‍ അതിന് വേറെ പേരും നല്‍കേണ്ടിവരും. അത് വേദവ്യാസവിരചിതമായ കൃതിയോ എഴുത്തച്ഛന്റെ കൃതിയോ ആവില്ല. എംടിയുടെ രണ്ടാമൂഴത്തിനും ഇതു ചേരും. രണ്ടാമൂഴം വായിക്കുന്ന ഏതൊരാള്‍ക്കും അനുഭവപ്പെടുന്നത് ആ വരികള്ക്കുള്ളില്നിന്നും എത്തിനോക്കുന്ന അമര്‍ഷമോ നിരാശയോ ഒക്കെയാണ്.
സത്യവ്രതന്, പാല്‍ക്കുളങ്ങര,
കൊല്ലം
ഗുരുവായൂരിലെ പ്ലേറ്റൂട്ട്
ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദ ഊട്ട് വീണ്ടും പ്ലേറ്റിലേക്ക് മാറ്റിയിരിക്കുന്നു. ഒരിക്കല്‍ പരീക്ഷിച്ച്, ഭക്തജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ച സമ്പ്രദായം വീണ്ടും ഉളുപ്പില്ലാതെ ഭക്തജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ഭരണസമിതി. ഭക്ഷണം പ്ലേറ്റിലായാല് എന്താ തകരാറെന്നു ചോദിക്കാം. തിരുപ്പതി തുടങ്ങി അനേകം ക്ഷേത്രങ്ങളില്‍ അങ്ങനെയല്ലേ നടന്നുവരുന്നത് എന്നും ചോദിക്കാം. പ്ലേറ്റിന്റെ കാര്യം മാത്രമല്ല, മറ്റുകാര്യങ്ങളിലും ഗുരുവായൂര്‍ ക്ഷേത്രത്തെ ഇതര ക്ഷേത്രങ്ങളുമായി താരതമ്യപ്പെടുത്താത്തത് എന്തുകൊണ്ടാണ്? ആ സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്.
ക്ഷേത്രത്തിലെ ഭക്ഷണം പ്രസാദമായിട്ടാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത്. നടത്തുന്നവര്‍ അത് അന്നദാനമായിട്ടോ സര്വ്വാണിസദ്യയായിട്ടോ കണക്കാക്കുന്നുണ്ടാകാം. പ്രസാദം ഇലയില്‍തന്നെ നല്കുവാന് ഇന്ന് ഗുരുവായൂര്‍ ദേവസ്വത്തിനു സാധിക്കും.
ക്ഷേത്രത്തിലെ ഉച്ഛിഷ്ടം മുഴുവന്‍ എല്ലാകാലവും മുനിസിപ്പാലിറ്റി പേറണമെന്നുപറയുന്നത് ശുദ്ധ വിവരക്കേടാണ്. മാലിന്യം ഉറവിടത്തില്‍തന്നെ സംസ്ക്കരിക്കണമെന്ന് ഗീര്‍വാണമടിച്ചാല്‍ മാത്രം പോരാ, പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുകയും വേണം. ഉച്ഛിഷ്ടങ്ങള്‍ ശേഖരിച്ച് ആധുനിക രീതിയിലുള്ള ഇന്‍സിനറേറ്ററിലൂടെ ഒട്ടുംതന്നെ പരിസ്ഥിതി മലിനീകരണമില്ലാതെ സംസ്ക്കരിക്കുവാനുള്ള സൗകര്യവും സാമ്പത്തിക സ്ഥിതിയും ഇന്ന് ഗുരുവായൂര്‍ ദേവസ്വത്തിനുണ്ട്.
രാഷ്ട്രീയത്തിന്റെ പേരിലായാലും മറ്റേതു കാരണത്താലും മുനിസിപ്പാലിറ്റിയോടുള്ള വൈരാഗ്യം ഭക്തജനങ്ങളോടു തീര്‍ക്കുന്നത് ശരിയല്ല- അങ്ങാടിയില്‍ തോറ്റതിന് അമ്മയോടെന്ന പോലെ!
ടി.സംഗമേശന്,
താഴെക്കാട്
റിസര്‍വ് ബാങ്ക് അധികൃതരോട് ഒരു വാക്ക്
ഇരുന്നൂറ് രൂപ നോട്ട് അടിക്കാന്‍ പോകുന്നുവെന്ന് പത്രത്തില്‍ കണ്ടു. ദയവായി ഈ നോട്ടിന്റെ രൂപകല്‍പ്പന ക്ലാസ് ഫോര്‍ ഓഫീസര്‍മാരെ ഏല്‍പ്പിച്ച് കുളമാക്കരുത്. ഇപ്പോള്‍ നിലവിലുള്ള രണ്ട് രൂപ തുട്ട് മറ്റ് ചില്ലറ തുട്ടുകളില്നിന്ന് വേര്‍തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തണമെങ്കില്‍ അരമണിക്കൂറെങ്കിലും വേണം.
അതുകൊണ്ട് ഇപ്പോള്‍ നിലവിലുള്ള നൂറ് രൂപാ നോട്ടില്‍, 100 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് 200 എന്ന് മാത്രം എഴുതി അച്ചടിക്കരുത് എന്ന് സാധാരണക്കാരായ ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഒറ്റനോട്ടത്തില്‍തന്നെ വ്യത്യാസം വേണം. ഇതൊരു ആഗ്രഹം മാത്രമല്ല, ആവശ്യം കൂടിയാണെന്ന് റിസര്‍വ് ബാങ്ക് അധികൃതര്‍ മനസ്സിലാക്കണം.
കാവല്ലൂര്‍ ഗംഗാധരന്,
ഇരിങ്ങാലക്കുട
പ്രതികരിക്കാൻ ഇവിടെ എഴുതുക: