കോഴഞ്ചേരി: ആറന്മുള വള്ളസദ്യകള്‍ നാളെ നടക്കാനിരിക്കെ മണ്‍പുറ്റ് നീക്കം പള്ളിയോടങ്ങളുടെ സുഗമമായ യാത്രക്ക് തടസ്സമാകുമെന്ന് ആശങ്ക. പള്ളിയോടങ്ങള്‍ നീറ്റിലിറക്കുന്നതിന് മുന്‍പ് മണ്‍പുറ്റുകള്‍ നീക്കി നദീതടം യാത്രാസൗഹൃദമാക്കണമെന്ന് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അവസാന ദിവസങ്ങളിലാണ് ജലസേചന വകുപ്പ് നടപടികള്‍ ആരംഭിച്ചത്.
വന്‍ യന്ത്രങ്ങള്‍ ഇറക്കി നദിയില്‍ നിന്നും മണ്പുറ്റുനീക്കുന്നതിന് പാരിസ്ഥിതിക സംഘടനകള്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് ഇവര്‍ വലിയ ഡ്രഡ്ജര്‍ നദിയിലേക്ക് ഇറക്കിയത്. വള്ളസദ്യ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് കൊണ്ടുവന്ന യന്ത്രത്തിന്റെ ഭാഗങ്ങള്‍ കൂട്ടി യോജിപ്പിക്കാന്‍ ദിവസങ്ങള്‍ എടുക്കുകയാണ്. ഇന്നലെയോടെയാണ് കൂട്ടിയോജിപ്പിക്കല്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയത്.
പരീക്ഷണാടിസ്ഥാനത്തില്‍ മണ്‍പുറ്റുകള്‍ എടുക്കാന്‍ ശ്രമിക്കുകയാണ്. സത്രക്കടവില്‍ ഇറക്കിയിട്ടിരിക്കുന്ന വിവിധയന്ത്രങ്ങളും ട്യൂബുകളും ഉപയോഗിച്ചാണ് മണ്‍പുറ്റുകള്‍ നീക്കുന്നത്. എന്നാല്‍ ഇതോടെ നദിയില്‍ ചെളി നിറയാനാണ് സാദ്ധ്യത കൂടുതല്‍. ഇത് പള്ളിയോടങ്ങളുടെ സുഗമമായ യാത്രയ്ക്ക് വിഘാതമാകുകയും ചെയ്യും.
ക്ഷേത്ര കടവ് മുതല്‍ സത്ര കടവ് വരെയുള്ള ഭാഗത്തെ പുറ്റുകളാണ് ആദ്യഘട്ടത്തില്‍ നീക്കുന്നതെന്നാണ് അറിയുന്നത്. ഇവിടെ ചെളി നിറഞ്ഞാല്‍ പള്ളിയോടങ്ങള്‍ തിരിക്കുന്നതിനും ക്ഷേത്രകടവിലേക്ക് അടുപ്പിക്കുന്നതിനും തടസ്സമാകും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ചെളി നിറഞ്ഞതുമൂലം കടവിലേക്ക് പള്ളിയോടങ്ങള്‍ അടുക്കുന്നതിന് കാര്യമായ തടസ്സം നേരിട്ടിരുന്നു.
പൊട്ടിയ കുപ്പികളും മറ്റും ചെളിയില്‍ തറച്ചിരുന്നത് കാലില്‍ മുറിവുകളുണ്ടാകുവാന് കാരണമായിരുന്നു. നദീ മധ്യത്തില്‍ പള്ളിയോടങ്ങള്‍ നിര്‍ത്തിയ ശേഷം കരക്കാര് ചെളിയിലൂടെ നടന്ന് വള്ളസദ്യക്ക് എത്തേണ്ടതായും വന്നിരുന്നു. ഇക്കുറിയും പണി വൈകുന്നത് മൂലം ഇതേ അവസ്ഥതന്നെയാകാനാണ് സാദ്ധ്യത
പ്രതികരിക്കാൻ ഇവിടെ എഴുതുക: