അടൂര്‍: കാര്‍ഷിക ഗ്രാമമായ പള്ളിക്കല്‍ പഞ്ചായത്തിലെ ഏക കൃഷി ഓഫീസ് പരാധീനതകളാല്‍ വീര്‍പ്പ് മുട്ടുന്നു. കെ.പി റോഡരികില്‍ വായനശാല ജംഗ്ഷനില്‍ ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് കൃഷിഭവന് പ്രവര്‍ത്തിക്കുന്നത്.
ഇടുങ്ങിയ കുടുസ്സുമുറികളിലായാണ് കൃഷിഭവന്റെ പ്രവര്‍ത്തനം. സ്ഥലപരിമിതി മൂലം കൃഷിക്കാര്‍ക്ക് വിതരണത്തിനായി എത്തുന്ന ഫലവൃക്ഷ തൈകള്‍, വളം, വിത്ത് ,ഗ്രോബാഗുകള്‍ എന്നിവ സൂക്ഷിക്കാനിടമില്ലാതെ ജീവനക്കാര്‍ ബുദ്ധിമുട്ടുകയാണ്.
ഇവ താഴെ നിന്നും ചുമന്ന് മുകളിലത്തെ നിലയില്‍ എത്തിച്ചാണ് സൂക്ഷിക്കുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ മുന്‍ വശത്ത് ഇടുങ്ങിയ സ്ഥലത്താണ് കുരുമുളക് തൈകളുള്പ്പെടെയുള്ളവ അടുക്കി വച്ചിരിക്കുന്നത്.
സ്ഥലമില്ലാത്തതിനാല്‍ ഒരു അലമാര മുറിക്ക് പുറത്താണ് വച്ചിരിക്കുന്നത്. ഫയലുകളൊ അലമാരകളോ സൂക്ഷിക്കാനിടമില്ലാത്ത ഓഫിസില്‍ നൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും പറ്റാത്ത സ്ഥിതിയാണ്. കര്‍ഷകരുടെ യോഗങ്ങള്‍, ക്ലാസുകള്‍ എന്നിവ നടത്തുന്നത് ഇവിടെ നിന്നും കിലോമീറ്റര്‍ അകലെയുള്ള പഞ്ചായത്ത് ഓഫീസില്‍ വച്ചാണ്. കാര്‍ഷികാവശ്യങ്ങള്‍ക്കായി കൃഷി ഓഫീസിലെത്തുന്നവര്‍ ഈ അസൗകര്യങ്ങള്‍ മൂലം ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
രണ്ട് വില്ലേജുകളിലായി 23 വാര്‍ഡുകള്‍ ചേര്‍ന്ന പഞ്ചായത്തിലെ കൃഷിഭവന് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും സ്വന്തമായ കെട്ടിടം നിര്‍മിക്കാനാവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ പഞ്ചായത്തും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കൃഷി ഓഫീസില്‍ കൃഷി ഓഫീസര്‍,മൂന്ന് കൃഷി അസിസ്റ്റന്റുമാര്‍, ഓഫീസ് അറ്റന്റര്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവരാണുള്ളത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൃഷി ഭവനില്‍ മതിയായ സൗകര്യങ്ങളില്ലാത്തതു മൂലം ഉദ്യോഗസ്ഥര്‍ക്ക് സ്വസ്ഥമായി ജോലി ചെയ്യുവാനും സാധിക്കുന്നില്ല. കൃഷിഭവന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കണമെന്ന ആവിശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: