തിരുവല്ല: ജിഎസ്ടിയുടെ മറവില്‍ ഹോട്ടലുകളിലും ബേക്കറികളിലും പകല്‍കൊള്ള. ജൂലായ് ഒന്നുമുതല്‍ ഭക്ഷണശാലകളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന നിര്‍ദേശത്തെ മറയാക്കിയാണ് ഈ പകല്‍ക്കൊള്ള. ചായ മുതല്‍ ബിരിയാണി വരെയുള്ള വിഭവങ്ങള്‍ക്ക് നിലവിലുള്ള വിലയിന്മേല് ജിഎസ്ടി നിരക്കുകൂടി ചുമത്തിയാണ് ഇവര്‍ വില ഈടാക്കുന്നത്.
മുന്തിയ ഹോട്ടലുകളില്‍ ജിഎസ്ടി ബില്ലില്‍ രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ ബില്ലുപോലും നല്‍കാത്ത ചെറുകിട ഹോട്ടലുകളാണ് കൊള്ളക്കാര്‍. നഗരത്തിലെ ഹോട്ടലുകളില്‍ ജിഎസ്ടിയുടെ പേരില്‍ ഊണിന് 25 രൂപ വരെ അധികം വാങ്ങുന്നുണ്ട്. 40 രൂപ ഉണ്ടായിരുന്ന ഊണിന് ഇപ്പോള്‍ 65 രൂപയാണ് വാങ്ങുന്നത്.
എസി ഇല്ലാത്ത ഹോട്ടലുകളില്‍ പരമാവധി 12 ശതമാനം മാത്രമെ ജിഎസ്ടി ഈടാക്കാവൂ. എന്നാല്‍ നാടന്‍ തട്ടുകടകളില്‍വരെ വിലവര്‍ദ്ധനവ് നടപ്പിലാക്കി. ഇരട്ടി തുകവരെ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ഏത് മാനദണ്ഡം വച്ചാണെന്ന് വ്യക്തമല്ല. നിലവില്‍ വാറ്റും സേവന നികുതിയും ഉള്‍പ്പടെയുള്ള നിരക്കാണ് വിലവിവര പട്ടികയിലോ മെനുകാര്ഡിലോ രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള വിലകുറച്ചശേഷമമേ ജിഎസ്ടി ചുമത്താവൂ. ഇത് പ്രകാരം ജിഎസ്ടി നിലവില്‍വരുമ്പോള്‍ വില കുറയേണ്ടതാണ്. അതോടൊപ്പം തന്നെ എണ്ണപ്പലഹാരങ്ങള്‍ക്കും വില എട്ടില്‍നിന്ന് ഒമ്പത് മുതല്‍ പന്ത്രണ്ട് വരെയാക്കീട്ടുണ്ട്. തട്ടുകടകള്‍ മുതല്‍ ഇടത്തരം ഹോട്ടലുകളില്‍വരെ വിലവര്‍ധന ഉണ്ടായിട്ടുണ്ട്.
ഭക്ഷണം കഴിച്ചശേഷം ബില്ലുമായെത്തുന്ന സപ്ലെയര്‍ പണത്തോടൊപ്പം ബില്ലും തിരിച്ചുകൊണ്ടുപോകുന്ന സ്ഥിതിയാണുള്ളത്. ബില്ല് കൈവശം വയ്ക്കാന്‍ ഉപഭോക്താവിനാണ് അവകാശമുള്ളത്. ഇത് ചോദ്യം ചെയ്ത പലയിടത്തും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജിഎസ്ടിക്കുശേഷം ഹോട്ടലുകളിലുണ്ടായ വിലക്കയറ്റം നിയന്ത്രിക്കാന്‍ ധനമന്ത്രി ഹോട്ടലുടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. നിലവിലുള്ള വില കുറച്ചശേഷം മാത്രമെ ജിഎസ്ടി ചുമത്താവൂയെന്ന നിര്‍ദേശം ഹോട്ടലുടമകള്‍ അംഗീകരിച്ചില്ല.
സാധാരണ ഹോട്ടലുകളില്‍ അഞ്ച് ശതമാനവും എസി ഹോട്ടലുകളില്‍ പത്ത് ശതമാനവുമാണ് വിലകുറയ്ക്കേണ്ടത്. ഇങ്ങനെ കുറച്ചവിലയില്‍ ജിഎസ്ടി നിരക്കുകള്‍ ചുമത്തി സര്‍ക്കാരിലേയ്ക്ക് അടയ്ക്കുകയാണ് വേണ്ടത്. വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിട്ടുണ്ടെന്നും ലീഗല്‍മെട്രോളജി വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: