കാസര്‍കോട്: നിയമസഭയില്‍ മന്ത്രി എ. കെ.ബാലന് പ്രഖ്യാപിച്ച വീട് നിയമസഭാ രേഖകളില്‍ തന്നെ ഉറങ്ങുന്നു. ബദിയഡുക്ക, കാടമന, കൊറഗ കോളനിയിലെ ജാനകി (65) ഇപ്പോഴും തലചായ്ക്കാന്‍ കക്കൂസ് തന്നെ ശരണം. എട്ട് മാസം മുമ്പാണ് ജാനകിയുടെ കക്കൂസ് ജീവിതം പുറം ലോകമറിഞ്ഞത്. ജാനകിയുടെ ജീവിത കഥയുടെ പൂര്‍ണ്ണവിവരങ്ങള്‍ അറിയിക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ച മന്ത്രി നിയമസഭായില്‍ വെച്ച് സൗജന്യവീട് നല്‍കുന്നതായും പ്രഖ്യാപിച്ചു. കാടമന, കൊറഗ കോളനിയിലെത്തിയ വിവിധ വകുപ്പുദ്യോഗസ്ഥന്മാര്‍ മൂന്നു മാസത്തിനുള്ളില്‍ വീട് നിര്‍മ്മിച്ചു നല്‍കാമെന്നു പറഞ്ഞ് മടങ്ങി.
പക്ഷേ, വീട് പോയിട്ട് അതിന്റെ പ്രാരംഭ നടപടികള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. പരേതരായ കൊറഗ ഭട്ട്യ ചെനിയാറു ദമ്പതികളുടെ മൂന്നുമക്കളില്‍ മൂത്തവളാണ് ജാനകി. സംസാര ശേഷിയും കേള്‍വിയും കുറവാണ്. നേരത്തെ വാണിനഗറിലേക്ക് കല്യാണം കഴിച്ചു കൊടുത്തു. അയാള്‍ ഉപേക്ഷിച്ചതിനാല്‍ മഞ്ചേശ്വരത്തെ ഒരാളുമായി കല്യാണം നടന്നു. പക്ഷേ, രണ്ടാമത്തെ ഭര്‍ത്താവ് മരിച്ചതോടെ ജാനകി ഒറ്റയ്ക്കായി.
അച്ഛനും അമ്മയും മരിച്ചതോടെ കാടമന കോളനിയിലെ ഒരു കക്കൂസില്‍ താമസം തുടങ്ങി. സ്വകാര്യ ബീഡി തെറുപ്പാണ് പണി. തൊട്ടടുത്ത് താമസക്കാരായ സഹോദരി യമുനയാണ് ഏക ആശ്രയം. സഹോദരന് ബാലകൃഷ്ണനും ഉണ്ട്. അച്ഛന്റെ പേരിലുള്ള 42 സെന്റ് സ്ഥലം മക്കളുടെ പേരില്‍ ആയിട്ടില്ല. ജാനകിക്ക് വീട് ലഭിക്കണമെങ്കില്‍ ഈ സ്ഥലത്തിന്റെ സ്കെച്ച് വേണമെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷേ, സഹോദരി യമുന ആറുമാസമായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും അധികൃതര്‍ ഇപ്പോഴും സ്ഥലത്തിന്റെ സ്കെച്ച് വരച്ചു കൊണ്ടിരിക്കുകയാണെന്നു പറയുന്നു. കൊറഗ സമുദായംഗമായ ജാനകിയെ സഹായിക്കാന്‍ അതേ വിഭാഗത്തില്‍ നിന്നുള്ള പ്രമോട്ടറെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. പക്ഷേ അതുകൊണ്ടും ജാനകിയുടെ നരകതുല്യ ജീവിതത്തിന് മാറ്റമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: