കൊച്ചി: ഓണത്തിന്റെ വരവറിയിച്ച് രാജനഗരിയായ തൃപ്പൂണിത്തുറയില്‍ അത്താച്ചമയാഘോഷം ആഗസ്ത് 25ന് നടത്തുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് വൈകിട്ട് 5ന് തൃപ്പൂണിത്തുറ ഹില്‍പാലസ് അങ്കണത്തില്‍ വച്ച് രാജവംശത്തിന്റെ ഇപ്പോഴത്തെ അവകാശിയില്‍ നിന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ അത്തപതാക ഏറ്റുവാങ്ങും. തുടര്‍ന്ന് പതാകയുമായി അത്തം നഗരിയിലേക്ക് എത്തുന്നതോടെ ഓണാഘോഷത്തിനുള്ള കാഹളം മുഴങ്ങും.
സംസ്ഥാനത്തെ ഓണാഘോഷത്തിന് ഔദ്യോഗികമായ തുടക്കം സമ്മാനിച്ച് 25ന് പ്രശസ്തമായ അത്തം ഘോഷയാത്ര നടത്തും. വിവിധ കലാരൂപങ്ങള്‍ക്കും, ദൃശ്യവിസ്മയങ്ങള്ക്കുമൊപ്പം 25,000 ഓളം കലാകാരന്മാരും ഘോഷയാത്രയില്‍ പങ്കെടുക്കും. മന്ത്രി തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിക്കും. എം സ്വരാജ് എംഎല്‍എ അധ്യക്ഷത വഹിക്കും. അന്നേ ദിവസം രാവിലെ 10 മുതല്‍ അത്തപ്പൂക്കളമത്സരവും വൈകിട്ട് 3ന് പൂക്കള പ്രദര്‍ശനവും ഉണ്ടായിരിക്കും. ഇത്തവണ അത്തംഘോഷയാത്രയില് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി ഒഴിവാക്കി ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
അത്താഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കലാമത്സരങ്ങള്‍ നാളെ മുതല്‍ ആഗസ്ത് 20 വരെ നടക്കും. 21 മുതല്‍ 24 വരെ കഥാപ്രസംഗ മേള. അത്താഘോഷത്തിന്റെ ഭാഗമായി ചതയം നാള് വരെ തൃപ്പൂണിത്തുറ ബോയ്സ് സ്ക്കൂള് ഗ്രൗണ്ടില്‍ ട്രേഡ് ഫെയറും സംഘടിപ്പിക്കും. ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ മൂന്നുവരെ വിവിധ കലാപരിപാടികളും അരങ്ങേറും. മൂന്നിന് രാവിലെ 9ന് നഗരസഭ അധ്യക്ഷയുടെ നേതൃത്വത്തില്‍ തൃക്കാക്കര നഗരസഭാംഗങ്ങള്‍ക്ക് അത്തംപതാക കൈമാറും. വൈകിട്ട് ആറിന് സമാപനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: