ന്യൂദല്‍ഹി: പ്ലാച്ചിമടയില്‍ ഫാക്ടറി തുറക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് കൊക്കകോള കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. പ്ലാച്ചിമടയിൽ പ്ലാന്റിന് പെരുമാട്ടി ഗ്രാമ പഞ്ചായത്ത് അനുമതി നിഷേധിച്ചത് കമ്പനി ചോദ്യം ചെയ്തില്ല. ഇതോടെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ പ്രസക്തി ഇല്ലാതായി.
പെരുമാട്ടി ഗ്രാമപഞ്ചായത്ത് മുന്നോട്ടുവെച്ച 17 കർശന വ്യവസ്ഥകൾ കേട്ടുകേൾവിയില്ലാത്തതെന്ന് ചൂണ്ടിക്കാട്ടി പ്ലാച്ചിമടയിൽ കൊക്കകോള കമ്പനിക്ക് ലൈസൻസ് പുതുക്കി നൽകാൻ ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പെരുമാട്ടി പഞ്ചായത്ത് സുപ്രീംകോടതിയെ സമീപിച്ചത്. കമ്പനിക്ക് പ്രവർത്തിക്കാൻ അനുകൂല സാഹചര്യമില്ലാത്തതിനാൽ ഇനി പദ്ധതിയുമായി മുന്നോട്ടില്ലെന്ന് കമ്പ്നിയുടെ അഭിഭാഷകൻ വ്യക്തമാക്കുകയായിരുന്നു.
മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തിൽ ഉന്നതാധികാര സമിതി പ്ലാച്ചിമടയിലെ കോളനികൾ സന്ദർശിച്ച് 216.16 കോടി രൂപ കോളക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് നിർദേശിച്ചിരുന്നു. ഇത് സംബന്ധിച്ച ബിൽ സംസ്ഥാനം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനയച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തിരിച്ചയക്കപ്പെട്ട ഈ ബില്ലിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരും നടപടിയൊന്നും എടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: