ചവറ: കെഎംഎംഎല്ലിലേക്ക് കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ നിന്നും കല്‍ക്കരി കൊണ്ടുവരുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമി ഏറ്റെടുത്ത് റയില്‍ പാത നിര്‍മ്മിച്ചിരുന്നു. എന്നാല്‍ 40 മീറ്റര്‍ വീതിയില്‍ നിര്‍മ്മിച്ച ഈ പാത ഇപ്പോള്‍ ഉപയോഗശൂന്യമായ നിലയിലാണ്.
കരുനാഗപ്പള്ളി റയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന ഈ പാത കന്നേറ്റി പാലത്തിന് പടിഞ്ഞാറ് ഭാഗത്തുകൂടി പന്മന കൊതുകുമുക്ക് വട്ടക്കായലിന് കുറുകെ നിര്‍മ്മിച്ച പാലത്തിലൂടെയാണ് ടൈറ്റാനിയം ജങ്ഷനില്‍ എത്തുന്നത്. അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള ഈ പാത 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടികള്‍ ചിലവഴിച്ചാണ് നിര്‍മ്മിച്ചത്. റയില്‍പാതയുടെ മിക്കഭാഗവും ജീര്‍ണിച്ച് ഇളകിപോയ അവസ്ഥയിലാണ്. നാട്ടുകാര്‍ ഇത് വഴിയായി ഉപയോഗിക്കുകയാണ്. ഈ സ്ഥലം കെഎംഎംഎലില്‍ നിന്നും സര്‍ക്കാര്‍ ഏറ്റെടുത്ത് ദേശീയപാതയുടെ സമാന്തരപാതയാക്കി മാറ്റിയാല്‍ കൊല്ലത്തുനിന്നും, ശാസ്താംകോട്ടയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ടൈറ്റാനിയം ജങ്ഷനില്‍ നിന്നും തിരിഞ്ഞാല്‍ തിരക്ക് ഒഴിവാക്കി ചുരുങ്ങിയ ദൂരം കൊണ്ട് കരുനാഗപ്പള്ളിയില്‍ എത്താന്‍ സാധിക്കും. കെഎംഎംഎല്ലിലേക്ക് വരുന്ന എല്‍പിജി, ഫര്‍ണസ് ഓയില്‍, ക്ലോറിന്‍ തുടങ്ങിയ മറ്റ് രാസവസ്തുക്കളും ഹൈവേ ഒഴിവാക്കി ഈ സമാന്തരപാതയിലൂടെ എത്തിച്ചാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അപകടസാധ്യതകള്‍ കുറയും. ഈ പാത യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യം ശക്തമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: