പരപ്പനങ്ങാടി: പത്തു രൂപയുടെ നാണയങ്ങള്‍ക്ക് വിപണിയില്‍ അപ്രഖ്യാപിത വിലക്ക്. ചെറുകിട കച്ചവടക്കാര്‍ കൈയൊഴിയുന്നു.
നഗരഗ്രാമ പ്രദേശങ്ങളിലെ ഉള്‍പ്രദേശങ്ങളില്‍ കച്ചവടം ചെയ്യുന്നവര്‍ പോലും പത്ത് രൂപാനാണയങ്ങള്‍ സ്വീകരിക്കാതെയായി.പോക്കറ്റിന് കനം കൂടുമെന്നതിനാല്‍ ഉപഭോക്താക്കളില്‍ പലരും നാണയങ്ങള്‍ തിരിച്ച് സ്വീകരിക്കാത്തതിനാലാണ് നാണയങ്ങള്‍ ഉപയോഗിച്ചുള്ള വിനിമയം മരവിക്കാന്‍ കാരണമായതെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു.
പല കച്ചവടക്കാരുടെയും കൈയില്‍ രണ്ടായിരം മുതല്‍ അയ്യായിരം വരെയുള്ള നാണയങ്ങള്‍ കൈവശമുണ്ട് ചരക്കെടുക്കാന്‍ പോകുന്ന മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ പോലും നാണയങ്ങള്‍ സ്വീകരിക്കാത്തതാണ് ചെറുകച്ചവടക്കാര്‍ക്ക് തിരിച്ചടിയായത്. ഇതാടെയാണ് പലരും പത്ത് രൂപാനാണയങ്ങള്‍ സ്വീകരിക്കാതെയായത്.
സ്വകാര്യബസുകളിലും നാണയങ്ങള്‍ സ്വീകരിക്കാത്തത് പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
നോട്ടു നിരോധന സമയത്താണ് കൂടുതല്‍ നാണയങ്ങള്‍ ബാങ്ക് വഴി പുറത്തിറക്കിയത്. ഈ സമയത്ത് ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള വ്യാജനാണയങ്ങള്‍ ഇറങ്ങിയെന്ന വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് പലരും നാണയങ്ങള്‍ കൈയൊഴിഞ്ഞിരുന്നു. പത്ത് രൂപയുടെ നാണയങ്ങള്‍ പിന്‍വലിച്ചേക്കാമെന്ന വ്യാജപ്രചരണവും ജനം നാണയത്തെ കൈയൊഴിയുന്ന ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: