ന്യൂദല്‍ഹി: പ്രസിദ്ധിയില്‍ തിളങ്ങി നില്‍ക്കുമ്പോഴും സ്വന്തം ദൗത്യവും വ്രതവും മറക്കാത്ത വ്യക്തിത്വമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സ്വയംസേവകനെന്ന നിലയിലും കാര്യകര്‍ത്താവ് എന്ന നിലയിലും ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തുന്നതിന് മുമ്പ് എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും തുടരുന്നത്.
സംഘസ്വയംസേവകന്റെ ജീവിതരീതി പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷവും അദ്ദേഹം തുടരുന്നു, സര്‍സംഘചാലക് പറഞ്ഞു. പ്രധാനമന്ത്രി മോദിയെപ്പറ്റി ദ മേക്കിംഗ് ഓഫ് എ ലജന്റ് എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. മോഹന്‍ ഭാഗവത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ഭാരതത്തിന് വലിയ പ്രതീക്ഷയാണുള്ളത്. ഇവിടെ യാതൊന്നും നടക്കില്ല എന്നു വിശ്വസിച്ചിരുന്നവര്‍ക്ക് മനസ്സിലായി എല്ലാം നടത്താനാവുമെന്ന്. അദ്ദേഹത്തിന്റെ വ്യക്തിത്വവും നേതൃഗുണവും കര്‍മ്മ പദ്ധതികളുമാണ് ഇന്ന് നമ്മെ ആകര്‍ഷിക്കുന്നത്.
അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ എല്ലാവരും ശ്രമിക്കണം. ഒരാളില്‍ എന്താണ് കാണുന്നത്, എന്താണ് കാണാന്‍ ആഗ്രഹിക്കുന്നത് എന്ന് പറയാറുണ്ട്. എന്നാല്‍ നരേന്ദ്രമോദിയില്‍ ഇതുരണ്ടും ഒരുമിച്ച് നമുക്ക് ദര്‍ശിക്കാനാവും, സര്‍സംഘചാലക് പറഞ്ഞു.
മോദിയെപ്പോലെ കര്‍മ്മനിരതനായ വ്യക്തിത്വമാണ് സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകനായ വിന്ദേശ്വര്‍ പാഠക്. അദ്ദേഹമെഴുതി പുസ്തകത്തിന്റെ പ്രകാശന കര്‍മ്മത്തില്‍ പങ്കെടുക്കുകയെന്നത് അഭിമാനകരമായ കാര്യമാണെന്നും സര്‍സംഘചാലക് പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, നാഷണല്‍ ബുക് ട്രസ്റ്റ് ചെയര്മാന് ബല്‍ദേവ് ശര്‍മ്മ, സുലഭ് ഇന്റര്‍നാഷണല്‍ സ്ഥാപകന്‍ വിന്ദേശ്വര്‍ പാഠക് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: