കോഴഞ്ചേരി: ഗോവിന്ദനാമ സങ്കീര്‍ത്തനം പാടി ആറന്മുള വള്ളസദ്യയ്ക്ക് ശനിയാഴ്ച തുടക്കമാകും. തിരുവാറന്മുള പാര്‍ത്ഥസാരഥിയുടെ ഇഷ്ട വഴിപാടായ വള്ളസദ്യയ്ക്കാണ് ശനിയാഴ്ച തുടക്കം കുറിക്കുന്നത്. ആറന്മുളയിലെ വഴിപാടുകളില്‍ പ്രധാനം അന്നദാനമാണ്.
അഭീഷ്ടകാര്യസിദ്ധിക്കായി നടത്തുന്ന പ്രധാന വഴിപാടാണ് വള്ളസദ്യ. അനന്തശായിയായ മഹാവിഷ്ണുവിന്റെ സങ്കല്പത്തിലാണ് പള്ളിയോടങ്ങളുടെ നിര്‍മ്മിതി.
പള്ളിയോടങ്ങള്‍ക്ക് വഴിപാട് നല്കുന്ന ഭക്തര്‍ വഴിപാടു ദിനത്തില്‍ രാവിലെ ക്ഷേത്ര ദര്‍ശനം നടത്തിയശേഷം കൊടിമരചുവട്ടില്‍ ആറന്മുള ദേവനും പള്ളിയോടത്തിനുമായി നിറപറയും നിലവിളക്കും ഒരുക്കി വെയ്ക്കും. ക്ഷേത്രത്തില്‍ നിന്നും പൂജിച്ചുവാങ്ങുന്ന പൂമാലകളുമായി പള്ളിയോട കരയിലെത്തി പൂമാലയുള്പ്പെടെയുള്ള ആടയാഭരണങ്ങള്‍ അണിയിപ്പിച്ച് കരക്കാരെ പള്ളിയോടങ്ങളില്‍ കയറ്റി വെറ്റ, പുകയില, അടയ്ക്ക നല്കി ആറന്മുളയിലേക്ക് യാത്രയാക്കും.
ക്ഷേത്രക്കടവിലെത്തുന്ന പള്ളിയോടത്തെ വഴിപാടുകാര്‍ സ്വീകരിക്കും. വെറ്റ, പുകയില, അടയ്ക്ക എന്നിവ നല്കി പള്ളിയോടത്തില്‍ എത്തുന്നവരെ അഷ്ടമംഗല്യം, താലപ്പൊലി, വാദ്യമേളം അലുക്കിട്ട പട്ടുകുട എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രമുറ്റത്തേക്ക് എതിരേല്ക്കും.
വഞ്ചിപ്പാട്ട് പാടി ക്ഷേത്ര പ്രദക്ഷിണം പൂര്‍ത്തിയാക്കുന്ന കരക്കാരെ സദ്യാലയത്തിലേക്ക് സ്വീകരിച്ചിരുത്തും. ഇവരോടൊപ്പം ആറന്മുളയപ്പന്റെ അദൃശ്യസാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. പൊന്‍ പ്രകാശം തുളുമ്പുന്ന വിളക്കത്ത് വിളമ്പണം : എന്ന് കരക്കാര് പാടി തുടങ്ങുമ്പോള്‍ ഭഗവത് സങ്കല്പത്തില് വെച്ച വിളക്കിനുമുമ്പില്‍ വിഭവങ്ങള്‍ മുഴുവന്‍ വഴിപാടുകാരന് വിളമ്പും. ശേഷം സദ്യാലയത്തിലെ മുഴുവന്‍ ആളുകള്‍ക്കും വിഭവ സമൃദ്ധമായ സദ്യ വിളമ്പും.
മറ്റെങ്ങുമില്ലാത്ത വിഭവങ്ങള്‍ ആറന്മുള വള്ളസദ്യയുടെ മാത്രം പ്രത്യേകതയാണ്. മടന്തയില, തകരയില തോരന്‍, എളിശ്ശേരി, അമ്പഴങ്ങ, പാളത്തൈര്, വഴുതനങ്ങ മെഴുക്കുപുരട്ടി, പഴുത്തമാങ്ങാക്കറി, താളുകറി, കിണ്ടിപ്പാല്‍ തുടങ്ങി 60 ലധികം വിഭവങ്ങള്‍ ഇവിടെ വിളമ്പുന്നു.
പാടിചോദിക്കുന്ന വിഭവങ്ങള്‍ നല്‍കണമെന്നത് നിര്‍ബന്ധവുമാണ്. സാഹിത്യം, സംസ്കാരം, പാചക നൈപുണ്യം എന്നിവ വിശ്വാസത്തോടൊപ്പം ചേരുന്നുവെന്നത് ശ്രദ്ധേയമാണ്.
കരക്കാര് മനം നിറഞ്ഞ് വള്ളസദ്യ സ്വീകരിച്ച ശേഷം കൊടിമരത്തില്‍ ചുവട്ടിലെത്തി വഴിപാടിന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് ‘അഷ്ടിയുണ്ട് ഞങ്ങളിന്ന് ഇഷ്ടവരം നല്‍കീടാനായി, ഇഷ്ടവരം നല്‍കീടേണേ പാര്‍ത്ഥസാരഥേ’… എന്ന സ്തുതി പാടി നിറപറ തളിച്ച് ദക്ഷിണയും സ്വീകരിച്ച് പ്രദക്ഷിണമായി ക്ഷേത്രക്കടവിലെത്തി പള്ളിയോടങ്ങളില്‍ യാത്രയാവും.
ക്ഷേത്രക്കടവ് വരെ വഴിപാടുകാരും ഇവരോടൊപ്പം അനുഗമിക്കും. ഇതോടെ വള്ളസദ്യ വഴിപാടിന്റെ ചിട്ടവട്ടങ്ങള്‍ അവസാനിക്കുന്നു. ഏകദേശം 50000 രൂപയ്ക്കുമുകളില്‍ ചിലവുവരുന്ന വഴിപാടാണ് വള്ളസദ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: