ന്യൂദല്‍ഹി: ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാവി മൂന്ന് ദിവസത്തിനുള്ളില്‍ അറിയാം. അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രിയും ലാലുവിന്റെ മകനുമായ തേജസ്വി യാദവ് രാജിവെക്കണമെന്ന ആവശ്യത്തില്‍ തീരുമാനം അറിയിക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഖ്യകക്ഷിയായ ആര്‍ജെഡിക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ നേരിടാന്‍ രാജി അനിവാര്യമാണെന്ന് ജെഡിയു ലാലുവിനെ അറിയിച്ചു. എന്നാല്‍ ഇത് പരസ്യമായി സമ്മതിക്കാന്‍ ജെഡിയു തയ്യാറായില്ല. അഴിമതി കേസുകള്‍ സംബന്ധിച്ച് ലാലു കുടുംബം സമൂഹത്തോട് വിശദീകരിക്കണമെന്ന് ജെഡിയു നേതാവ് കെ.സി. ത്യാഗി പറഞ്ഞു. രാജിയില്ലെന്നാണ് നേരത്തെ അര്‍ജെഡി വ്യക്തമാക്കിയിരുന്നത്.
അഴിമതി രഹിത ഭരണവും ക്ലീന്‍ ഇമേജുമാണ് നിതീഷിന്റെ രാഷ്ട്രീയ സമ്പാദ്യം.
നേരത്തെ ബിജെപിയുമായി ചേര്‍ന്ന് ഭരിച്ചതു പോലെയല്ല ഇപ്പോഴത്തെ കാര്യങ്ങള്‍. ഭരണത്തില്‍ ലാലുവും മക്കളും അനാവശ്യമായി ഇടപെടുന്നു. സിബിഐ അന്വേഷണവും ഭരണത്തിന്റെ പ്രതിഛായ നശിപ്പിച്ചു. ഇത് ഏറെക്കാലം തുടരാനാകില്ലെന്ന് പാര്‍ട്ടി യോഗത്തില്‍ നിതീഷ് വ്യക്തമാക്കിയിരുന്നു. ആരോപണം നേരിടുന്നവര്‍ സംശുദ്ധരായി തിരിച്ചുവരണമെന്നും അധികാരത്തിനായി വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും നിതീഷ് പറഞ്ഞു. തുടര്‍ന്നാണ് നിലപാടറിയിക്കാന്‍ ലാലുവിന് 72 മണിക്കൂര്‍ അനുവദിച്ചത്.
സിബിഐ അന്വേഷണം കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിന്റന്റെ ഭാഗമാണെന്ന് ആര്‍ജെഡി ആരോപിക്കുന്നു. ഇത് മുഖവിലക്കെടുക്കാനോ പിന്തുണ നല്‍കാനോ ജെഡിയു തയ്യാറല്ല. പ്രതിസന്ധി ഘട്ടത്തില്‍ നിതീഷ് കൂടെനില്ക്കാത്തതില് ലാലു കുടുംബത്തിന് അരിശമുണ്ട്. സഖ്യം അവസാനിപ്പിക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം വാദിക്കുന്നു. ഇപ്പോഴത്തെ സിബിഐ അന്വേഷണത്തിന് പിന്നില്‍ നിതീഷിന്റെ പരോക്ഷ ഇടപെടലുണ്ടെന്നും ഇവര്‍ വിശ്വസിക്കുന്നുണ്ട്.
നിതീഷ് ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നതും ബിജെപി പിന്തുണ വാഗ്ദാനം ചെയ്തതും സഖ്യമവസാനിപ്പിക്കുന്നതില് നിന്നും ലാലുവിനെ പിന്തിരിപ്പിക്കുന്നു. ജെഡിയു-ബിജെപി സഖ്യം ബിഹാറില്‍ വീണ്ടും ഉടലെടുത്താല്‍ രാഷ്ട്രീയ ഭാവി അവസാനിക്കുമെന്നാണ് ലാലുവിന്റെ കണക്കുകൂട്ടല്‍. അതിനാല്‍ നിതീഷിനോടുള്ള പ്രതിഷേധമായി മുഴുവന്‍ മന്ത്രിമാരെയും പിന്‍വലിച്ച് പുറത്തുനിന്നും പിന്തുണക്കാമെന്ന നിലപാടും ചര്‍ച്ചയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: