കൊച്ചി: കേരളം ഭരിച്ചവര്‍ വനവാസി സമൂഹത്തെ പിഴുതെറിഞ്ഞതായി സാമൂഹ്യ പ്രവര്‍ത്തക ദയാ ബായ്. ദയാബായിയെക്കുറിച്ചുള്ള ഹിന്ദി സിനിമയുടെ പോസ്റ്റര്‍ റിലീസിംഗിനോടനുബന്ധിച്ച് മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
വനവാസി സമൂഹത്തെ അവരുടെ ഭൂമിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. ഊരുകളില്‍ നിന്നോടിച്ച് വിട്ട്, പിന്നീട് വീട് നല്‍കാമെന്നു പറയുകയാണ് സര്‍ക്കാരുകള്‍. ജീവിക്കാനാഗ്രഹിക്കുന്നിടത്തു നിന്ന് കുടിയൊഴിപ്പിച്ച ശേഷം കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം അവര്‍ക്കായി നടത്തുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. വനവാസികള്‍ അവരുടെ സമൂഹത്തില്‍ ജീവിക്കാനാണ് താല്പര്യപ്പെടുന്നത്.
കേരളത്തിനെ അപേക്ഷിച്ച മദ്ധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ വനവാസി സമൂഹത്തിന് മികച്ച സംരക്ഷണം നല്‍കുന്നുണ്ട്. അവിടങ്ങളില്‍ മറ്റ് വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് വനവാസി മേഖലകളിലെ സ്ഥലങ്ങള്‍ വാങ്ങാന്‍ പോലുമുള്ള അനുവാദമില്ല. വനവാസി സമൂഹത്തിലുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതാകുന്ന സംഭവങ്ങള്‍ ഗൗരവമുള്ളതാണ്. ഇതേപ്പറ്റി കൃത്യമായ അന്വേഷണം നടത്തണം. കേരളത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമ ലോകം അധഃപതിക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കേസുമായി മുന്നോട്ട് പോയ നടിയെ ആദരിക്കുന്നു. വലിയ നടന്മാരുടെ മൗനം ആശ്ചര്യപ്പെടുത്തി. അന്തിമ വിധി വരുന്നത് വരെ പോരാട്ടം തുടരണം.
തനിക്കും ജീവിതത്തില്‍ നിരവധി തവണ ശാരീരികമായ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനുകളില്‍ നിന്ന് ഉപദ്രവങ്ങളേറ്റിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി മദ്ധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ വനവാസി ഊരിലെത്തിയപ്പോള്‍ ‘ഹം ജംഗിള്‍ കി ബെന്തര്‍ ഹെ’ എന്ന ഒരു വനവാസി മൂപ്പന്റെ വാചകമാണ് അവരുടെ ഇടയിലേക്ക് ഇറങ്ങാന്‍ പ്രേരണയായത്. തുടര്‍ന്ന് അഞ്ച് രൂപയ്ക്ക് കൂലിപ്പണി ചെയ്ത് അവരില്‍ ഒരാളായി പുതിയൊരു ജീവിതം ആരംഭിച്ചു. ഇത് വനവാസി സമൂഹത്തിന് അംഗീകാരം നേടിക്കൊടുക്കാന്‍ വേണ്ടിയായിരുന്നു.
പ്രവര്‍ത്തനത്തിനിടയില്‍ ഒട്ടേറെ തിക്താനുഭവങ്ങളാണ് നേരിടേണ്ടി വന്നത്. വിതുമ്പി കരഞ്ഞ് കൊണ്ടാണ് ശാരീരികമായ ആക്രമണത്തെക്കുറിച്ച് ദയാ ബായ് വിവരിച്ചത്. ചടങ്ങില്‍ സിനിമയുടെ സംവിധായകന് ശ്രീവരുണ്‍, ദയാബായിയുടെ വേഷമിടുന്ന നടി ബിതിതാ ബാഗ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: