ന്യൂദല്‍ഹി: ജിഎസ്ടി നടപ്പിലായത് പ്രതികൂലമായി ബാധിക്കുമെങ്കിലും ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് മാരുതി സുസുകി. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയ ചരക്ക് സേവന നികുതി നിരക്ക് കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് മാരുതി സുസുകി.
ചരക്ക് സേവന നികുതി ഘടനയനുസരിച്ച് ആഡംബര കാറുകള്‍ക്ക് നിശ്ചയിച്ച അതേ 28 ശതമാനം ജിഎസ്ടിയും 15 ശതമാനം സെസ്സുമാണ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ചുമത്തിയിരിക്കുന്നത്. നേരത്തെ 30.3 ശതമാനം നികുതിയാണ് നല്കിയിരുന്നതെങ്കില് ജിഎസ്ടി വന്നതോടെ ആകെ 43 ശതമാനം നികുതി ഭാരമാണ് ഹൈബ്രിഡ് വാഹനങ്ങളില്‍ വന്നുചേര്‍ന്നത്.
പരിസ്ഥിതി സൗഹൃദ, മെച്ചപ്പെട്ട ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും ഹൈബ്രിഡൈസേഷന് നടപ്പാക്കാന്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും മാരുതി സുസുകി ഇന്ത്യാ മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ കെനിച്ചി ആയുകാവ വ്യക്തമാക്കി.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ജിഎസ്ടി ഹൈബ്രിഡൈസേഷനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാരുമായി നിരന്തര ആശയവിനിമയം നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: