കണ്ണൂര്‍: ഒരാഴ്ചയായി കാലാവസ്ഥയിലുണ്ടായ വ്യതിയാനം മൂലം ജില്ല പനിച്ച് വിറക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പനിബാധിച്ച് ജില്ലയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരനുള്‍പ്പെടെ അഞ്ചോളം പേരാണ് മരണപ്പെട്ടത്. മിഥുനമാസത്തിലെ അവസാന ആഴ്ചകളിലും മഴ വല്ലപ്പോളുമേ എത്തുന്നുള്ളൂ. അപൂര്‍വ്വമായെത്തുന്ന മഴ പെയ്തുകഴിഞ്ഞാല്‍ തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദിവസം ഒന്നോ രണ്ടോ മഴയാണ് ലഭിക്കുന്നത്. തുടര്‍ന്ന് നല്ല വെയിലും അനുഭവപ്പെടുന്നു.
ഈ കാലാവസ്ഥയാണ് പനിയടക്കമുള്ള പകര്‍ച്ച രോഗങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ്ജീവനക്കാരനായ വടക്കുമ്പാട് സ്വദേശി ശ്രീകൃഷ്ണ നിവാസില്‍ കെ.എം.അനില്‍ (52), അണ്ടലൂര്‍ തട്ടാരിമുക്ക് വാത്സല്യത്തില്‍ പരേതനായ വേലാണ്ടി വത്സന്-വത്സല ദമ്പതികളുടെ മകള്‍ ടി.നിഷ (40), ഉളിക്കല്‍ പുറവയലിലെ കന്നനാട്ട് സ്കറിയയുടെ മകന് റോബിന് സ്കറിയ (30), വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിലെ കൈത്തോട്ടില്‍ അപ്പുക്കുട്ടന് നായരുടെ മകള്‍ അഞ്ചു (24), നടുവില്‍ പൊട്ടംപ്ലാവിലെ തോമസിന്റെ ഭാര്യ സിമി തോമസ് (34), ഡെങ്കിപ്പനി ബാധി ച്ച് മട്ടന്നൂര്‍ വെമ്പടിയിലെ പീറ്റക്കണ്ടി സുരേന്ദ്രന് (52) തുടങ്ങിയവരാണ് മരിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരത്തോളംപേര്‍ പനിബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിനാല്‍ പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ക്ക് ക്ഷാമമില്ലെങ്കിലും മരുന്ന് എടുത്തുകൊടുക്കാനുള്ള ജീവനക്കാരുടെ ക്ഷാമം രൂക്ഷമാണ്.
മണിക്കൂറുകള്‍ കാത്തിരുന്നാണ് രോഗികള്‍ ഡോക്ടറെ കാണുന്നത്. തുടര്‍ന്ന് മരുന്നിനായി വീണ്ടും മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നത് രോഗികളെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്. ജില്ലയിലെ പിഎച്ച്സികളിലും താലൂക്ക്, ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രികളിലും ഡോക്ടര്‍മാരുടെ കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒന്നോരണ്ടോ ഡോക്ടര്‍മാര്‍ മാത്രം ഡ്യൂട്ടിയിലുണ്ടാകുന്ന ആശുപത്രികളില്‍ പരിശോധനക്കെത്തുന്നത് അഞ്ഞൂറിലേറെ രോഗികളാണ്. അതുകൊണ്ടുതന്നെ ഇരുന്നൂറ്, മുന്നൂറ് രോഗികളെയാണ് ഒരുദിവസം ഒരു ഡോക്ടര്‍ പരിശോധിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള ഒപി പല ആശുപത്രികളിലും ഉണ്ടെങ്കിലും ഇത് പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമായിട്ടില്ല. പല സര്‍ക്കാര്‍ ഡോക്ടര്‍മാരും ഈ സമയങ്ങളില്‍ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയാണ്. ഇതെല്ലാംകൊണ്ടുതന്നെ രോഗികള്‍ പലരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്.
സ്വകാര്യ ആശുപത്രികളാവട്ടെ രോഗികളെ കൊള്ളയടിക്കുന്നതായും പരാതിയുണ്ട്. ലാബ് പരിശോധനക്കെല്ലാം കഴുത്തറുപ്പന്‍ ചാര്‍ജ്ജുകളാണ് പലയിടങ്ങളിലും ഈടാക്കുന്നത്. കണ്ണൂരില്‍ സ്വകാര്യ ആശുപത്രി നഴ്സ്മാരുടെ സമരവും ചില ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചുട്ടുണ്ട്. പനി കൂടാതെ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, വൈറല്‍പനി, വയറിളക്കം തുടങ്ങി പലതരത്തിലുള്ള രോഗങ്ങളും ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ തയ്യാറാകാത്തത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: