കല്‍പ്പറ്റ: കണിയാമ്പറ്റ സര്‍വീസ് സഹ. ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ലീഗ് വിമത സ്ഥാനാര്‍ഥികള്‍ക്ക് വിജയം.ജനതാദള്‍യു (ജെഡിയു) അംഗങ്ങള്‍ വിമതരെ പിന്തുണച്ചു. ഇതിനിടെ പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് വോട്ട് ചെയ്തവരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണന് പ്രസ്താവനയില്‍ അറിയിച്ചു. 11 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് ബാങ്കിനുള്ളത്. കോണ്‍ഗ്രസ് 5, മുസ്ലീം ലീഗ്4, ജെ.ഡി.യു.2 എന്നിങ്ങനെയാണ് കക്ഷി നില. യുഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കൈമാറ്റം ചെയ്യാനായി നടത്തിയ തെരഞ്ഞെടുപ്പിലാണ് യുഡിഎഫിലെ രൂക്ഷമായ വിഭാഗീയത വെളിച്ചത്തു വന്നത്. ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനുമായിരുന്നു.
രണ്ടാം പകുതിയില്‍ പ്രസിഡന്റ് പദവി ലീഗിനും വൈസ് പ്രസിഡന്റ് പദവി കോണ്‍ഗ്രസിനുമാണ് ലഭിക്കേണ്ടത്. കോണ്‍ഗ്രസ് വൈത്തിരി ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ. ജോര്‍ജായിരുന്നു പ്രസിഡന്റ, ലീഗിലെ കെ.കെ. മുത്തലിബ് വൈസ് പ്രസിഡന്റും. ഇവര്‍ രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൈജയന്തി പുഷ്പദത്തനായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി. ഇവര്‍ക്കെതിരേ മത്സരിച്ചത് യൂത്ത്കോണ്‍ഗ്രസ് കണിയാമ്പറ്റ മണ്ഡലം മുന്‍ പ്രസിഡന്റ് കെ.എ. രമേശനായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ലീഗില്‍ നിന്ന് വി.എസ്. സിദീഖും എന്‍. അഹമ്മദും മത്സരിച്ചു. ലീഗിലെ വിഭാഗീയതയാണ് ഇതിനു വഴിതെളിച്ചത്. ലീഗ് പഞ്ചായത്ത് കമ്മിറ്റി നിര്‍ദേശിച്ചത് വി.എസ്. സിദീഖിനെയായിരുന്നു. എന്‍. അഹമ്മദ് മത്സര രംഗത്ത് എത്തിയത് ഒരു ജില്ലാ ഭാരവാഹിയുടെ പ്രേരണയിലാണെന്നു പറയപ്പെടുന്നു. അഞ്ചിനെതിരേ ആറ് വോട്ടുകള്‍ക്കാണ് വിമതര്‍ ജയിച്ചത്. പി.കെ. ജോര്‍ജ്, കെ.എ. രമേശന് എന്നിവര്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാത്തതിനാണ് ഇവര്‍ക്കെതിരേ നടപടിയെന്ന് ഡിസിസി പ്രസ്താവനയില്‍ പറയുന്നു.
ജനതാദളിലെ പൗലോസ് കുറുമ്പേമഠം, രുഗ്മിണി ഭാസ്ക്കരന്‍, ലീഗിലെ എന്‍. അഹമ്മദ്, കെ.കെ. മുത്തലിബ് എന്നിവരാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് എതിരേ വോട്ട് ചെയ്തത്.ഇതിനിടെ ജെ.ഡി.യു. സ്ഥാനാര്‍ഥികള്‍ സ്വീകരിച്ച നിലപാട് സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ വ്യക്തമായ മറുപടി നല്‍കിയില്ല. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്നായിരുന്നു താന്‍ നിര്‍ദേശം നല്‍കിയതെന്ന് അദേഹം പറഞ്ഞു. ജെഡിയു പ്രതിനിധികളുടെ നിലപാടില്‍ കുഴപ്പമുണ്ടെന്നു കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് അവിടെ യുഡിഎഫില്‍ മൊത്തത്തില്‍ കുഴപ്പമാണെന്ന് അദേഹം പ്രതികരിച്ചു. കോണ്‍ഗ്രസിലും ലീഗിലും ആഭ്യന്തര കുഴപ്പമുണ്ടെന്നും അതുകൊണ്ടാണ് വിമതന്മാര് ഉണ്ടായതെന്നും അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: