പുതുക്കാട്: പാലിയേക്കര ടോള്‍പ്ലാസയില്‍ നിന്ന് സൗജന്യ യാത്രാ പാസ്സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നു. ടോള്‍പ്ലാസയുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന വാഹനയാത്രക്കാര്‍ക്ക് സൗജന്യ യാത്ര കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും ഈ പരിധിയില്‍ വരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലേയും പ്രദേശങ്ങളിലെ താമസക്കാര്‍ക്ക് ടോള്‍പ്ലാസ അധികൃതര്‍ പാസ് നിഷേധിച്ചതായി പറയുന്നു.
പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണെങ്കില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മണ്ണുത്തി, ഒല്ലൂക്കര, കാളത്തോട്, കിഴക്കേകോട്ട, പള്ളിക്കുളം, കൊക്കാല ഡിവിഷനുകളിലുള്ളവര്‍ക്കും പാറളം, കാറളം, മുരിയാട് പഞ്ചായത്തുകളിലുള്ളവര്‍ക്കും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ ചില ഡിവിഷനുകളില്‍ താമസിക്കുന്നവര്‍ക്കും യാത്രാ സൗജന്യത്തിന് അര്‍ഹതയുണ്ട്. എന്നാല്‍ ചുറ്റളവിന് പകരം റോഡ് മാര്‍ഗ്ഗമുള്ള ദൂരപരിധിയാണ് പരിഗണിക്കുക എന്നു പറഞ്ഞ് ടോള്‍ അധികൃതര്‍ അപേക്ഷകള്‍ നിരസിക്കുകയാണ്.
ചുറ്റളവിനു പകരം റോഡ് ദൂരം കണക്കാക്കുന്നതിലൂടെ അര്‍ഹരായ ആയിരക്കണക്കിന് വാഹനയാത്രക്കാര്‍ക്കാണ് യാത്രാ സൗജന്യം നിഷേധിക്കപ്പെടുന്നത്.
















