പാലക്കാട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട്. 25 കിലോ കഞ്ചാവ് പിടികൂടി. വാളയാറിലും ഒലവക്കോട്ടുമായി നടത്തിയ പരിശോധനയില്‍ രണ്ടുപേരെ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മലപ്പുറം വളാഞ്ചേരി വലിയകുന്ന് രാജ് ഭവനില്‍ വിഷ്ണു(21), ബംഗാള്‍ സ്വദേശി നിബാസ് ചന്ദ്രമോണ്ടല്(36) എന്നിവരാണ് പിടിയിലായത്. വാളയാര്‍ പാമ്പാംപള്ളം ടോള്‍പ്ലാസയ്ക്കു സമീപം എക്സൈസ് ടാസ്ക് ഫോഴ്സ് നടത്തിയ പരിശോധനയിലാണ് രണ്ടുകേസുകളിലായി 15 കിലോയോളം കഞ്ചാവ് പിടിച്ചെടുത്തത്. പത്തുകിലോ കഞ്ചാവു പിടിച്ചത് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്.
വാളയാറില്‍ ഇന്നലെ പുലര്‍ച്ചെ പറളി എക്സൈസ് റേഞ്ചിന്റെ പരിശോധനയ്ക്കിടെ ബസിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ അരകിലോ കഞ്ചാവാണ് ആദ്യം പിടിച്ചത്.
ഈ കേസില്‍ പ്രതിയെ കണ്ടെത്താനായില്ല. ഉച്ചയ്ക്കു ശേഷം ടാസ്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന തൃത്താല എക്സൈസ് റേഞ്ചിന്റെ പരിശോധനയില്‍ 14.4 കിലോ കഞ്ചാവുമായി നിബാസിനെ പിടികൂടി. എക്സൈസിന്റെ പരിശോധന മുന്‍കൂട്ടി അറിഞ്ഞ ഇയാള്‍ ടോള്‍പ്ലാസയ്ക്കു തൊട്ടു മുന്‍പ് ബസ് നിര്‍ത്തിയ ശേഷം തലചുമടുമായി കാല്‍നടയായി പോവുകയായിരുന്നു. സംശയം തോന്നി ചോദ്യംചെയ്തപ്പോള്‍ പച്ചക്കറിയാണെന്നു പറഞ്ഞു.
തലചുമട് പരിശോധിക്കാമൊരുങ്ങവെ ഉദ്യോഗസ്ഥരെ തട്ടിമാറ്റി ഓടുകയായിരുന്നു. പ്രതിയെ ടോള്‍പ്ലാസ കഴിഞ്ഞ് ഇരുന്നൂറുമീറ്ററോളം പിന്തുടര്ന്നാണ് പിടികൂടിയത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന തുണി സഞ്ചികള്‍ക്കിടയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കൊപ്പമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കോയമ്പത്തൂരില്‍ നിന്നു എറണാകുളം, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ മൊത്തവില്പ്പനക്കാര്ക്കായാണ് കഞ്ചാവു കൊണ്ടുവന്നതെന്നു പ്രതി മൊഴി നല്കി. പിടിച്ചെടുത്ത കഞ്ചാവിനു 15 ലക്ഷം രൂപയിലധികം വിലയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പറളി എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.എസ്. പ്രശോഭ്, തൃത്താല എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ എം.എസ്. പ്രകാശ്, പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.ബി. ഷാജു, പ്രേമാനന്ദ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ആര്. രാജേഷ്, രാജീവ്, ശ്രീജേഷ്, ഡ്രൈവര്‍ മുരളീമോഹന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇവിടെ കഞ്ചാവ് പിടികൂടുന്നത്.
ഇന്നലെ രാവിലെ കോയമ്പത്തൂര്‍ മംഗലാപുരം പാസഞ്ചര്‍ ട്രെയിനിലെത്തിയ വിഷ്ണുവില് നിന്നാണ് എട്ടുകിലോ കഞ്ചാവു പിടിച്ചത്. ബംഗളൂരു മടിവാളയില്‍ നിന്നും എത്തിച്ച കഞ്ചാവ് വളാഞ്ചേരി ഭാഗത്തേക്ക് കൊണ്ടുപോകാനാണ് എത്തിച്ചത്.
പാലക്കാട്ട് ട്രെയിനിറങ്ങി ബസില്‍ പോകാനൊരുങ്ങുമ്പോഴാണ് ആര്.പി.എഫും എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും പാലക്കാട് എക്സൈസ് റേഞ്ച് അധികൃതരും ചേര്‍ന്ന് പിടിച്ചത്. 36000 രൂപയ്ക്കാണ് കഞ്ചാവു വാങ്ങിയതെന്ന് വിഷ്ണു മൊഴി നല്കി. മുമ്പും ഇയാള്‍ കഞ്ചാവു കടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
പാലക്കാട് എക്സൈസ് ഐ.ബി ഇന്‍സ്പെക്ടര്‍ വി. രജനീഷ്, റേഞ്ച് ഇന്‍സ്പെക്ടര്‍ എം. റിയാസ്, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ്കുമാര്‍, സന്തോഷ്കുമാര്‍, വിപിന്‍ദാസ്, സജീവ്, മുഹമ്മദ് ഷെരീഫ്, ജയപ്രകാശ്, രാമചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീവ്, അഭിലാഷ്, ആര്.പി.എഫ് എ.എസ്.ഐ: മാത്യു സെബാസ്റ്റ്യന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നും രണ്ടുകിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ക്യാരി ബാഗിലാക്കിയാണ് ഉപേക്ഷിച്ചിരുന്നത്. ഇതില്‍ ആരെയും പിടികൂടാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: