നിലമ്പൂര്‍: നിലമ്പൂര്‍ ബീവറേജസ് ഔട്ട്ലെറ്റില് വീണ്ടും മോഷണം. ബീവറേജസ് കോര്‍പ്പറേഷന്റെ നിലമ്പൂര്‍ ഔട്ട്ലെറ്റിലാണ് ഞായറാഴ്ച രാത്രി ചുമര് തുരന്ന് മോഷണം നടത്തിയത്.
2015 നവംബര്‍ 15ന് സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. കേയ്സ് കണക്കിന് വില കൂടിയ മദ്യമാണ് അന്ന് കടത്തിക്കൊണ്ടുപോയിരുന്നത്.
ഒന്നര വര്‍ഷമായിട്ടും പ്രതികളെ പോലീസിന് പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് വീണ്ടും മോഷണം നടന്നത്. ഔട്ട്ലെറ്റിന്റെ പിറക് വശത്തെ ചുമരില്‍ ഒരാള്‍ക്ക് കയറാന്‍ പാകത്തില്‍ തുരന്നാണ് മോഷണം നടത്തിയത്. അകത്ത് കയറിയ മോഷ്ടാക്കള്‍ എത്ര മദ്യം കൊണ്ടുപോയിട്ടുണ്ടെന്നുള്ള കണക്കുകള്‍ ലഭിച്ചിട്ടില്ല.
ചില മദ്യത്തിന്റെ കെയ്സുകള് തുറന്നിട്ടുണ്ട്. മുന്‍വശത്തെ ക്യാഷ് കൗണ്ടറിലെ മേശവലിപ്പ് തുറന്നിട്ടുണ്ടങ്കിലും അതില്‍ പണം ഉണ്ടായിരുന്നില്ല. എന്നാല്‍ തൊട്ടപ്പുറത്തെ സ്റ്റോക് മുറിയിലെ മേശയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലെ വില്പന സംഖ്യയായ അന്‍പത് ലക്ഷം രൂപയുണ്ടായിരുന്നെങ്കിലും മോഷ്ടാക്കള്‍ക്ക് അത് കണ്ടെത്താനാകാത്തതിനാല്‍ നഷ്ടമായില്ല.
ചുമര് തുരന്ന സ്ഥലത്ത് മുളക് പൊടി വിതറിയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ പേര് സംഘത്തിലുണ്ടെന്നാണ് പോലീസ് നിഗമനം.
നൈറ്റ് വാച്ച് മാന്‍ ഉണ്ടങ്കിലും ഞായറാഴ്ച വീട്ടില്‍ പോയിരുന്നു. ഫോറന്‍സിക്ക് വിദഗ്ധരും നിലമ്പൂര്‍ എസ്ഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: