അങ്ങാടിപ്പുറം: വള്ളുവനാടും ഡെങ്കിപ്പനിയുടെ പിടിയിലമരുന്നു.
അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുകയും ഒരു മരണവും സംഭവിക്കുകയും ചെയ്തു.
പനി പിടിപ്പെട്ട നിരവധിപേര്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുമാണ്. രോഗം അനിയന്ത്രിതമായി പടരുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ഏറെ ജലാശയങ്ങളുള്ള മേഖലയിലെ ഭൂരിഭാഗം തോടുകളും കുളങ്ങളും ഒഴുക്ക് നിലച്ച് മാലിന്യം നിറഞ്ഞ നിലയിലാണ്.
സ്വകാര്യ വ്യക്തികളടക്കം പൊതുതോടുകള്‍ കയ്യേറി നികത്തിയതും പാടശേഖരങ്ങളില്‍ മതിലുകള്‍ നിര്മിച്ചതുമാണു ഒഴുക്ക് നിലക്കാന് കാരണം. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ തോട്ടിലും ഓടകളിലും പൊട്ടകിണറുകളിലുമാണു നിക്ഷേപിക്കുന്നത്. ഇവ കെട്ടിക്കിടന്ന് ചീഞ്ഞ് അഴുകി അസഹ്യമായ ദുര്‍ഗന്ധമാണ് ഉയരുന്നത്. മാത്രമല്ല, കൊതുകിനു വളരാന്‍ സാഹചര്യമൊരുങ്ങുകയും ചെയ്യുന്നു.
പനി വ്യാപകമായിട്ടും ആരോഗ്യവകുപ്പ് നിസ്സംഗത തുടരുകയാണ്.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. മഴക്കാല പൂര്‍വ്വ രോഗങ്ങള്‍ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ എടുക്കാതിരുന്നതാണു സ്ഥിതി സങ്കീര്‍ണമാക്കിയത്.
കാനകളും തോടുകളും ഒഴുക്കു തടസ്സപ്പെട്ട് കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടും മരുന്നുതളിക്കാനോ ഫോഗിംങ് നടത്താനോ നടപടി ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: