കൊച്ചി: സൂപ്പര്‍ താരങ്ങള്‍ നിറഞ്ഞു നിന്ന മലയാള സിനിമാ വേദിയില്‍ ദിലീപ് എന്ന താരത്തിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. വിജയിച്ച ചിത്രങ്ങള്‍ മാത്രമല്ല ദിലീപിനെ വാര്‍ത്തകളില്‍ നിറച്ചു നിര്‍ത്തിയത്. സിനിമയ്ക്കു പുറത്തെ സംഭവങ്ങളാണ് പലപ്പോഴും ദിലീപിനെ വിവാദങ്ങളില്‍ നിര്‍ത്തിയതും.
ഒരു മിമിക്രി താരത്തില്‍ നിന്ന് മലയാള സിനിമയെ ആകെ നിയന്ത്രിക്കുന്ന ശക്തി കേന്ദ്രമായി ദിലീപ് മാറുകയായിരുന്നു. സ്വന്തം നേട്ടങ്ങള്‍ക്കായി വെട്ടി വീഴ്ത്തേണ്ടവരെ വീഴ്ത്താനും വിരോധം തീര്‍ക്കാന്‍ വെട്ടി നിരത്താനും മടിക്കാത്തവന്‍ എന്ന് ദിലീപിനെക്കുറിച്ചു പറയുന്നത് ആദ്യ ഘട്ടത്തില്‍ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച വിനയന് തന്നെ.
വിനയന് സിനിമാ രംഗത്തു വേണ്ടെന്നു തീരുമാനിച്ചതും തന്നെ ഒഴിവാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞതും ദിലീപ് ആയിരുന്നു എന്നാണ് വിനയന് തന്നെ പറയുന്നത്. എന്നെ ഒഴിവാക്കാന്‍ ഒരു നടന് മുന്നിട്ടിറങ്ങി എന്ന് പിന്നീട് നടന് തിലകന് ആരോപണം ഉന്നയിച്ചതും ദിലീപിനെക്കുറിച്ചായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. തന്നെ മയക്കു മരുന്നു കേസില്‍ കുടുക്കിയ ആള് ഇപ്പോള്‍ അനുഭവിക്കുന്നു എന്ന് നടന് ഷൈന്‍ ടോം ചാക്കോ പറഞ്ഞതും ദിലീപിനെക്കുറിച്ചു തന്നെ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തിയെറ്റര്‍ ഉടമകളുടെ സംഘടന പൊളിച്ച് അതിന്റെ നേതാവായിരുന്ന ലിബര്‍ട്ടി ബഷീറിനെ വീട്ടിലിരുത്തിയപ്പോള്‍ സിനിമക്കാര്‍ ദിലീപിനെ തന്ത്രശാലി എന്നു വാഴ്ത്തി. പിന്നെ തിയെറ്റര്‍ ഉടമകളുടെ പുതിയ സംഘടനയ്ക്കു നേതൃത്വം നല്കി. ബഷീറിന്റെ തിയെറ്ററുകളില്‍ ഒറ്റ സിനിമ പോലും പ്രദര്‍ശനത്തിനു നല്‍കാത്ത സാഹചര്യത്തിനു നീക്കം നടത്തിയിരുന്നത്രേ ദിലീപ്. തിയെറ്ററുകള്‍ ഇടിച്ചു പൊളിക്കുന്നതിനെക്കുറിച്ചു പോലും ആലോചിച്ച ബഷീര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ദിലീപിനെതിരെ ചില നീക്കങ്ങള്‍ നടത്തി എന്നാണ് സൂചന.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താര സംഘടനയെ ഒന്നാകെ തനിക്കു പിന്നില്‍ അണിനിരത്താന്‍ ദിലീപിനു കഴിഞ്ഞു എന്നും ഓര്‍ക്കുക. പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷം പിറ്റേന്നത്തെ അമ്മ യോഗത്തിലും പുതിയ തിയെറ്റര്‍ സംഘടനാ ഉദ്ഘാടനത്തിലും ചെറു പുഞ്ചിരിയോടെ നിറഞ്ഞു നില്ക്കാന് ദിലീപിനു കഴിഞ്ഞു.
നടി ആക്രമിക്കപ്പെട്ട ദിവസം വൈകിട്ട് എറണാകുളത്ത് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഭവത്തില്‍ പ്രതിഷേധിക്കാനും നടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും ചേര്‍ന്ന താരങ്ങളുടെ കൂട്ടായ്മയില്‍ ദിലീപ് നടത്തിയ വികാര നിര്‍ഭരമായ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ ഇന്നലെ വ്യാപകമായി പ്രചരിച്ചു, ആ വീഡിയോയ്ക്കു കീഴില്‍ ആരോ കുറിച്ചിട്ടു, ദിലീപ്…നല്ല നടന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: