കൊട്ടാരക്കര: ഓര്‍ക്കാപ്പുറത്തെത്തിയ വൈദ്യുതിബില്‍ ശരിയ്‌ക്കും സുല്‍ഫിക്കറിനെ ഷോക്കടിപ്പിച്ചു. ഇതിന്റെ ഞെട്ടലിലാണിപ്പോഴും കൊട്ടാരക്കര അവണൂര്‍ രഹ്‌ന മന്‍സിലില്‍ സുല്‍ഫിക്കര്‍. കൃത്യമായി വൈദ്യുതിബില്‍ അടയ്‌ക്കാറുള്ള സുല്‍ഫിക്കറിന് ഇക്കുറി കിട്ടിയ ബില്‍ തുക 72899 രൂപയാണ്. 1200 ചതുരശ്ര അടി മാത്രമുള്ള തന്റെ വീട്ടില്‍ വൈദ്യുതോപകരണങ്ങളായി ആകെ ഉപയോഗിക്കുന്നത് രണ്ട് ഫാനും വൈദ്യുത ബള്‍ബുകളും ഫ്രിഡ്ജും ടിവിയും മാത്രമാണ്.
അടുക്കള ആവശ്യങ്ങള്‍ക്ക് മിക്‌സിയോ മറ്റോ ഉപയോഗിക്കേണ്ടിയും വരും. എല്ലാമാസവും ആയിരം രൂപയില്‍ കവിയാറില്ല ബില്‍തുക. ഇത്തവണ അധികമായി ഒരു ഉപയോഗവും നടന്നിട്ടുമില്ല, 8830 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെന്നാണ് ബില്ലില്‍ വ്യക്തമാക്കിയിട്ടുള്ളത്. കൊട്ടാരക്കര ചന്തയിലെ ഇറച്ചിക്കടയില്‍ മാനേജരായി ജോലി ചെയ്തുവരുന്ന സുല്‍ഫിക്കറിന് ബില്ലിലെ മറിമായം എന്തെന്ന് പിടികിട്ടുന്നില്ല. ഏഴ് വര്‍ഷം മുന്‍പ് റഹ്മത്തിന്റെ കൈയില്‍ നിന്നും വിലയ്‌ക്ക് വാങ്ങിയതാണ് വീട്. വൈദ്യുതി കണക്ഷന്‍ ഇപ്പോഴും 114573019241 എന്ന കണ്‍സ്യൂമര്‍ നമ്പരില്‍ റഹ്മത്തിന്റെ പേരിലാണ്.
















