പത്തനാപുരം: പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ ചോര്‍ന്നൊലിച്ച് നിലം പതിക്കാറായ അവസ്ഥയില്‍. സര്‍ക്കിള്‍ ഓഫീസിലും പോലീസ് സ്റ്റേഷനിലുമായി ജോലി ചെയ്യുന്ന വനിതാ പോലീസുകാരുള്‍പ്പെടെ അന്‍പതിലധികം പേര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സാണിത്.
നിരവധി പോലീസ് കുടുംബങ്ങള്‍ പാര്‍ത്തിരുന്ന ഇവിടെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം ആരും താമസിക്കുന്നില്ല. നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങള്‍ ഭിത്തികളും മേല്‍ക്കൂരയും തകര്‍ന്നതിനൊപ്പം തടികളില്‍ നിര്‍മ്മിച്ച കതകുകളും ജനലുകളും നശിച്ച നിലയിലാണ്. നിലവില്‍ ആരും താമസമില്ലാതെ പരിസരം കാടുമൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. രാത്രികാലങ്ങളിലും മറ്റും ജോലി നോക്കിയശേഷം അടുത്ത ഡ്യൂട്ടി സമയത്തെത്താനും പോലീസുകാര്‍ ബുദ്ധിമുട്ടുകയാണ്.
പത്തനാപുരം സെന്‍ട്രല്‍ ജങ്ഷനില്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചപ്പോള്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയാണ് താമസിച്ചിരുന്നത്. നിലവിലുള്ള ക്വാര്‍ട്ടേഴ്‌സുകളിലൊന്നിലാണ് സിഐ ഓഫീസ് പ്രവര്‍ത്തിക്കുന്നതും. പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് സിഐക്കും എസ്‌ഐക്കും ലക്ഷങ്ങള്‍ ചിലവഴിച്ച് ക്വാര്‍ട്ടേഴ്‌സ് നിര്‍മിച്ചപ്പോഴും പഴയ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പോലും ഇനിയും തയ്യാറായിട്ടില്ല.
















