ചാലക്കുടി: ചാലക്കുടിയേയും പടിഞ്ഞാറെ ചാലക്കുടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വെ അടിപ്പാതയില്‍ വീണ്ടും വെള്ളക്കെട്ട്. മാളയിലേക്ക് പോകുവാനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് വാഹനങ്ങള്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റി വളഞ്ഞാണ് പോകുന്നത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി വളരെ നാളുകള്‍ക്ക് ശേഷമാണ് ഇത് പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുത്തത്. അടിപ്പാതയിലെ വെള്ളക്കെട്ടിനും വൈകിയാണ് പരിഹാരം കണ്ടത്.
അടിപ്പാതയുടെ അടിയിലൂടെ വലിയ പൈപ്പുകള്‍ സ്ഥാപ്പിച്ച് ഇതിലൂടെ വെള്ളം ചാലക്കുടി പുഴയിലേക്ക് എത്തിച്ചാണ് വെള്ളക്കെട്ടിന് പരിഹരം കണ്ടിരുന്നത്.
എന്നാല്‍ മഴക്കാലം ശക്തമായപ്പോള്‍ പൈപ്പുകളില്‍ ഓടയില്‍ നിന്നുള്ള മാലിന്യങ്ങള്‍ വന്ന് അടിഞ്ഞ് കൂടിയതാണ് വെള്ളക്കെട്ടിന് കാരണമായത്. മുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പൈപ്പുകളില്‍ അടിയാതെയിരിക്കുവാനുള്ള സ്ഥിരസംവിധാനം ഒരുക്കുവാന്‍ നഗരസഭ അധികൃതര്‍ തയ്യാറാകണമെന്ന് കൗണ്‍സിലര്‍മാരായ കെ.എം.ഹരിനാരായണന്‍, പി.എം.ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
ഇന്നലെ അവധി ദിവസമായത്തിനാല്‍ നഗരസഭ ജീവനക്കാരില്ലാത്ത കാരണം നാട്ടുകാരും കൗണ്‍സിലര്‍മാരും ചേര്‍ന്ന് പൈപ്പില്‍ അടിഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ കുറച്ചൊക്കെ നീക്കം ചെയ്തു. വെള്ളക്കെട്ടില്ലാതിരിക്കണമെങ്കില്‍ വന്നടിയുന്ന മാലിന്യങ്ങള്‍ വാരി കളയേണ്ട അവസ്ഥയാണിപ്പോള്‍.
















