പനിക്കിടക്കയിലാണ് ഇപ്പഴും കേരളം. പനിമാറിയവര്ക്കു നീണ്ട ചുമ. പനി കുറഞ്ഞു സാധാരണ നിലയിലെത്താന്‍ ചിലര്‍ക്ക് ഒരുമാസംവരെ എടുക്കുന്നുണ്ട്. കൊച്ചു കുഞ്ഞുങ്ങളാണ് അസുഖം നീണ്ടുനില്ക്കുന്നവരുടെ മുന്‍നിരയില്‍.
ഡെങ്കിപ്പനിയും ഇതിനിടയില്‍ ഒളിച്ചുംപാത്തും നടക്കുന്നുണ്ട്. പനിക്കും ഡെങ്കിപ്പനിക്കുമൊക്കെ പഴയ സ്വഭാവമല്ല. കാലംമാറിയതനുസരിച്ച് രോഗങ്ങളുടെ സ്വഭാവത്തിനുമുണ്ട് മാറ്റം. പണ്ട് പനി എന്തെങ്കിലും ഒരു മരുന്നു കഴിച്ചു മാറ്റാം എന്നായിരുന്നു. അതുകൊണ്ടുതന്നെ പനിപ്പേടി കുറവായിരുന്നു. ഇന്ന് അതല്ല. പനി വന്നാല്‍ എന്തുപനി എന്നു ഭയപ്പെടുകയാണ്.
ലക്ഷക്കണക്കിനുപേരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ പനിബാധിച്ചു ചികിത്സ തേടിയത്. ഇപ്പഴും അതു നിര്‍ബാധം തുടരുകയാണ്. ഒരു ലക്ഷം പേരാണ് ജില്ലയില്‍ തന്നെ പനിച്ചികിത്സ നടത്തിയത്. നിത്യവും ആയിരക്കണക്കിനു പേര് ആശുപത്രികളില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇത്രയുംപേരെ ചികിത്സിക്കാനും മറ്റുമുള്ള കുറവുകളാണ് മിക്കവാറും ആശുപത്രികളിലുള്ളത്. അഞ്ച് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ടുപേരേയുള്ളൂ.
മഴക്കാലരോഗമെന്ന നിലയില്‍ ഇത്തവണ പനിയുടെ ആക്രമണം കൂടുതലാണ്.ചികിത്സയുടേയും പരിസര ശുചീകരണത്തിന്റെ കാര്യത്തിലുമുള്ള വീഴ്ചകളും അതുപോലെ തന്നെ അധികമാണ്. പലയിടത്തും ശുചീകരണം നടന്നിട്ടില്ല. നടന്ന ചിലയിടത്താകട്ടെ പാതിവഴിയിലും. മറ്റുചിലയിടത്തു പേരിനുവേണ്ടി തുടങ്ങിയിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പിന്റെ അലംഭാവം കൂടുതലാണെന്ന പരാതിതന്നെയാണ് നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: