കരുവാരകുണ്ട്: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയുടെ പേരില്‍ വ്യാജ തൈ വില്‍ക്കുന്ന സംഘം ജില്ലയില്‍ സജീവം. തെങ്ങ്, വാഴ, പ്ലാവ്, ജാതി, മാവ് തുടങ്ങിയവയുടെ വ്യാജ തൈകളാണ് വന്‍ വില ഈടാക്കി വില്‍ക്കുന്നത്.
ആദ്യം ഒരാള്‍ മണ്ണുത്തിയില്‍ നിന്നാണന്ന് പറഞ്ഞ് വീട്ടില്‍ വരും കാര്‍ഷിക സര്‍വ്വകലാശാലയില്‍ തയ്യാറാക്കിയ അത്യുല്പാദന ശേഷിയുള്ള തൈകളാണന്ന് വീട്ടുകാരെ വിശ്വസിപ്പിക്കും.
ഓരോന്നിന്റെയും വിലയുറപ്പിച്ച് ആവശ്യമുള്ള തൈകള്‍ക്ക് ഓഡര്‍ വാങ്ങി മുന്‍കൂര്‍ പണം വാങ്ങാതെ തൈകള്‍ കൊണ്ടുവരുമ്പോള്‍ കാശു തന്നാല്‍ മതിയെന്ന് പറയും.
ഇവരെ ബന്ധപ്പെടാന്‍ ഒരു ഫോണ്‍ നമ്പറും നല്‍കും. പറഞ്ഞ സമയത്ത് തൈകള്‍ കൈമാറുകയും മണ്ണുത്തിയെന്ന് രേഖപ്പെടുത്തിയ ബില്ലും നല്‍കും.
എന്നാല്‍ മൂന്നുവര്‍ഷം കൊണ്ട് കായ്ക്കുമെന്നു പറഞ്ഞ തെങ്ങും, പ്ലാവുമെല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും കായ്ക്കാതെ വരുമ്പോഴാണ് ജനങ്ങള്‍ ചതി തിരിച്ചറിയുന്നത്.
എന്നാല്‍ കേരളത്തില്‍ സര്‍വ്വകലാശാലക്ക് മിക്കവാറും ജില്ലകളില്‍ കേന്ദ്രങ്ങളുണ്ട്. അതിലൂടെ മാത്രമാണ് വില്‍പ്പനയെല്ലാം.
അവശ്യപ്പെടുന്നവര്‍ക്ക് മുഴുവന്‍ തൈകള്‍ നല്കാന് കഴിയില്ലെന്നും സര്‍വ്വകലാശാല അധികൃതര്‍ വ്യക്തമാക്കുന്നു. സര്വ്വകലാശാലയിലേക്കാള് ഇരട്ടിയിലധികം വിലക്കാണ് തട്ടിപ്പു സംഘം വ്യാജ തൈകള്‍ വില്‍ക്കുന്നത്.
ജനങ്ങളെ ആകര്‍ഷിക്കാന്‍ ചകിരി ചോറും മണ്ണും നിറച്ച ചാക്കില്‍ തൈകള്‍ പാകിയാണ് എത്തിക്കുന്നത്.
കൃഷിയുമായി ബന്ധമില്ലാത്തവരാണ് ഇവരുടെ ചതിയില്‍പ്പെടുന്നത്. സ്ത്രീകള്‍ തനിച്ചു താമസിക്കുന്ന വീടുകളിലാണ് ഇവര്‍ തട്ടിപ്പ് ഏറെയും നടത്തുന്നത്. ഇത്തരം തട്ടിപ്പു സഘം വീടുകളിലെത്തിയാല്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: