കൊച്ചി നഗരത്തിലെ വിദ്യുച്ഛക്തി വിതരണത്തിന്റെ ചുമതല എറണാകുളത്തെ ചന്ദ്രാ കമ്പനിയില്‍ നിക്ഷിപ്തമായിരുന്ന ഒരു കാലത്ത് അവിടെ ഉദ്യോഗസ്ഥനായിരുന്നു ടി.ഇ. വാസുദേവന്‍. തൃപ്പൂണിത്തുറ സ്വദേശിയായ അദ്ദേഹം എ. ശങ്കരമേനോന്റെയും യശോദാമ്മയുടെയും പുത്രനായി 1917 ലാണ് ജനിച്ചത്. (2017 അദ്ദേഹത്തിന്റെ ജന്മശതവര്‍ഷമാണ്). തന്റെ 21-ാം വയസ്സില്‍ അദ്ദേഹം ചലച്ചിത്രരംഗത്തേയ്ക്കാകൃഷ്ടനായി.
പ്രദര്‍ശനരംഗത്തേയ്ക്കാണാദ്യം ചുവടുവച്ചത്. പിന്നീട് വിതരണരംഗത്തേയ്ക്ക് കടന്നു. തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാനേയും എറണാകുളത്തു പ്രബലമായ ഷേണായ്സ് ഗ്രൂപ്പിലെ ഒരു വര്‍ത്തക പ്രമാണിയേയും പങ്കാളികളാക്കി. ‘അസോഷ്യേറ്റഡ് പിക്ച്ചേഴ്സ്’ എന്ന ചലച്ചിത്ര കമ്പനി 1941 ല്‍ ആരംഭിച്ചു.
പല ഭാഷകളിലായി പലപ്പോഴായി ആയിരത്തിലേറെ ചിത്രങ്ങള്‍ ടി.ഇ. വാസുദേവന്റെ മേല്‍നോട്ടത്തില്‍ വിതരണത്തിനെടുത്ത് തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ (ഒരു പക്ഷെ, ലോകത്തിലും) ഇതൊരു അപൂര്‍വ റെക്കോര്‍ഡായിരിക്കണം.
‘അസോഷ്യേറ്റഡ് പിക്ച്ചേഴ്സ്’ നിര്‍മാണരംഗത്തേക്ക് കടക്കുന്നത് 1952 ലാണ്. ‘അമ്മ’ എന്നായിരുന്നു ആദ്യ ചിത്രത്തിന്റെ പേര്. ‘ജീവിതനൗക’ സംവിധാനം ചെയ്ത കെ. വെമ്പുവായിരുന്നു സംവിധായകന്. സംവിധായകന് മലയാളിയല്ലെങ്കിലും ചിത്രത്തിന് മലയാളിത്തം വേണമെന്ന താല്പര്യം നിര്‍മാതാക്കള്‍ക്കുണ്ടായിരുന്നു.
ടി.ഇ. വാസുദേവന്‍ അസോഷ്യേറ്റഡ് പിക്ചേഴ്സിനുവേണ്ടി മുന്നിന്നു നിര്‍മിച്ച ചിത്രങ്ങളിലും പിന്നീട് സ്വന്തം നിലയ്ക്ക് ജയ്മാരുതി ജയ് ജയ് കമ്പയിന്‍ഡ് ബാനറുകളില്‍ നിര്‍മിച്ച ചിത്രങ്ങളിലും ഈ നിഷ്ഠ പുലര്‍ത്തുവാന്‍ ശ്രമിച്ചുകണ്ടിട്ടുണ്ട്. ആറു മലയാള ചിത്രങ്ങളും ഒരു തമിഴ് ചിത്രവും (എങ്കള്‍ ശെല്‍വി) അസോഷ്യേറ്റഡ് പിക്ച്ചേഴ്സ് നിര്‍മിച്ചു.
ചലച്ചിത്ര വൃത്തങ്ങളില്‍ അതോടെ ടി.ഇ. വാസുദേവന്‍ ‘അസോഷ്യേറ്റഡ് വാസു’ എന്ന പേരില്‍ അറിയപ്പെടുവാനും തുടങ്ങി. സ്വന്തം നിലയില്‍ അന്‍പതിലേറെ ചിത്രങ്ങള്‍ നിര്‍മിച്ച മലയാള ചലച്ചിത തറവാട്ടിലെ കാരണവരായി ആദരിക്കപ്പെടുമ്പോഴും ആ പേര് നില തുടര്‍ന്നു; ‘വാസു’ എന്നത് ‘വാസുസാറാ’യി എന്നുമാത്രം.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കര്‍മസ്വാധീനങ്ങളില്‍ ഒന്നായിരുന്നു വാസുസാര്‍. അടുത്തയിടെയാണ് അദ്ദേഹം മരണമടഞ്ഞത്. അപ്പോള്‍ പ്രായം 95 കഴിഞ്ഞിരുന്നു. അവസാന നാളുകളില്‍ നിര്‍മാണരംഗത്തുണ്ടായിരുന്നില്ലെങ്കിലും സിനിമയെക്കുറിച്ചുള്ള കരുതലുകള്‍ ആ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു. കൃത്യതയുള്ള ആസൂത്രണത്തിന്റെ പാതയിലൂടെ നിര്‍മാണരംഗത്തു അദ്ദേഹം നിലയുറപ്പിച്ചുനിന്നു.
എല്ലാ തലമുറയിലും പെട്ട ചലച്ചിത്രകാരന്മാര്ക്കും വാസു സാര്‍ ആദരണീയനായിരുന്നു. അദ്ദേഹത്തിന്റെ നിര്‍മാണരീതികള്‍ കാലഹരണപ്പെട്ടുവെന്നു പറഞ്ഞവര്‍പോലും സിനിമയോടു അദ്ദേഹം പുലര്‍ത്തിപ്പോന്ന സമര്‍പ്പിതമായ പ്രതിബദ്ധതയെ വിസ്മയത്തോടെയും ഏറെ ബഹുമാനത്തോടെയും കണ്ടിരുന്നു.
1952 ല്‍ ആദ്യമിറങ്ങിയ ചിത്രമാണ് ‘അമ്മ.’ ചിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കും മുന്‍പേ നിര്‍മാതാവായ ടി.ഇ.വാസുദേവനെക്കുറിച്ച് കൂടുതലായി പറയേണ്ടതുണ്ട്. ചലച്ചിത്ര നിര്‍മാണത്തെ കച്ചവടമായി കാണാതെ വയ്യ ഒരു നിര്‍മാതാവിന്. ടി.ഇ. വാസുദേവന്‍ പക്ഷെ, അത്ര തന്നെ പ്രാധാനം ചലച്ചിത്രമെന്ന കലയ്ക്കും നല്‍കിയിരുന്നു.
അതിനര്‍ത്ഥം അദ്ദേഹം കലാപരമായ പരീക്ഷണങ്ങള്‍ക്ക് സാഹസികമായി ഇറങ്ങിപ്പുറപ്പെട്ടു എന്നല്ല, ചുമരുണ്ടെങ്കിലേ ചിത്രത്തിന് പ്രസക്തിയുള്ളൂ എന്നറിഞ്ഞുകൊണ്ടായിരുന്നു ആ ചലച്ചിത്ര സമീപനം. കലയും കച്ചവടവും തമ്മിലുള്ള സമഞ്ജസമായ അനുരഞ്ജനമാണ് ജനപ്രിയ സിനിമയ്ക്കാവശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം.
ഓരോ ചിത്രത്തിന്റെയും കഥാ ചര്‍ച്ചകളില്‍ ഈ നിര്‍മ്മാതാവ് സജീവമായി പങ്കെടുത്തു. ആദ്യവസാനം സൃഷ്ടി പ്രക്രിയയില്‍ ഒരാളുടെ സേവനം ഉപയോഗിക്കുമ്പോള്‍, അയാളുടെ തൊഴില്‍പരമായ ക്ഷേമത്തിന് എന്നുമദ്ദേഹം മുന്‍തൂക്കം നല്കി; തൊഴില്‍ ചെയ്യുന്ന വേളയിലെ സൗകര്യ കരുതലുകളിലും പ്രതിഫലകാര്യത്തിലും ഒരുപോലെ ശ്രദ്ധാലുവായി.
മറ്റു പലരും തരുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലമേ അദ്ദേഹം നല്കിയിരുന്നുള്ളൂ. അങ്ങനെയൊരു പരിഗണന, സ്ഥിരമായി ചിത്രങ്ങള്‍ നിര്‍മിക്കുകയും ആ ചിത്രങ്ങളില്‍ ഒരാളെ തുടര്‍ച്ചയായി സഹവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന ഒരു നിര്‍മ്മാതാവിന് അവകാശപ്പെട്ടതാണെന്ന് അദ്ദേഹം കരുതി. പറഞ്ഞുറപ്പിച്ച തുക കൃത്യതയോടെ നല്കുന്ന കാര്യത്തില്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തി.
ചലച്ചിത്രപാദത്തിന്റെ ഉത്തരാര്‍ദ്ധത്തിന്റെ ഒരിടസന്ധിയില്‍ തുടര്‍ച്ചയായ നഷ്ടങ്ങള്‍ സംഭവിച്ചപ്പോള്‍ കനത്ത കടബാധ്യതകളുടെ ഞെരുക്കത്തില്‍, പറഞ്ഞ തുക കൃത്യമായിത്തീര്‍ത്തു നല്കുവാന് കഴിയാത്ത നിര്‍ഭാഗ്യാവസ്ഥകളുണ്ടായി. കൊടുത്തു തീര്‍ക്കുവാനുള്ള പണത്തിന് അദ്ദേഹം കൃത്യമായി കണക്കു സൂക്ഷിച്ചു. മദിരാശിയിലെ വീടുവിറ്റു.
അതു വാങ്ങിയത് പ്രശസ്ത ഗായകനായ എസ്.പി. ബാലസുബ്രഹ്മണ്യമാണ്. വിറ്റു കിട്ടിയ തുകയില്‍നിന്നും ഒരു വിഹിതം എറണാകുളത്തൊരു വീടൊരുക്കുവാന്‍ നീക്കിവച്ചു. ബാക്കി പ്രതിഫല ബാക്കി കൊടുക്കുവാനുള്ളവര്‍ക്കു ആനുപാതികമായി വീതിച്ചു എത്തിച്ചുകൊടുത്തു. പതിനായിരം കിട്ടാനുള്ളവര്‍ക്ക് അപ്പോള്‍ കിട്ടിയിരിക്കുക ഏഴായിരത്തി അറുനൂറ്റന്‍പതായിരിക്കും.
ബാക്കി തുക തന്നു തീര്‍ക്കുന്നതുവരെ താന്‍ ചലച്ചിത്ര രംഗത്തു തുടരുമെന്നും തവണകളായെങ്കിലും ആ തുക തന്നുതീര്‍ത്തിരിക്കുമെന്നും ഉറപ്പുനല്‍കിക്കൊണ്ട് ഓരോരുത്തര്‍ക്കും അദ്ദേഹം കത്തെഴുതി. പണമിടപാടുകളില്‍ ചലച്ചിത്ര രംഗത്തു കേട്ടുകേള്‍വിയില്ലാത്ത ഈ നേരുശുദ്ധിയ്ക്ക് അനുഭവസ്ഥനായ ശ്രീകുമാരന്‍ തമ്പി എന്നോടു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തുടക്കം മുതല്ക്കേ നേടിയെടുത്ത ആദരവിന് ഒരു കടുകിടപോലും ഊനം തട്ടിയ്ക്കാതെ അന്ത്യംവരെ പാലിക്കുവാന്‍ വാസുസാറിനു കഴിഞ്ഞത് ഈ നെറിവു കൊണ്ടാണ്.
താമസം എറണാകുളത്തേക്ക് മാറ്റി. ചിത്ര നിര്‍മാണം തുടര്‍ന്നു. ലാഭവിഹിതത്തില്‍ നിന്നും അല്‍പ്പാല്‍പ്പമായി കടബാക്കികള്‍ കൊടുത്തുതീര്‍ത്തു. ഒരു ചിത്രം പ്രതീക്ഷയേക്കാളേറെ വിജയിച്ചു. താനെടുത്ത പരിശ്രമത്തിന് ലഭിക്കാവുന്നതിലേറെ ലാഭം ഒഴുകിവന്നപ്പോള്‍ വാസു സാര്‍ അസ്വസ്ഥനായി.
ഇനിമേലുള്ള ലാഭബാക്കി തനിക്ക് തരേണ്ടതില്ലെന്ന് അദ്ദേഹം വിതരണക്കാരോടു നിര്‍ദ്ദേശിച്ചു. ചലച്ചിത്രമേഖലയില്‍ ഇങ്ങനെയൊരു നെറിവുനിഷ്ഠ ലോകസിനിമയില്‍ത്തന്നെ ആരെങ്കിലും പുലര്‍ത്തിയിട്ടുണ്ടോ എന്തോ!.
ഒരിക്കല്‍ ഒരു യുവനടന്റെ വിവാഹസല്‍ക്കാരത്തില്‍ ഞങ്ങളൊരുമിച്ചാണ് പങ്കെടുത്തത്. കൈയില്‍ കരുതിയിരുന്ന ചെക്കിന്റെ കൂടെ ഒരൊറ്റ രൂപ കൂടി ചേര്‍ത്താണദ്ദേഹം ഒരു കവറിലാക്കി നവവരനു നല്‍കിയത്. എന്നിട്ടെന്നോടു പറഞ്ഞു.
”ഒറ്റ രൂപ എന്റെ അനുഗ്രഹത്തിന്റെ പ്രതീകം. ഒരുപാടുപഹാരങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി എന്നതിനേക്കാള്‍ വലുത് അടുത്ത ഒരവസരം ഉറപ്പ് എന്ന് ആ അഡ്വാന്‍സിലൂടെ മനസ്സിലാക്കുമ്പോള്‍ അയാളനുഭവിക്കുന്ന മനോബലത്തിനാണ്….”
അദ്ദേഹത്തോടു കഥകള്‍ ചര്‍ച്ച ചെയ്യുവാനിരിക്കുമ്പോള്‍ സൂക്ഷ്മാംശങ്ങളിലേയ്ക്ക് ചുഴിഞ്ഞിറങ്ങിക്കൊണ്ടുള്ള ചോദ്യമുനകള്‍ തീര്‍ക്കാറുള്ള ധര്‍മ്മസങ്കടങ്ങള്‍ എസ്.എല്‍.പുരം സദാനന്ദന് പറയാറുള്ളതോര്‍ക്കുന്നു.
”കഥ എവിടെനിന്നെങ്കിലും തുടങ്ങണമല്ലോ. ഒരു തിങ്കളാഴ്ച ദിവസം വൈകിട്ടാണ് കഥാനായകന് തന്റെ ജന്മനാട്ടില് വന്നു വണ്ടിയിറങ്ങുന്നത്. എന്നുപറഞ്ഞുതുടങ്ങി.”
ഇത്രയും കേട്ടു കഴിയുമ്പോള്‍ വാസു സാര്‍ ഒരുകുട്ടിയുടെ ജിജ്ഞാസയോടെ ചോദ്യമുതിര്‍ക്കും.
”അതെന്താ തിങ്കളാഴ്ച?”
”പറഞ്ഞപ്പോള്‍ തിങ്കളാഴ്ച എന്നുപറഞ്ഞെന്നേയുള്ളൂ. ഒരു ദിവസം എന്നേ അര്‍ത്ഥമാക്കിയുള്ളൂ..”
”അങ്ങനെയാവില്ല. ഉപബോധമനസ്സിലെങ്കിലും ഒരു കാരണന്യായം ഉണ്ടാകും. അല്ലാതെ നിങ്ങളുടെ നാവില്‍ തിങ്കളാഴ്ച എന്നുവരില്ല.”
അങ്ങനെയെന്തെങ്കിലും ഒരു കാരണമുണ്ടെങ്കില്‍ അതില്‍ വ്യക്തയുണ്ടാവണം. എഴുത്തുകാരന്, ചലച്ചിത്രകാരന് എന്നതായിരുന്നു വാദമുഖം. അങ്ങനെ വ്യക്തതയുണ്ടെങ്കിലേ ചിത്രം പ്രേക്ഷക സാമാന്യവുമായി സംവദിക്കുന്നതില്‍ കൃത്യതയുണ്ടാകൂ എന്ന പാഠമാണ് ആ വാദമുഖത്തിന്റെ പുറകില്‍.
അങ്ങനെയങ്ങനെ ഒരുപാടു സവിശേഷതകളുള്ള ഒരു വ്യക്തിയായിരുന്നു ടി.ഇ. വാസുദേവന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങളോടു ചേര്‍ത്താകാം അവയിലേക്കുള്ള തുടര്‍സഞ്ചാരങ്ങള്‍.
‘അമ്മ’യിലേയ്ക്കു പ്രവേശിക്കാം….
പ്രതികരിക്കാൻ ഇവിടെ എഴുതുക: