ഡ്രാഗണ്‍ ഫ്രൂട്ടെന്ന പേര് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുമെങ്കിലും നേരില്‍ കണ്ടാല്‍ ആരും ഇതിന്റെ സൗന്ദര്യം ആസ്വദിച്ചു നില്‍ക്കുമെന്നതില്‍ സംശയമില്ല. കണ്ണഞ്ചിപ്പിക്കുന്ന നിറവും പ്രത്യേക രൂപവുമാണ് മധുരക്കള്ളി എന്ന ഡ്രാഗണ്‍ ഫ്രൂട്ടിനെ വ്യത്യസ്ഥമാക്കുന്നത്. ആര്യനാട് കൊക്കൊട്ടേല ആരാമത്തില്‍ അപ്പുക്കുട്ടന്‍ നായര്‍, അംബിക ദേവി ദമ്പതികളുടെ 60 സെന്റ് ഭൂമിയില്‍ നിറയെ ഈ അത്ഭുത പഴം തലയുയര്‍ത്തി നില്‍ക്കുന്നു. മലേഷ്യ, സിങ്കപ്പൂര്‍, തായിലാന്‍ഡ്, വിയറ്റ്‌നാം, ഇസ്രായേല്‍, ശ്രിലങ്ക തുടങ്ങിയ രാജ്യത്തിലാണ് ഇവ പൊതുവെ ഉള്ളതെങ്കിലും, ഇന്ത്യയില്‍ അടുത്തകാലത്താണ് കണ്ടു തുടങ്ങിയത്.
ആരെയും മോഹിപ്പിക്കുന്ന നിറവും രൂപവും ഈ വിദേശി പഴത്തിന്റെ പ്രത്യേകതയാണ്. പോഷക സമൃദ്ധവും, ഊര്‍ജദായകവും, സ്വാദിഷ്ടവുമാണ് ഡ്രാഗണെന്ന് വിശേഷണം. നാടന്‍ കള്ളി ചെടിയോടു സാദൃശ്യമുള്ളതിനാലും നേരിയ മധുരമുള്ളതിനാലുമാണ് ഇവയ്‌ക്ക് മധുരക്കള്ളി എന്ന് പേരുവരാന്‍ കാരണം. പഴത്തിന്റെ പുറം ചെതുമ്പലുകള്‍ പോലുള്ളതിനാല്‍ പിത്തായ എന്നും പേരുണ്ട്. ഇതിന്റെ പൂവ് വിരിയുന്നത് രാത്രിയിലായതിനാല്‍ മൂണ്‍ ഫ്‌ലവര്‍, ക്വീന്‍ ഓഫ് ദി നൈറ്റ്, ലേഡി ഓഫ് ദി നൈറ്റ് എന്നീ പേരുകളും മധുരക്കള്ളിക്ക് സ്വന്തം. പഴത്തിന്റെ ഉള്‍ക്കാമ്പിന് വെള്ളയോ ചുവപ്പോ നിറവും, വിത്ത് ചെറുതും കറുത്ത നിറത്തിലുമായിരിക്കും. മഞ്ഞയും, പിങ്ക് നിറത്തിലുമുള്ള ഡ്രാഗണ്‍ ഫ്രൂട്ട് ചിലയിടങ്ങളില്‍ കണ്ടു വരുന്നു.
രണ്ടാഴ്ചകൊണ്ട് മുളയ്‌ക്കുന്ന വിത്ത് ചെടിയായി ഒരുവര്‍ഷത്തിനുള്ളില്‍ കായ്‌ക്കും. രണ്ടു മുതല്‍ മൂന്ന് വര്‍ഷം വരെ സമയമെടുത്ത് കായ്‌ക്കുന്നവയുടെ പഴത്തിന് ഗുണം ഏറുമെന്ന് അപ്പുക്കുട്ടന്‍ നായര്‍. 20 വര്‍ഷമാണ് ഒരു ചെടിയുടെ ആയൂസ്. 35 സെമീ നീളം വരുന്ന ഇതിന്റെ പൂക്കള്‍ക്ക് ഒറ്റ രാത്രിയുടെ ആയൂസേ ഉണ്ടാകാറുള്ളു. പൂവ് വിടര്‍ന്നാല്‍ നാല്പതു ദിവസത്തിനുള്ളില്‍ കായായി രൂപാന്തരപ്പെടുകയും വിളവെടുപ്പിനു തയാറാകുകയും ചെയ്യും. ഏതു മോശം കാലാവസ്ഥയെയും ഇവ തരണം ചെയ്യുമെങ്കിലും കഠിന താപം വളര്‍ച്ചയെ മുരടിപ്പിക്കും.
ജീവകം സി യുടെ കലവറയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍, ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്‌ക്കാന്‍, രക്തസമ്മര്‍ദം നിയന്ത്രണ വിധേയമാക്കാന്‍, പഞ്ചസാരയുടെ അളവ് കുറയ്‌ക്കാന്‍ തുടങ്ങി പ്രായാധിക്യത്തെ ചെറുത്തു നിര്‍ത്താന്‍ വരെ ഡ്രാഗണ്‍ ഫ്രൂട്ട് അത്യുത്തമമത്രെ. പഴം അതേപടിയും തണുപ്പിച്ചും ഉപയോഗിക്കാം. കൂടാതെ മാമ്പഴം തുടങ്ങി മറ്റു പഴങ്ങളോടൊപ്പം ജ്യൂസ് ആക്കിയും ഉപയോഗിക്കാം.
മൂന്ന് വര്‍ഷം മുന്‍പാണ് അപ്പുക്കുട്ടന്‍ നായര്‍ ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി പരീക്ഷിച്ചത്. ഇത് കൂടാതെ മില്‍ക്ക് ഫ്രൂട്ട്, ധുരിയാന്‍, മംഗോ സ്റ്റീന്‍, ഫാഷന്‍ ഫ്രൂട്ട്, മുള്ളാത്ത, ഇലന്ത പഴം, വെല്‍വെറ്റ് ആപ്പിള്‍, രാജ പുളി, നിയോണി, പേരക്ക, മള്‍ബറി എന്നുവേണ്ട ആരാമത്തില്‍ ഇല്ലാത്തതായി ഒന്നുമില്ല. ടെറസ്സില്‍ പച്ചക്കറി കൃഷിയടക്കം പുരയിടത്തിലാകമാനം പല നിറത്തിലുള്ള പൂച്ചെടികളും നിറച്ചിട്ടുണ്ട്. തപാല്‍ വകുപ്പില്‍ നിന്ന് വിരമിച്ച ശേഷമാണ് കൃഷിയില്‍ ഇരുവരും ശ്രദ്ധ കൊടുത്തത്. മനസുണ്ടെങ്കില്‍ മണ്ണില്‍ പൊന്നു വിളയിക്കാന്‍ കഴിയുമെന്നാണ് അപ്പുക്കുട്ടന്‍ നായരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: