ആകയാല്‍ ഇത്രയും ഗുണകരമായ ഗോവസൂരി പ്രയോഗത്തെ നടപ്പാക്കേണ്ടതിന്നു നമ്മുടെ ഗവണ്മെന്റുകാര് വളരെ യത്നിക്കുന്നുണ്ടെങ്കിലും നാട്ടുകാരുടെ മനസ്സ് മിക്കതും അതിനു വിരോധമായി കാണുന്നുവെന്നു പറയേണ്ടതില് ഞാന്‍ ലജ്ജിക്കയും വ്യസനിക്കയും ചെയ്യുന്നു.
ഗോവസൂരി വെപ്പാനായി നാട്ടുപുറങ്ങളില്‍ വാക്സിനേറ്റര്‍ വരുന്ന സമയം അച്ഛനമ്മമാര്‍ കുട്ടികളെ ഒളിപ്പിക്കുന്നതും മറ്റും അനേക ചാപല്യങ്ങള്‍ പറയുന്നതും കാട്ടുന്നതും പ്രത്യക്ഷമായി കണ്ടറിവാന്‍ പലപ്പോഴും ഇടവന്നിട്ടുണ്ട്. മേലിലെങ്കിലും ഈ വക മൂഢതകളെ കളഞ്ഞ് ഈ പ്രയോഗം കൊണ്ട് നാട്ടുകാര്‍ക്ക് ഗുണം സിദ്ധിക്കാനക്കൊണ്ടതിനു സര്‍വ്വശക്തനായ…..’
മലയാളത്തിലെ ഒരു പ്രമുഖ പത്രാധിപര്‍ തന്റെ പത്രത്തിലെഴുതിയ പത്രാധിപക്കുറിപ്പാണിത്. 1890 ഏപ്രില്‍ 26 നു തൊട്ടുമുന്‍പത്തെ ലക്കം മലയാള മനോരമയില്‍. പക്ഷേ ലോകം ഒരുപാട് മാറി. ഇന്ന് 125 വര്‍ഷത്തിനു ശേഷവും ‘വിവരമുള്ള’ മലയാളികള്‍ക്ക് വാക്സിനേഷനെ സംശയമാണ്. തങ്ങളുടെ ജാതിയും മതവും ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങളാണ് സര്‍ക്കാര്‍ നല്കുന്ന വാക്സിനില്‍ ചേര്‍ത്തതെന്ന് ചില വിവരദോഷികള്‍.
വാക്സിന് കഴിക്കുന്ന കുട്ടികള്‍ക്ക് ഗര്ഭധാരണമുണ്ടാവില്ലെന്ന് മറ്റ് ചില കുബുദ്ധികള്‍. പോളിയോ തുള്ളിമരുന്ന് കഴിച്ചാല്‍ തളര്‍ച്ചരോഗം ഉണ്ടാകുമെന്ന് വേറെ ചില മനുഷ്യ മൃഗങ്ങള്‍. ഇവരുടെ ഇടയില്‍ പെട്ടുഴലുന്ന വിവേകമില്ലാത്ത മാതാപിതാക്കള്‍ തങ്ങളുടെ കുരുന്നുകളെ നിര്‍ദ്ദയം രോഗത്തിന് കുരുതി കൊടുക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന സത്യം.
പ്രതിരോധ കുത്തിവെയ്പ്പ് അഥവാ വാക്സിനേഷനുകളോട് രക്ഷിതാക്കള്‍ മുഖം തിരിക്കുമ്പോള്‍ ഒരിക്കല്‍ നിയന്ത്രണവിധേയമായ പകര്‍ച്ചവ്യാധികള്‍ ഏറിയ കരുത്തോടെ തിരിച്ചുവരുന്നുവെന്ന് കണക്കുകള്‍. കേരളത്തില്‍ ഒരുവര്‍ഷത്തിനിടെ ഡിഫ്തീരിയ ബാധിച്ചത് 103 കുട്ടികള്‍ക്ക്. വില്ലന്‍ചുമ ബാധിച്ചത് അന്‍പതോളം കുട്ടികള്‍ക്ക്.
പ്രതിവര്‍ഷം ജനിക്കുന്ന നാലരലക്ഷം കുട്ടികളില്‍ നാല്‍പ്പത്തി അയ്യായിരത്തിലേറെ പേര് പ്രതിരോധ കുത്തിവയ്പ്പുകളുടെ സംരക്ഷണ വലയത്തിന് പുറത്താണെന്ന് മറ്റൊരു കണക്ക്. അതില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് മലപ്പുറം ജില്ല. ഇവിടെ ജനിച്ചു വീഴുന്ന നാലിലൊന്ന് (24 ശതമാനം) കുട്ടികള്‍ക്കും വാക്സിന് ലഭിക്കുന്നില്ല. തൊട്ടടുത്ത് 15.3 ശതമാനം കണക്കുമായി തൃശൂരും 13.8 എന്ന ശതമാനക്കണക്കുമായി കണ്ണൂരും.
ലോകാരോഗ്യ സംഘടനയും സര്‍ക്കാരുകളും നിര്‍ദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകള്‍ കുഞ്ഞുങ്ങളുടെ അവകാശമാണെന്നാണ് വയ്പ്പ്. പക്ഷേ, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വിവരക്കേടും അബദ്ധധാരണകളും ചേരുമ്പോള്‍ പാവം കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ വീഴുന്നത് കരിനിഴല്‍ മാത്രം. മനുഷ്യനുണ്ടായ കാലം മുതല്‍ പകര്‍ച്ച വ്യാധികളുമുണ്ട്. പലപ്പോഴും അവന്റെ ശരീരത്തില്‍ അന്തര്‍ലീനമായ പ്രതിരോധ ശേഷി അത്തരം വ്യാധികളെ ചെറുത്തു.
പക്ഷേ, മാറിയ പരിസ്ഥിതിയില്‍ ആരോഗ്യത്തിന് അനവധി ഭീഷണികള്‍ ഉയരുകയും അണുക്കള്‍ ശക്തി പ്രാപിക്കുകയും ചെയ്യുമ്പോള്‍ കൃത്രിമമായിത്തന്നെ പ്രതിരോധം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമായി മാറി. അതിനാണ് പ്രതിരോധ വാക്സിനുകള്‍.
ശക്തിക്ഷയിപ്പിച്ച രോഗാണുക്കളുടെ നിശ്ചിത മാത്രകളാണ് മിക്ക വാക്സിനുകളിലെയും പ്രധാന ചേരുവ. അത്തരം വാക്സിനുകള്‍ കുട്ടിക്കാലത്തു തന്നെ നിശ്ചിത അളവില്‍ പകര്‍ന്നു നല്കുമ്പോള് അത്തരം രോഗങ്ങള്‍ക്കെതിരെ കുഞ്ഞുങ്ങള്‍ പ്രതിരോധം ആര്‍ജ്ജിക്കുന്നു.
വസൂരി അഥവാ സ്മോള്‍ പോക്സ് എന്ന മാരക രോഗത്തിനെതിരായി ലോകമെമ്പാടും നടന്ന വാക്സിന് പ്രയോഗം ഓര്‍ക്കുക. വാക്സിനേഷനിലൂടെ വ്യക്തികള്‍ക്കും അതിലൂടെ സമൂഹത്തിനുതന്നെയും പ്രതിരോധശേഷി കൈവന്നപ്പോള്‍ വസൂരി എന്നെന്നേക്കുമായി അപ്രത്യക്ഷമായി. പോളിയോ രോഗത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും തുടരുന്നു.
ഡിഫ്തീരിയ, വില്ലന്‍ചുമ, മലമ്പനി, ഹെപ്പറ്റൈറ്റിസ് ബി, ക്ഷയം, മഞ്ഞപ്പനി, മുണ്ടിനീര്, ചിക്കന്‍പോക്സ്, തുടങ്ങി എത്രയോ രോഗങ്ങളെ ചെറുക്കാന്‍ നാം ഇന്ന് വാക്സിനുകള്‍ ഉപയോഗിക്കുന്നു. അതിലൂടെ ലക്ഷോപലക്ഷം കുരുന്നുകളുടെ ജീവിതം ആനന്ദഭരിതമാകുന്നു.
പക്ഷേ, സാക്ഷരത വ്യാപകമാകുമ്പോഴും മതാന്ധതയുടെ പേരില്‍ മനുഷ്യനെ വഴിതെറ്റിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ വാക്സിനേഷനും ഭീഷണി സൃഷ്ടിക്കുന്നു. പരിഷ്കൃത രാജ്യങ്ങള്‍ ജനാരോഗ്യം സുദൃഢമാക്കാന്‍ വാക്സിനേഷനെ പുല്കുമ്പോള് വിവേകികളുടെ ഈ നാട്ടില്‍ അവിവേകികള്‍ പുളഞ്ഞു കൂത്താടുന്നു!
വാക്സിനേഷന് പ്രയോഗം ആദ്യമായി നടത്തിയത് എഡ്വേര്‍ഡ് ജന്നര്‍ എന്ന ഇംഗ്ലീഷ് ഡോക്ടര്‍. ഇംഗ്ലണ്ടിനെതിരെ സര്ക്കിലിയില് വച്ച് 1796 ല്‍ ഗ്രാമങ്ങളില്‍ ജോലിയെടുത്ത കാലത്ത് അദ്ദേഹം രസകരമായൊരു വിശ്വാസം അടുത്തറിഞ്ഞിരുന്നു. പശുക്കളെ ബാധിക്കുന്ന കൗപോക്സ് രോഗം ബാധിച്ച കറവക്കാര്‍ക്ക് ഒരിക്കലും മാരകമായ സ്മോള്‍ പോക്സ് അഥവാ വസൂരി ബാധിക്കുന്നില്ല.
അവരെ ബാധിക്കുന്ന താരതമ്യേന ദുര്‍ബലമായ കൗപോക്സ് രോഗാണു സ്മോള്‍ പോക്സിനെ പ്രതിരോധിക്കാന്‍ കരുത്തു നല്‍കുന്നുവെന്ന് അദ്ദേഹം കണ്ടറിഞ്ഞു. തുടര്‍ന്നായിരുന്നു ചരിത്രം തിരുത്തിയ ജന്നറിന്റെ പരീക്ഷണം! കൗപോക്സ് വ്രണത്തില്‍ നിന്നെടുത്ത പഴുപ്പ് എട്ട് വയസ്സ് മാത്രം പ്രായമുള്ള ജയിംസ് ഫിപ്സ് എന്ന ബാലന്റെ കയ്യില്‍ അദ്ദേഹം കുത്തിക്കയറ്റി. അത്ഭുതം! അവന് വസൂരി രോഗത്തെ പ്രതിരോധിച്ചു.
തുടര്‍ന്ന് കേവലം 11 മാസം പ്രായമുള്ള സ്വന്തം മകന് അടക്കം നിരവധി പേരില്‍ അദ്ദേഹം ഗോവസൂരിപ്രയോഗമെന്നു വിളിക്കുന്ന വാക്സിനേഷന് നടത്തി. എല്ലാം വിജയം! രണ്ട് നൂറ്റാണ്ടുകളിലായി 500 ദശലക്ഷത്തോളം മനുഷ്യരെ ക്രൂരമായി കൊന്നൊടുക്കിയ വസൂരിക്ക് അങ്ങനെ വിലങ്ങ് വീണു. ‘പശു’ എന്നര്‍ത്ഥം വരുന്ന ‘വാക്കോ’ എന്ന ലാറ്റിന്‍ പദവും ‘കൗപോക്സ് ഉണ്ടാക്കുന്ന വൈറസായ ‘വാക്സിന’ എന്ന പദവുമൊക്കെ ചേര്‍ത്താണ് ജന്നര്‍ പ്രതിരോധം പകരുന്ന ഇമ്മ്യൂണൈസേഷന്‍ ‘വാക്സിനേഷന്’ എന്ന് പേരിട്ടത്.
കഴിഞ്ഞ രണ്ടേകാല്‍ നൂറ്റാണ്ടായി വാക്സിനേഷന് നമുക്കൊപ്പമുണ്ട്. ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് അമൂല്യമായ സംഭാവനകള്‍ നല്‍കിക്കൊണ്ട് അതിലൂടെ ജീവിതം ഭദ്രമാക്കിയത് കോടാനുകോടി കുട്ടികള്‍. ഏതൊരു ജനകീയ സര്‍ക്കാരുകളുടെയും അഭിമാനമാണ് പഴുതടച്ച വാക്സിനേഷനുകള്‍.
പോളിയോ വാക്സിനും അഞ്ചാം പനിക്കും മുണ്ടിനീരിനുമെതിരെയുള്ള എംഎംആര്‍ (മീസില്‍സ്, മംസ,് റൂബല്ല) വാക്സിനും ഡിടിപി (ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ്) അഥവാ വില്ലന്‍ ചുമ വാക്സിനുകള്‍, ചിക്കന്‍ പോക്സിനെതിരായ വേരിസെല്ല, എന്നിവയെല്ലാം ആരോഗ്യമുള്ള സമൂഹത്തിന്റെ സൂചകങ്ങളാണിന്ന്.
പക്ഷേ, അവിശ്വാസികളും ആതങ്കവാദികളും അപകടകരമാം വിധം അബദ്ധ പ്രചരണങ്ങള്‍ നടത്തുന്നത് വിദ്യാവിഹീനരായ അച്ഛനമ്മമാരെ ആശയക്കുഴപ്പത്തിലാക്കുന്നു. അവര്‍ വാക്സിനെ പേടിച്ച് ഒളിച്ചോടുന്നു; സ്വന്തം കുഞ്ഞുങ്ങളെ കൊലയ്ക്കുകൊടുക്കുന്നു; ഒപ്പം വലിയൊരു ജനസമൂഹത്തിന്റെ മൊത്തം ആരോഗ്യം തകരുന്നതിന് അവസരമൊരുക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: