ആരാണ് ഞാന്‍? ആരാണ് ഈശ്വരന്? ഞാനും ഈശ്വരനും തമ്മിലുള്ള ബന്ധമെന്താണ്? ഈ മൂന്നു ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമത്തില്‍ നിന്നാണ് എല്ലാ തത്വചിന്തയും ആരംഭിക്കുന്നത് എന്നു പറയാറുണ്ട്. എന്നില്‍ നിന്നു തുടങ്ങുന്ന അന്വേഷണം ഈശ്വരനിലേയ്ക്കും ബ്രഹ്മത്തിലേക്കും വളരുന്നു. സ്വയം പലതായിത്തീരട്ടെ എന്ന ബ്രഹ്മത്തിന്റെ ആഗ്രഹത്തില്‍ നിന്നാണ് പ്രപഞ്ച സൃഷ്ടി ഉണ്ടായതെന്ന് വേദോപനിഷത്തുകള്‍ ഉദ്ഘോഷിക്കുന്നു. അതുകൊണ്ടാണ് സൃഷ്ടിയെ ഈശ്വരന്റെ ലീലയായി വിശേഷിപ്പിക്കുന്നത്.
യജ്ഞത്തോടുകൂടി പ്രജകളെ സൃഷ്ടിച്ച്, ഈ യജ്ഞം നിങ്ങളുടെ ഇഷ്ടകാമധേനുവാണെന്നും ഇതിലൂടെ ദേവന്മാരെ പ്രീതിപ്പെടുത്തണമെന്നും പ്രജാപതി (ഈശ്വരന്) ആവശ്യപ്പെട്ടതായി ഭഗവദ് ഗീത പറയുന്നു. ആ ദേവന്മാര് നിങ്ങളെ അനുഗ്രഹിക്കുമെന്നും അങ്ങനെ പരസ്പരം പ്രീതരാക്കിക്കൊണ്ട് പരമശ്രേയസ് കൈവരിയ്ക്കാന്‍ കഴിയുമെന്നും ഗീത തുടര്‍ന്നു ചൂണ്ടിക്കാണിക്കുന്നു.
ഈശ്വരനില്‍ നിന്നു ലഭിച്ച ഈ യജ്ഞസങ്കല്‍പ്പത്തെ സ്വജീവിതത്തിലേക്ക് ആവാഹിച്ച് മനുഷ്യജീവിതത്തെ അതിന്റെ പരിപൂര്‍ണ്ണതയിലേക്ക് നയിച്ചത് പ്രാചീനകാലം മുതല്‍ ഭാരതത്തില്‍ ജീവിച്ച അനേകായിരം ഗുരുക്കന്മാരാണ്. ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ മുന്നില്‍ സ്വയം സമര്‍പ്പണം ചെയ്ത അവര്‍ തപസ്സിലൂടെ നേടിയ സമസ്ത വിജ്ഞാനങ്ങളും തലമുറകള്‍ കൈമാറിക്കൊണ്ട് കേവലം മൃഗസമാനമായ അവസ്ഥയില്‍ കഴിയുമായിരുന്ന മാനവകുലത്തെ ദേവത്വത്തിലേക്ക് ഉയര്‍ത്തി.
അങ്ങനെ അനേകം ഗുരുപരമ്പരകള്‍ തന്നെ ഭാരതത്തില്‍ ഉടലെടുത്തു. അവരെയെല്ലാം ആദരവോടെ സ്മരിക്കാനും അവര്‍ കാണിച്ചു തന്ന മാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോകാനും നിരവധി വര്‍ഷങ്ങളായി ശ്രീഗുരുപൂജാദിനം സമുചിതമായി ആഘോഷിച്ചുവരുന്നു.
ഭാരതീയ ഗുരുസങ്കല്‍പ്പം ശ്രേഷ്ഠവും കാലാതീതവുമാണ്. ഗുരുവിന് ഈശ്വരതുല്യമായ സ്ഥാനമാണ് സനാതനധര്‍മ്മം നല്‍കിയിരിക്കുന്നത്. ‘ഗു’ എന്നാല്‍ അന്ധകാരം ‘രു’ അതിനെ തടയുന്നത്. അന്ധകാരത്തെ ഇല്ലാതാക്കുന്ന വ്യക്തിയാണ് ഗുരു. പ്രകാശവും ഊര്‍ജ്ജവും നല്കി ഭൗതിക ജീവിതം സാധ്യമാക്കുന്നത് സൂര്യനാണെങ്കില്‍ ആന്തരികമായ അജ്ഞാനത്തെ ജ്ഞാനപ്രകാശം കൊണ്ട് ഇല്ലാതാക്കി ആത്മീയപാതയില്‍ വ്യക്തിക്ക് മുന്നേറാനുള്ള കഴിവു നല്‍കുന്നത് ഗുരുവാണ്.
ഗുരുകുല വിദ്യാഭ്യാസത്തിലൂടെയാണ് പ്രാചീന ഭാരതം യുവതലമുറയിലേക്ക് സനാതന ധര്‍മ്മത്തിന്റെ ശാശ്വത മൂല്യങ്ങളെ പകര്‍ന്നു നല്‍കിയിരുന്നത്. മനുഷ്യനിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്കാരമായി വിദ്യാഭ്യാസത്തെ നിര്‍വ്വചിച്ച സ്വാമി വിവേകാനന്ദന് ‘എന്റെ വിദ്യാഭ്യാസ ആദര്‍ശം ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണെന്നു’ പറഞ്ഞത് ഈ മഹത്വം തിരിച്ചറിഞ്ഞുകൊണ്ടാണ്.
എല്ലാ കര്‍മ്മങ്ങളും ഗുരുവിനെ സ്മരിച്ചുകൊണ്ട് ചെയ്യുന്നതാണ് നമ്മുടെ പാരമ്പര്യം. പ്രാചീന കവികളെല്ലാം അവരുടെ കൃതികള്‍ ഗുരുസ്മരണയോടെ ആരംഭിച്ചതായി കാണാം. ഗുരുവിന്റെ മഹത്വം ചൂണ്ടിക്കാണിക്കുന്ന ഒരു മനോഹര സന്ദര്‍ഭം രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്.
ദീര്‍ഘകാലത്തിനു ശേഷം തമ്മില്‍ കാണുന്ന ശ്രീകൃഷ്ണനും കുചേലനും സംഭാഷണം നടത്തുന്നത്, സാന്ദീപനി മഹര്‍ഷിയുടെ ഗുരുകുലത്തില്‍ ഒന്നിച്ചു കഴിഞ്ഞ നാളുകളെക്കുറിച്ചാണ്. ഒരിക്കല്‍ അവര്‍ കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയി. പെട്ടെന്ന് കാറ്റും മഴയും വന്നു. സമയം രാത്രിയായി. തിരിച്ചുവരാന്‍ കഴിയാതെ രാത്രി മുഴുവന്‍ കാട്ടില്‍ കഴിയേണ്ടിവന്നു.
നേരം പുലര്‍ന്നപ്പോള്‍ അവരെ കാണാതെ പരിഭ്രാന്തനായ ഗുരു അന്വേഷിച്ചു വരുന്നു. അവരെ കണ്ടതോടെ സംഭവിച്ചതെല്ലാം മനസ്സിലാക്കി അവരെ അനുഗ്രഹിക്കുന്ന കഥ.
വര്‍ണ്ണിച്ച ശേഷം കവി ഇങ്ങനെ പറയുന്നു ”നന്മ നമുക്കതേയുള്ളൂ. ഗുരുകടാക്ഷം കൂടാതെ ജന്മസാഫല്യം വരുമോ ജനിച്ചാലാര്‍ക്കും”
അനേകം ഗുരുപരമ്പരകള്‍ ഭാരതത്തില്‍ ഉണ്ടെങ്കിലും എല്ലാവരും ഗുരുപൂജയ്ക്ക് വേണ്ടി സ്വീകരിച്ചട്ടുള്ളത് ആഷാഢമാസത്തിലെ പൗര്‍ണ്ണമി ദിവസമാണ്. ഗുരുപൂര്‍ണ്ണിമ എന്നറിയപ്പെടുന്ന ഈ സുദിനമാണ് ഭഗവാന് വേദവ്യാസന് ശിഷ്യര്‍ക്ക് ഗുരുവിനെ പൂജിക്കുന്നതിനു വേണ്ടി നിശ്ചയിച്ചുകൊടുത്തത്. വ്യാസജയന്തിയായും ഈ ദിവസം അറിയപ്പെടുന്നുണ്ട്.
എല്ലാ പരമ്പരകളും ഗുരുപൂജയ്ക്ക് ഈ ദിനം തന്നെ തെരഞ്ഞെടുത്തത് വേദവ്യാസന് സമ്പൂര്‍ണ്ണ ഹിന്ദുസമാജത്തിലുമുള്ള സര്‍വ്വ സ്വീകാര്യതയെയാണ് കാണിക്കുന്നത്. വേദങ്ങളെ ഋക്ക്, യജുസ്സ്, സാമം, അഥര്‍വ്വം എന്നിങ്ങനെ നാലായി വിഭജിച്ചുകൊണ്ട് ഭാരതീയ സംസ്കാരത്തിന്റെ അസ്തിവാരം ഉറപ്പിച്ച വ്യക്തിയായി വേദവ്യാസനെ കണക്കാക്കുന്നു.
ലോകോത്തര ഇതിഹാസ കാവ്യമായ മഹാഭാരത്തിന്റെയും ഭക്തിസാഹിത്യത്തില്‍ ഉത്തുംഗപദമലങ്കരിക്കുന്ന ശ്രീമഹാഭാഗവതത്തിന്റെയും രചനയിലൂടെ വേദവ്യാസന് ലോകത്തിന്റെ മുഴുവന്‍ ഗുരുവായി, ‘വ്യാസോചഛിഷ്ടം ജഗത് സര്‍വ്വം’ എന്ന പ്രയോഗം ശരിവെയ്ക്കുന്നത്ര രചനകളാണ് അദ്ദേഹത്തില്‍ നിന്ന് ലോകത്തിന് കിട്ടിയത്.
രാഷ്ട്രീയസ്വയംസേവകസംഘം അതിന്റെ ശാഖകളില്‍ ആഘോഷിക്കുന്ന ആറ് ഉത്സവങ്ങളില്‍ ഒന്നാണ് ശ്രീ ഗൂരുപൂജ. വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്ര പുനര്‍നിര്‍മ്മാണം എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘം സനാതനധര്‍മ്മത്തിന്റെ ശാശ്വതമൂല്യങ്ങളെ യുവതലമുറയില്‍ സന്നിവേശിപ്പിക്കുന്നതിന് അതിന്റെ തുടക്കം മുതല്‍ പരിശ്രമിച്ചുപോന്നിട്ടുണ്ട്.
സംഘത്തില്‍ ശ്രീഗുരുപൂജാ ഉത്സവം ആരംഭിച്ച സമയത്തുതന്നെ സംഘത്തിന്റെ സവിശേഷമായ ഗുരുസങ്കല്പ്പവും സംഘസ്ഥാപകനായ ഡോക്ടര്‍ ഹെഡ് ഗെവാര്‍ സ്വയംസേവകരുടെ മുമ്പാകെ അവതരിപ്പിച്ചു. ഛത്രപതി ശിവാജിയെപ്പോലെ സംഘവും ഭഗവപതാകയെയാണ് ധ്വജമായി സ്വീകരിച്ചത്. ശൂന്യതയില്‍ നിന്ന് ഒരു വലിയ ഹിന്ദുസാമ്രാജ്യം കെട്ടിപ്പടുത്ത ശിവാജി ഒരുപുതിയ ധ്വജം സ്വീകരിക്കുന്നതിനുപകരം സഹസ്രാബ്ദങ്ങളായി ഭാരതത്തില്‍ നിലനിന്നുവന്ന, ഭാരതീയ സംസ്കാരത്തിന്റെ ഉജ്ജ്വല പ്രതീകമായ കാവിപതാകയെ ധ്വജമായി സ്വീകരിച്ചു.
അതുപോലെ സംഘത്തിന്റെയും ധ്വജമായി കാവി പതാക സ്വീകരിച്ചതോടൊപ്പം അതിനെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് ഡോക്ടര്‍ജി ഭഗവ പതാകയ്ക്ക് രാഷ്ട്ര ജീവിതത്തിലുള്ള സ്ഥാനം ഒന്നു കൂടി അരയ്ക്കിട്ടുറപ്പിച്ചു. സിക്ക് ധര്‍മ്മത്തിലെ പത്താമത്തെ ഗുരുവായ ഗുരുഗോവിന്ദസിംഹന്‍ വ്യക്തികളെ ഗുരുവായി സ്വീകരിക്കുന്ന പതിവ് നിര്‍ത്തി, ഗുരുഗ്രന്ഥസാഹിബിനെ സിക്ക് ധര്‍മ്മത്തിന്റെ ഗുരുവായി പ്രതിഷ്ഠിച്ചതു പോലെ ഡോക്ടര്‍ജിയും മഹത്തായ ഒരാദര്‍ശത്തിന്റെ പ്രതീകമായ ഭഗവപതാകയെ ഗുരുവായി പ്രതിഷ്ഠിച്ചതിലൂടെ ഗുരുസങ്കല്പത്തെ വ്യക്തിപരമായ ഒരു തലത്തില്‍ നിന്ന് സമാജികതലത്തിലേയ്ക്ക് ഉയര്‍ത്തുകയാണ് ചെയ്തത്
വ്യക്തി അപൂര്‍ണ്ണനാണെന്നും ആദര്‍ശത്തിനു മാത്രമേ എക്കാലത്തും വ്യക്തികള്‍ക്ക് പ്രേരണ നല്കാന് കഴിയുകയുള്ളൂവെന്നും ഡോക്ടര്‍ജി മനസ്സിലാക്കിയിരുന്നു. യജ്ഞത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ ഭഗവപതാകയ്ക്ക് മൗനത്തിന്റെ ഭാഷയിലൂടെ അനേകമായിരം വ്യക്തികളില്‍ ആദര്‍ശത്തിന്റെ അഗ്നിനാളങ്ങളെ അങ്കുരിപ്പിയ്ക്കാന് കഴിയുമെന്നതിന് സംഘത്തിന്റെ കഴിഞ്ഞ കാല ചരിത്രം സാക്ഷ്യം വഹിക്കുന്നു.
ഗുരുദക്ഷിണ ചെയ്യുന്നതിലൂടെയാണ് ഗുരുപൂജ പൂര്‍ണ്ണമാകുന്നത്. തനിക്കുള്ളതെല്ലാം സമര്‍പ്പിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്ക് ഒരു മഹത്തായ ആദര്‍ശത്തിന്റെ ഭാഗമായിത്തീരാന്‍ കഴിയുകയുള്ളൂ. ത്യാഗവും സമര്‍പ്പണവും ആദര്‍ശമായുള്ള ഭാരതത്തില്‍ യുവതലമുറയില്‍ ഇവ വളര്‍ത്തിയെടുക്കാന്‍ ഫലപ്രദമായ പദ്ധതികളൊന്നും ആധുനിക കാലഘട്ടത്തില്‍ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് ഡോക്ടര്‍ജി ഗുരുവായ ഭഗവധ്വജത്തിനു മുന്നില്‍ വര്‍ഷത്തിലൊരിക്കല്‍ ഗുരുദക്ഷിണചെയ്യുന്ന പതിവ് ആരംഭിച്ചത്.
ഇതിലൂടെ സ്വയംസേവകരിലും അവരിലൂടെ സമാജത്തിലും സമര്‍പ്പണ മനോഭാവം വളര്‍ത്താനുള്ള പദ്ധതി ഡോക്ടര്‍ജി നടപ്പിലാക്കി. സമാജത്തില്‍ നിന്ന് എത്രത്തോളം സ്വന്തമാക്കാന്‍ കഴിയുമെന്ന സ്വാര്‍ത്ഥ ചിന്തയ്ക്കു പകരം സമാജത്തില്‍ നിന്ന് എത്ര കുറച്ചു മാത്രം എടുത്തു എനിക്കു ജീവിക്കാന്‍ കഴിയുമെന്നും എത്രത്തോളം സമാജത്തിനു തിരിച്ചു കൊടുക്കാന്‍ കഴിയുമെന്നുള്ള നിസ്വാര്‍ത്ഥ ചിന്തയിലേക്ക് വ്യക്തികളെ വളര്‍ത്താന്‍ കഴിയുന്നു എന്നതാണ് ശ്രീ ഗുരുദക്ഷിണാ സമ്പ്രദായത്തിന്റെ പ്രധാന സവിശേഷത.
പ്രാചീനകാലം മുതല്‍ ലോകഗുരുവെന്ന സ്ഥാനമാണ് ഭാരതത്തിനുള്ളത്. മഹത്തായ ഭാരതീയ സംസ്കാരത്തെ ജീവിതത്തില്‍ പകര്‍ത്തി ലോകത്തിനു മുഴുവന്‍ വെളിച്ചം പകര്‍ന്നുകൊടുത്ത ഗുരുക്കന്മാരാണ് ഭാരതത്തിന് ഈ സ്ഥാനം നേടിക്കൊടുക്കാന്‍ ഇടയാക്കിയിട്ടുള്ളത്.
ഹിന്ദുസമാജത്തിന്റെ സമ്പൂര്‍ണ്ണ സംഘടിതാവസ്ഥയിലൂടെ ഭാരതത്തിന്റെ പരമവൈഭവം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘവും ഭാരതത്തെ ലോകഗുരുസ്ഥാനത്തു വീണ്ടും പ്രതിഷ്ഠിക്കുന്നതിനുള്ള പരിശ്രമമാണ് നടത്തി വരുന്നത്.
മഹത്തായ ഹിന്ദുസംസ്കാരത്തിന്റെ സവിശേഷതകള്‍ ഓരോ വ്യക്തിയിലും കുടുംബത്തിലും പ്രകടമാകുന്നതുവഴി മാത്രമേ ഈ ലക്ഷ്യം നേടാന്‍ കഴിയൂ. ഉദാത്തമായ സംസ്കാരത്തെ നശിപ്പിക്കുന്ന തരത്തിലുള്ള പല ഛിദ്രവാസനകളും ആധുനികതയുടെ പേരില്‍ വ്യക്തികളെയും കുടുംബങ്ങളെയും തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സനാതനമൂല്യങ്ങളുടെ പ്രഭവകേന്ദ്രമായ ഗുരുസങ്കല്പത്തിന് ഏറെ പ്രസക്തിയുണ്ട്.
ഫോണ്‍: 9495565251
പ്രതികരിക്കാൻ ഇവിടെ എഴുതുക: