സെല്‍ഫിക്കാര്‍ സൂക്ഷിച്ചുകൊള്ളുക. അതൊരു രസമായി മുഖപുസ്തകത്തിലും വാട്സാപ്പിലും പോസ്റ്റുന്നവര്‍ ഇക്കാര്യത്തില്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ സംഗതി പ്രശ്നമാകാനുള്ള സാധ്യത ഏറെയാണ്. പാവം, ധര്മ്മജന് ബോള്ഗാട്ടിപോലും പെട്ടിരിക്കുകയാണ്. ധര്‍മ്മജന്റെ തോളത്ത് കൈയിട്ട് നില്ക്കുന്ന പള്‍സര്‍ സുനിയുടെ ചിത്രം കണ്ടതോടെ രണ്ടു ചോദ്യം ടിയാനോടും ചോദിച്ചേക്കാം എന്നായി പോലീസ്. ഒന്നുമില്ലെങ്കിലും ചോദ്യം ചോദ്യം തന്നെ. വല്ല ചരിത്രപരമായ കാര്യത്തിനാണ് ചോദ്യമെങ്കില്‍ അതൊരു അഭിമാനമായേനെ. എന്നാല്‍ വെള്ളിവെളിച്ചത്തിലെ സുന്ദര നക്ഷത്രത്തെ ഓടുന്ന കാറില്‍ എന്തൊക്കെയോ ചെയ്തതിനെതുടര്‍ന്നാണ് ചോദ്യവും ഉത്തരവും നൂലാമാലകളും.
മേപ്പടി സംഭവം പഴയ പല സംഭവങ്ങളും പോലെ തേഞ്ഞുമാഞ്ഞുപോകേണ്ടതായിരുന്നു. എന്നാല്‍ ഒരു സെല്‍ഫി വല്ലാത്ത ചെയ്ത്താണ് ചെയ്തത്. ആ സെല്‍ഫിയുടെ ഉള്ളറകളിലൂടെ യാത്ര തുടര്‍ന്നപ്പോള്‍ വമ്പന്‍ സ്രാവുകള്‍ വിഴുങ്ങിയ എത്രയെത്ര ഇരകളാണ് പുറത്തുവരുന്നത്. അല്ലെങ്കിലും ഏതു കേസിലും തെളിവിന്റെ ഒരു കച്ചിത്തുരുമ്പ് അവശേഷിച്ചിരിക്കും എന്നല്ലേ പറയാറ്. ഇവിടെയും അങ്ങനെ തന്നെ. ആയതിനാല്‍ ബഹുമാനിതരേ സെല്‍ഫി പ്രിയം തല്ക്കാലം ഉപേക്ഷിക്കുന്നതാണ് നന്ന്. എന്തിന് വയ്യാവേലികളില്‍ തട്ടി വീഴണം.
***** ***** *****
വെള്ളിവെളിച്ചത്തിലെ കഥകള്‍ ഏതായാലും കേള്‍ക്കാനും രസിക്കാനും വകുപ്പുള്ളതാണ്. ഇത്തരമൊരു കേസ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏതെങ്കിലും ടിയാന്റെ പേരിലായിരുന്നെങ്കില്‍ സ്ഥിതിയെന്താവുമായിരുന്നു? ആലോചിച്ചുനോക്കിന്‍. രാത്രിക്കുരാത്രി പിടിച്ചുകൊണ്ടുപോയി എല്ല് വെള്ളമാക്കില്ലായിരുന്നോ? കേസ് വെള്ളിവെളിച്ചത്തിലെ ചിലരുടെ നേരെയായപ്പോള്‍ പൊലീസുദ്യോഗസ്ഥര്‍ യോഗം ചേരുന്നു, തലനാരിഴ കീറി രേഖകള്‍ പരിശോധിക്കുന്നു. അറസ്റ്റ് വേണോ എന്നതിനെക്കുറിച്ച് വിദഗ്ധ പാനലിന്റെ ചര്‍ച്ച. ഇതല്ലേ തമ്പുരാനേ എല്ലാം ശരിയാക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ അസാമാന്യമായ നടപടികള്‍. അടുത്ത ജന്മത്തില് ഇമ്മാതിരി വെള്ളിവെളിച്ചത്തിന്റെ അടുത്തെങ്ങാനും ഇരിപ്പിടം കിട്ടാനുള്ള വിദ്യകള്‍ ഇപ്പോഴേ തുടങ്ങിവെക്കുക.
ദൈവത്തിന്റെ കൈയില്‍ നിന്ന് ഒരു ലോണുമെടുത്താണ് ഓരോരുത്തരും ഭൂമിയിലേക്ക് വരുന്നതെന്ന് നേരത്തെ നമ്മുടെ കുമാരേട്ടന് പറഞ്ഞിരുന്നല്ലോ. ആ ലോണ്‍ തിരിച്ചടയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളിലല്ല ആളുകള്‍ക്ക് താല്‍പ്പര്യമെന്നാണ് അടുത്തിടെയുള്ള സംഭവഗതികള്‍ കാണിക്കുന്നത്. എല്ലാവരും അത് പെരുങ്കടമാക്കുകയാണ്. സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശ കൊണ്ട് ജീവിക്കാന്‍ ശ്രമിച്ചാല്‍ പ്രതിസന്ധിയൊക്കെ അകന്നുപോകും. ഇനിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും അങ്ങനെയാകട്ടെ. ഇല്ലെങ്കില്‍ തലമുറകളോളം ലോണടയ്ക്കാന്‍ പെടാപ്പാട് പെടേണ്ടിവരും. വെള്ളിവെളിച്ചക്കാരായാലും ദൈവത്തിന്റെ ഇടനിലക്കാരായാലും ഇക്കാര്യത്തില്‍ ഇളവുണ്ടാകാന്‍ തരമില്ല.
***** ***** *****
അമ്മയെക്കുറിച്ച് പറയുമ്പോള്‍ കാലികവട്ടത്തിന് ആയിരം നാവാണെന്നാണ് പൊതുവെയുള്ള പരാതി. പ്രഗല്ഭനായ ഒരഭിഭാഷകന് ഇടക്കിടെ അതു സൂചിപ്പിച്ച് തമാശ പറയാറുമുണ്ട്. വെള്ളിവെളിച്ചത്തിലെ വിദ്വാന്മാരുടെ സംഘടനയുടെ പേര് അമ്മയായത് അമ്മസങ്കല്പ്പത്തിന് തന്നെ ഇടിവു തട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. മക്കളെ സംരക്ഷിച്ചു വളര്‍ത്തുന്നതില്‍ അമ്മയോളം വരില്ല ലോകത്ത് മറ്റൊന്നും എന്നു തന്നെ ഇപ്പോഴും ഉറച്ചുവിശ്വസിക്കുന്നുവെങ്കിലും അച്ഛന്മാരുടെ വിയര്‍പ്പിലും കണ്ണീരിലും അമ്മ മനസ്സ് തുടിക്കുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല. രണ്ട് പിതാക്കളുടെ നൊമ്പരമുണര്‍ത്തുന്ന രണ്ട് സംഭവങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. മക്കളെ പൊന്നുപോലെ വളര്‍ത്താന്‍ പെടാപ്പാട് പെട്ട രണ്ടു പിതാക്കന്മാര്.
ഒരാള്‍ അങ്ങ് തെക്ക് മൂലമറ്റത്ത്. അടുത്തയാള്‍ ഇങ്ങ് കുന്നംകുളത്ത്. മൂലമറ്റത്തെ കുളമാവ് പുതുപ്പറമ്പില്‍ അനില്‍കുമാര്‍ സാമ്പത്തികമായി അത്ര മുമ്പന്തിയിലായിരുന്നില്ല. എന്നിട്ടും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകള്‍ അനഘക്ക് ഒരു സ്വര്‍ണക്കൊലുസ് വാങ്ങിച്ചുകൊടുത്തു. കടുത്ത ബുദ്ധിമുട്ടുവന്നപ്പോള്‍ അയാള്‍ അത് പണയം വെച്ചു. മകള്‍ ഏറെ പരിഭവിച്ചു. വൈകാതെ തിരിച്ചുവാങ്ങാം എന്ന് അനില്‍കുമാര്‍ മകള്‍ക്ക് ഉറപ്പുകൊടുത്തു. മകളുടെ മറ്റൊരാഗ്രഹം പണമുണ്ടാവുമ്പോള്‍ അച്ഛന് ബ്രാന്‍ഡഡ് ഷര്ട്ടിടണമെന്നതായിരുന്നു. പക്ഷെ വിധി മറിച്ചായി.
സ്കൂളില്‍ നിന്നു വരുമ്പോള്‍ ഒരു ടിപ്പറിടിച്ച് അനഘ അന്ത്യയാത്രയായി. ആശുപത്രിയില്‍ ജിവിതവും മരണവും തമ്മില്‍ കണ്ണുപൊത്തിക്കളിക്കുമ്പോള്‍ അനില്‍ മകളുടെ ആഗ്രഹങ്ങള്‍ ഓര്‍ത്തു. ഇനി തിരിച്ചുവരാന്‍ സാധ്യതയില്ലെന്ന് വിങ്ങലോടെ ഡോക്ടര്‍മാര്‍ അറിയിച്ചയുടനെ തന്റെ സുഹൃത്തിനെ അനില്‍ വിളിച്ചു. പണം കടംവാങ്ങി സ്വര്‍ണ്ണക്കൊലുസ് എടുപ്പിച്ചു. മകളുടെ ഭൗതികദേഹം ചിതയിലേക്കെടുക്കും മുമ്പ് വിറയ്ക്കുന്ന കൈകളോടെ ആ സ്വര്‍ണക്കൊലുസ് നിശ്ചലമായ കാലുകളില്‍ അണിയിച്ചു. തിങ്ങിക്കൂടിയ മുഴുവന്‍ പേരെയും കണ്ണീരിലാഴ്ത്തുന്നതായിരുന്നു അത്. മാത്രമല്ല, മോളുടെ ആഗ്രഹം പോലെ വിലകൂടിയ ഷര്‍ട്ടാണ് അനില്‍ അപ്പോള്‍ ധരിച്ചിരുന്നത്.
ജീവിതത്തിന്റെ തീര്ഥയാത്രയില് അച്ഛനൊപ്പം കൈകൊട്ടിച്ചിരിച്ചാര്ത്ത് നടക്കാന്‍ മോഹിച്ച ആ മകളുടെ ആത്മാവ് അതൊക്കെ കണ്ട് നിര്‍വൃതിയടഞ്ഞിരിക്കാം. 2016 ക്രിസ്മസ് ദിനത്തില്‍ നടന്ന ആ സംഭവത്തിന് മാതൃഭൂമി നല്കിയ തലക്കെട്ട് ഇങ്ങനെ: പൊന്നുമോളറിയുന്നുണ്ടോ…….. അച്ഛന് വാഗ്ദാനം നിറവേറ്റി. കുന്നംകുളം തെക്കെപ്പുറത്തെ സ്വര്‍ഗീയ മാടമ്പി ഇപ്പോള്‍ മറുലോകത്ത് നിന്ന് ആഹ്ലാദിക്കുന്നത് മകള്‍ ഡോക്ടറേറ്റ് നേടിയതറിഞ്ഞാവും. പട്ടിണിയും പരിവട്ടവുമായിരുന്നെങ്കിലും പെണ്മക്കളെ പഠിപ്പിച്ച് ഉന്നത നിലയിലെത്തിക്കാന്‍ അദ്ദേഹം അക്ഷീണപരിശ്രമത്തിലായിരുന്നു. ഇതിനദ്ദേഹം ഒട്ടേറെ പരിഹാസത്തിനും പാത്രമായി. എന്തിനാടോ, തന്റെ മക്കളെന്താ പഠിച്ച് ഡോക്ടറേറ്റ് എടുക്കാന്‍ പോണുണ്ടോ? എന്നായിരുന്നു പരിഹാസ ചോദ്യം. ഒടുവില്‍ മകള്‍ പ്രീതി ഇതാ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിരിക്കുന്നു.
പ്രീതി തന്നെയാണ് ഫേസ്ബുക്കില്‍ അച്ഛന്റെ ഇച്ഛാശക്തിയും പരിശ്രമവും ആഗ്രഹവും എങ്ങനെയാണ് കരുത്തും കരുതിവെപ്പും നല്‍കിയതെന്ന് കുറിച്ചത്. അതില്‍ നിന്ന് നാലുവരി കണ്ടാലും: വലതു തോളില്‍ കൈക്കോട്ടും ഇടതു കയ്യില്‍ ഒഴിഞ്ഞ വെള്ളക്കുപ്പിയും വെട്ടുകത്തിയും വെച്ച മുഷിഞ്ഞ പ്ലാസ്റ്റിക് കൂടുമായി വിയര്‍ത്തു ചെളിപറ്റിയ ചുവന്ന തോര്‍ത്തുമുണ്ട് മാത്രമുടുത്ത് വൈകുന്നേരം വീട്ടില്‍ കേറിവന്നിരുന്ന ഒരു മനുഷ്യരൂപമുണ്ട്.
കയ്യില്‍ ചുരുട്ടിപ്പിടിച്ച നനഞ്ഞ 150 രൂപ മുറ്റത്തു കളിക്കുന്ന എന്റെ കയ്യില്‍ തന്നിട്ടു പറയും ” കൊണ്ടുപോയി അച്ഛന്റെ പേഴ്സില്‍ വെയ്ക്ക്” ആ നോട്ടില്‍ പിതൃസ്നേഹത്തിന്റെ വാത്സല്യവും ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഒടുവില്‍, പരിഹസിച്ചവരുടെയൊക്കെ മുഖത്തു നോക്കി അഭിമാനത്തോടെ മകളുടെ കൈപിടിച്ച് ആ അച്ഛന് നടക്കാനായില്ലെങ്കിലും മകള്‍ അച്ഛന്റെ ആത്മാവ് ഹൃദയത്തില്‍ പേറി പടവുകള്‍ ഒന്നൊന്നായി കയറുകയാണ്. ഫേസ്ബുക്കിന്റെ പശ്ചാത്തലത്തില്‍ ഈ വാര്‍ത്ത നല്കിയ മലയാള മനോരമ മധുരനൊമ്പരമുണര്‍ത്തുന്ന തലക്കെട്ടാണ് നല്‍കിയിരിക്കുന്നത്. ഇതാ: പോയി പറയച്ഛാ…. എല്ലാവരോടും അച്ഛന്റെ മോള് ഡോക്ടറായെന്ന്.
***** ***** *****
ഇന്ദിരയെന്നാല്‍ ഇന്ത്യ, ഇന്ത്യയെന്നാല്‍ ഇന്ദിര എന്നായിരുന്നുല്ലോ. ഈ ഇന്ദിര ഇന്ത്യയെ എങ്ങനെ സ്നേഹിച്ചു എന്നറിയാന്‍ 1975 ജൂണ്‍ 25 മുതലുള്ള 21 മാസം നമ്മുടെ ചരിത്രത്തില്‍ നിലവിളിച്ചു കിടക്കുന്നുണ്ട്. ആ നിലവിളിയുടെ മാറ്റൊലി മാതൃഭൂമി ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ച അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ അടിയന്തരാവസ്ഥ: ഇരുട്ടിന്റെ നിലവിളികളിലുണ്ട്. ഇന്ദിരയ്ക്കു ശേഷം രാജീവായി. അതില്‍ പിന്നെ അത്തരം പാരമ്പര്യത്തിന് ദൈവഗത്യാ അവസരം കിട്ടിയില്ല.
തക്കം പാര്‍ത്തു നടക്കുന്ന മധ്യകോമളന് ഇടയ്ക്കിടെ സുഖവാസവും ധ്യാനവും കൂടി മനസ്സു നന്നാക്കുന്നുണ്ട്. എന്തായാലും ഈ പാരമ്പര്യത്തിന് തുടക്കമിട്ട പണ്ഡിറ്റ് നെഹ്റുജിയെ ആരോര്‍ക്കുന്നു. എന്നാല്‍ അദ്ദേഹത്തെ ഊണിലും ഉറക്കിലും സ്മരിക്കുന്ന ഒരു നേതാവുണ്ട്. അദ്യത്തിന്റെ നല്ല പേര് സുധാകരന്. ആ സുധാകരന്‍ജി നെഹ്റു ഗ്രൂപ്പിനെ രക്ഷിക്കാന്‍ നട്ടപ്പാതിരക്ക് ഫോണ്‍ കിട്ടിയപാടെ ഇറങ്ങിയോടി. നെഹ്റു കുടുംബത്തോട് ടിയാനുള്ള സ്നേഹം എത്രയെന്ന് പറഞ്ഞറിയിക്കാവതല്ല. അതുകൊണ്ട് തന്നെ നെഹ്റു എന്ന പേരില്‍ എന്തു കണ്ടാലും എഴുന്നേറ്റ് നിന്ന് സല്യൂട്ട് അടിക്കും, എന്തും ചെയ്യും. ഈ നെഹ്റു ആരാധകനെതിരെ കോണ്‍ഗ്രസ് പടയൊരുക്കം നടത്തുന്നത് ശരിയോ, നിങ്ങ പറയിന്‍!
***** ***** *****
നിര്‍ത്താന്‍ നേരമായി. എത്രയാ ഇങ്ങനെ ബോറടിപ്പിക്കുക, അല്ലേ.. സിനിമയിലെ അമ്മയുടെ സ്വഭാവം മാറുമ്പോള്‍ ജീവിതത്തിലെ അച്ഛന്മാര്ക്ക് കൂടുതല്‍ മാതൃസ്നേഹം ഉണ്ടാവുകയാണെന്ന് മൂലമറ്റത്തെ അനില്‍കുമാറും കുന്നംകുളത്തെ സ്വര്‍ഗീയ മാടമ്പിയും നമുക്ക് കാണിച്ചുതരുന്നു. സിനിമയിലെ ‘അമ്മ’ എങ്ങനെ മാറിയെന്ന് നാലു വരയില്‍ ഇതാ ഗോപീകൃഷ്ണന് കാണിച്ചുതരുന്നു. പെരുമഴയില്‍ കട്ടനുമടിച്ച് കരിമ്പടത്തിനുള്ളില് കിടക്കുമ്പോള്‍ ആലോചിക്കാന്‍ ഇനിയും കുറെ കാര്യങ്ങളുണ്ട്. അത് ഒത്താല്‍ അടുത്താഴ്ച.
വഴിമാറ്റം
ഇനി മുതല്‍ എല്‍പി ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള പരീക്ഷകളുടെ ചോദ്യപേപ്പര്‍ തൃശൂര്‍ പൊലീസ് അക്കാദമി തയാറാക്കും എന്ന് പറയാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: