പട്ടാളച്ചിട്ട ജീവിതത്തിനുമാത്രമല്ല കാണുന്നതിനും തൊടുന്നതിനുമൊക്കെ അത്തരക്കാര്‍ക്ക് ഉണ്ടാകും. അതൊരു അനുഷ്ഠാനം കൂടിയാണ്. കോവിലന്റെ ചിന്തയ്ക്കും എഴുത്തിനുമുണ്ട് ഇത്തരമൊരു അനുഷ്ഠാനം. ചിട്ടകൊണ്ട് കാച്ചിക്കുറുക്കിയെടുത്തതാണ് കോവിന്റെ ഭാഷ. അതൊരു ശില്പ്പിയുടെ പണിത്തരം പോലെയാണ്.
പട്ടാളക്കഥാകാരനെന്നു കോവിലനെ വിശേഷിപ്പിക്കുമ്പോഴും അതിനപ്പുറവും കൂടിയാണ് ഈ എഴുത്തുകാരന്. ജീവിതത്തോടും ആശയങ്ങളോടും ഒരു പട്ടാളക്കാരന്റെ നിശിതമായ നിരീക്ഷണമാണ് എഴുത്തുകാരന് എന്നനിലയില്‍ കോവിലന് പുലര്‍ത്തുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ച്ചകളേയും മരണം,വേദന,അതിജീവനം തുടങ്ങിയ മനുഷ്യാസ്തിത്വത്തോടു ചേര്‍ന്നു നില്ക്കുന്ന അവസ്ഥകളെയും സധൈര്യം നേരിടുന്ന മാനസികാവസ്ഥകളുണ്ട് കോവിലന് രചനകളില്‍.
കാലാവസ്ഥകളോടും പ്രകൃതിയോടു തന്നെയും കലഹിച്ചും അനുസരിച്ചും ഹിമാലയത്തിന്റെ ഉയര്‍ച്ചയും താഴ്ച്ചയും കയറിയും ഇറങ്ങിയും മഞ്ഞു നനവുമൊക്കെ അനുഭവിച്ചതിന്റെ ചൂടും നെരിപ്പുമൊക്കെ കോവിലന് കഥകളുടേയും നോവലുകളുടേയും പശ്ചാത്തലമായും കഥാപാത്രങ്ങളുടെ ജീവിതത്തിലും സ്വഭാവത്തിലും വീണു കിടക്കുന്നതായും കാണാം.
ഹിമാലയം, താഴ് വരകള്‍ എന്നീ നോവലുകളില്‍ ഇത്തരം പരാഗരേണുക്കളുണ്ട്. പ്രകൃതി ഒരുക്കുന്ന കളിത്തട്ടില്‍ അഭിരമിക്കുന്നത് ഈ എഴുത്തുകാരന്റെ ശീലങ്ങളാണ്. മനുഷ്യജീവിതത്തെ തന്നെ വഴിമാറ്റുന്ന രാസത്വരകമായി പ്രകൃതിമാറുന്നത് കോവിന്റെ സൃഷ്ടികളിലുണ്ട്. അഞ്ചു വര്‍ഷം ഹിമാലയത്തില്‍ ജീവിച്ച അദ്ദേഹത്തിന് പ്രകൃതിയുടെ മാറ്റം മറിച്ചിലകള് മനുഷ്യനെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായും അറിയാം. ഇതിന്റെ ഒഴിയാബാധപോലെ ഹിമാലയം,ഭരതന് തുടങ്ങി നോവലുകളില്‍ മിസ്റ്റിക് ഭാവം കാണാം.
പരുപരുത്ത ഗ്രാമീണതയാണ് കോവിലന്റെ കൃതികളിലുള്ളത്. അനുഭവിച്ച ജീവിതത്തിന്റെ പൗരുഷക്കൂട്ടുകളില് നിന്നാവണം ഇത്തരം ചേരുവകള്‍ വന്നുപോയത്. തോറ്റങ്ങളിലേയും തട്ടകത്തിലേയും ജീവിതങ്ങളില്‍ ഇതുണ്ട്. തനിക്ക് അത്യന്തം പരിചയമുള്ള ചുറ്റുപാടുകളില്‍ നിറഞ്ഞ് എഴുതിയതുകൊണ്ട് തട്ടകം എന്ന നോവല്‍ എഴുത്തിന്റെയും കൂടി തട്ടകമായി മാറുന്നുണ്ട് . കോവിലന്റെ മാസ്റ്റര്‍ പീസായി കാണുന്ന രചനകൂടിയാണിത്.
പട്ടാളക്കാരനും സ്വാതന്ത്യസമര സേനാനിയും ആയതുകൊണ്ട് ധാര്മികബോധത്തിന്റെ ഛായകള്‍ അനവരതം കോവിലന് കൃതികളില്‍ അടിയൊഴുക്കായിത്തീരുന്നുണ്ട്. 11 നോവലുകളും 10 കഥാസമാഹാരവും ഒരു നാടകവും മൂന്നു ലേഖന പുസ്തകങ്ങളുമാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍. 1923 ജൂലൈ 9നു ഗുരുവായൂരില്‍ ജനിച്ച കോവിലന് 2010 ല്‍ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: