സ്വന്തം ലേഖകന്‍
പത്തനാപുരം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കുന്നിക്കോട് പോലീസ് സ്റ്റേഷന്‍. സ്റ്റേഷന്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത് ഇവിടെ എത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സമീപത്തെ പഞ്ചായത്ത് മാര്‍ക്കറ്റിലും വാഹനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് നവീകരണവുമായ ബന്ധപ്പെട്ട് ഇത് നീക്കം ചെയ്തു. കാലപഴക്കം കാരണം തകര്‍ന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ പല സ്ഥലങ്ങളിലായി ചിതറി കിടക്കുകയാണ്. വാഹനങ്ങള്‍ക്ക് മുകളിലൂടെ കാടുകയറി കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. പട്ടാഴി, തലവൂര്‍, വിളക്കുടി, മേലില, വെട്ടിക്കവല പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പോലീസ് സ്റ്റേഷന്‍. ഇവിടെ നിന്നും നിരവധിയാളുകളാണ് ദിവസേന സ്റ്റേഷനില്‍ എത്തുന്നത്.
സ്റ്റേഷനിലെത്തുന്ന ആവശ്യക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും പാതയോരത്താണ് പാര്‍ക്ക് ചെയ്യുന്നത്. വാഹനങ്ങള്‍ നിറഞ്ഞതിനാല്‍ സ്റ്റേഷനിലെ കിണര്‍, കുടിവെള്ളടാങ്ക്, ടോയിലറ്റുകള്‍ എന്നിവ സംരക്ഷിക്കാനോ ശുചീകരിക്കാനോ കഴിയാറില്ല. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വാഹനം ഉടമയ്‌ക്ക് മടക്കി കൊടുക്കാം. അപകടസംബന്ധമായ കേസുകളാണെങ്കില്‍ വിധി പൂര്‍ണ്ണമായാല്‍ കോടതി വഴി ഉടമക്ക് വാഹനം തിരികെ ലഭിക്കും. എന്നാല്‍ വാഹനങ്ങള്‍ പലപ്പോഴും തിരിച്ചെടുക്കാന്‍ ഉടമകള്‍ വരാറില്ല. ഇതുകാരണം സ്റ്റേഷന്‍പരിസരങ്ങളില്‍ ഇവ കൂടികിടക്കുകയാണ് പതിവ്. പഴക്കം ചെന്ന വാഹനങ്ങള്‍ നിശ്ചിത കാലയളവിനുള്ളില്‍ ലേലം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കുന്നിക്കോട്, പത്തനാപുരം സ്റ്റേഷനുകളില്‍ ലേലം നടന്നിട്ട് തന്നെ വര്‍ഷങ്ങളാകുന്നു. പരിമിതമായ സ്ഥലത്തിനുള്ളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിറഞ്ഞതോടെ ഏറെ ദുരിതത്തിലാണ് കുന്നിക്കോട് പോലീസ് സ്റ്റേഷന്‍.
















